വാഷിങ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്ത്രീകളുടെ ഫോട്ടോകളില്‍നിന്ന് വസ്ത്രങ്ങള്‍ ഉരിഞ്ഞ് നഗ്‌നരാക്കി കാട്ടുന്ന ആപ്പുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും ജനപ്രീതി കൂടുന്നതായി ഗവേഷകര്‍. സ്ത്രീകളുടെ ഫോട്ടോകളില്‍നിന്ന് അവരുടെ വസ്ത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ആപ്പുകളാണ് ഇവ.
സെപ്റ്റംബറില്‍ മാത്രം 24 ദശലക്ഷം ആളുകളാണ് ഇത്തരത്തിലുള്ള ‘വസ്ത്രമുരിയല്‍’ വെബ്‌സൈറ്റുകളില്‍ സന്ദര്‍ശനം നടത്തിയതെന്നാണ് സോഷ്യല്‍ നെറ്റ്വര്‍ക് അനാലിസിസ് കമ്പനിയായ ഗ്രാഫിക്കയുടെ റിപ്പോര്‍ട്ട്. എഐയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന ഡീപ് ഫെയ്ക് ഫോട്ടോകള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ കാണിക്കുന്ന ഇത്തരം വെബ്‌സൈറ്റുകളുടെ മാര്‍ക്കറ്റിങ് ജനപ്രിയ സമൂഹമാധ്യമങ്ങളിലൂടെയാണെന്നും ഗ്രാഫിക്ക അറിയിച്ചു. ഈ വര്‍ഷം ആദ്യം മുതല്‍ ഇത്തര ആപ്പുകളുടെ പരസ്യ ലിങ്കുകളുടെഎണ്ണം സമൂഹമാധ്യമത്തില്‍ 2400 ശതമാനത്തിലധികം വര്‍ധിച്ചതായി ഗ്രാഫിക്ക ചൂണ്ടിക്കാട്ടി. എക്‌സ്, റെഡിറ്റ് എന്നീ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ലിങ്കുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രചാരണം മാത്രമല്ല ഈ ആപ്പുകള്‍ പണം വാങ്ങി നല്‍കുന്ന സേവനങ്ങള്‍ വാങ്ങാനും ആളുണ്ട്. ഈ ആപ്പുകളില്‍ പ്രവേശിക്കുന്ന ആളുകള്‍ ഒരു മാസം 9.99 ഡോളര്‍ ഈടാക്കുന്ന സേവനങ്ങള്‍ വാങ്ങാനും വന്‍ തിരക്കാണ്. ഒരു ദിവസം ആയിരത്തോളം ഉപയോക്താക്കള്‍ തങ്ങള്‍ക്ക് ഉണ്ടെന്നാണ് ഇത്തരത്തില്‍ ഒരു വെബ്‌സൈറ്റ് അറിയിച്ചതെന്നും ഗ്രാഫിക്ക പറയുന്നു.
സമൂഹമാധ്യമങ്ങളില്‍നിന്നും മറ്റും ചിത്രങ്ങളെടുത്ത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകളെ നഗ്‌നരാക്കി പുനസൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കൂടുതലും സ്ത്രീകളാണ് ഇരകളാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഡീപ് ഫെയ്ക് പോണോഗ്രഫി എന്ന് ഇത് അറിയപ്പെടുന്നതായും ഇവര്‍ അഭിപ്രായപ്പെട്ടു. ‘യാഥാര്‍ഥ്യമെന്നു തോന്നിക്കുന്നത് സൃഷ്ടിക്കാന്‍ കഴിയും’ എന്നാണ് ഗ്രാഫിക്ക പറയുന്നത്.
എക്‌സ് പ്ലാറ്റ്‌ഫോമില്‍ വന്നൊരു പരസ്യത്തെ കുറിച്ച് ഗ്രാഫിക്ക വിശദീകരിക്കുന്നത് ഇങ്ങനെ: നിങ്ങള്‍ക്ക് ഈ ആപ്പ് ഉപയോഗിച്ച് ഏതൊരാളുടെയും നഗ്‌നചിത്രം സൃഷ്ടിച്ച് അത് അവര്‍ക്കു തന്നെ അയച്ചുകൊടുക്കാനാകും. അതുവഴി അവരെ ഭീഷണിപ്പെടുത്താനാകുമെന്നും അവര്‍ പറഞ്ഞുവയ്ക്കുന്നു. യുട്യൂബില്‍ ഇത്തരത്തില്‍ ഒരു ആപ്പ് പെയ്ഡ് പ്രമോഷന്‍ നല്‍കുന്നുണ്ട്. ‘ന്യൂഡിഫൈ’ എന്ന് തിരയുമ്പോള്‍ ആദ്യം എത്തുന്നതും ഈ ആപ്പിന്റെ പരസ്യമാണ്.
അതേസമയം ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം അടങ്ങുന്ന പരസ്യങ്ങള്‍ നല്‍കാറില്ലെന്നാണ് ഗൂഗിളിന്റെ വക്താവ് അറിയിച്ചു. ‘നിങ്ങളുടെ പറഞ്ഞത് അനുസരിച്ച് അത്തരം പരസ്യങ്ങള്‍ പരിശോധിച്ചെന്നും അവ നീക്കം ചെയ്യുമെന്നും’ ഗൂഗിള്‍ അറിയിച്ചതായും ഗ്രാഫിക്ക പറഞ്ഞു. റെഡിറ്റും ഇതേ അഭിപ്രായം അറിയിച്ചപ്പോള്‍ എക്‌സ് പ്രതികരിച്ചിട്ടില്ലെന്നും ഗ്രാഫിക്ക പറഞ്ഞു.
സെലിബ്രിറ്റികളുടെ ഡീപ് ഫെയ്ക് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സാധാരണക്കാര്‍ തങ്ങളുടെ എതിരാളികളെ ഭീഷണിപ്പെടുത്തുന്നതിനായും ഇത്തരം ആപ്പുകളുടെ സേവനം കൂടുതലായി ഉപയോഗിക്കുന്നെന്നും ഹൈസ്‌കൂള്‍ കുട്ടികളിലും കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലും ഇത് സുലഭമാണെന്നും ഗ്രാഫിക്ക ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇത്തരം ആപ്പുകളെ നിരോധിക്കുന്ന പ്രത്യേക നിയമങ്ങളൊന്നും രാജ്യാന്തര തലത്തില്‍ ഇന്ന് നിലവിലില്ല. അതേസമയം പ്രായപൂര്‍ത്തിയാകാത്തവരുടെ ഇത്തരം ചിത്രങ്ങള്‍ നിര്‍മിക്കുന്ന് യുഎസ് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. നവംബറില്‍ ഇത്തരത്തിലുള്ള ആപ്പ് ഉപയോഗിച്ച് തന്റെ അടുത്തെത്തിയ നാല്‍പതോളം രോഗികളുടെ നഗ്‌ന ചിത്രങ്ങള്‍ സൃഷ്ടിച്ച കുട്ടികളുടെ സൈക്യാര്‍ട്ടിസ്റ്റിനെ നോര്‍ത്ത് കരോലിനയില്‍ 40 വര്‍ഷം തടവിന് ശിക്ഷിച്ചു. ടിക്ടോക് ‘അണ്‍ഡ്രസ്’ എന്ന കീവേര്‍ഡ് നിരോധിച്ചിട്ടുണ്ട്. മെറ്റയും ഇത്തരം നടപടികളിലേക്ക് കടക്കുന്നതായാണ് റിപ്പോര്‍ട്ട്.