KeralaNews

ഹൈക്കോടതി ഉത്തരവുപ്രകാരം ശിക്ഷയനുഭവിച്ച കേസിൽ 9 കൊല്ലം കഴിഞ്ഞ് യുവാവിന് വീണ്ടും തടവ്

കൊല്ലം: ഹൈക്കോടതി ഉത്തരവുപ്രകാരം ശിക്ഷ അനുഭവിച്ചയാളെ അതേ കേസിൽ 9 വർഷത്തിനു ശേഷം വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കടയ്ക്കൽ ഇടത്തറ കുന്നുംപുറത്ത് വീട്ടിൽ അഖിൽ അശോകനാണ് (42) 4 ദിവസം വീണ്ടും ജയിലിൽ കിടക്കേണ്ടി വന്നത്. പിഴവ് ആരുടെ ഭാഗത്തെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇപ്പോൾ അഖിൽ.

സംഭവമിങ്ങനെ: കുടുംബ പ്രശ്നത്തെ തുടർന്ന് പിതാവ് അശോകൻ 2004ൽ നൽകിയ പരാതിയിൽ വർക്കല പൊലീസാണ് അഖിലിനെ ഒന്നാം പ്രതിയും അമ്മ സലീലയെ രണ്ടാം പ്രതിയുമാക്കി കേസെടുത്തത്. അന്ന് വർക്കലയിലായിരുന്നു താമസം. 3 മാസത്തെ തടവിനും 5000 രൂപ പിഴ അടയ്ക്കാനും വർക്കല മജിസ്ട്രേട്ട് കോടതി 2010ൽ വിധിച്ചു.

വിധി ചോദ്യം ചെയ്തു ജില്ലാ കോടതിയിൽ നൽകിയ അപ്പീൽ തള്ളി. തുടർന്ന് ഹൈക്കോടതിയിൽ‌ നൽകിയ അപ്പീലിൽ ശിക്ഷ ഇളവു ചെയ്തു. 20,000 രൂപ പിഴയും രാവിലെ മുതൽ വൈകിട്ട് കോടതി പിരിയുന്നതു വരെ നിൽക്കാനും ആയിരുന്നു 2014ൽ വിധിച്ചത്. വർക്കല ഒന്നാം ക്ലാസ് കോടതിയിൽ പണം അടച്ച് ഹൈക്കോടതി നിർദേശിച്ച ശിക്ഷ അനുഭവിച്ചു. 

കടയ്ക്കലിൽ ബാർ ഹോട്ടലിൽ മാനേജരായി ജോലി നോക്കുന്ന അഖിലിനെ തേടി ഇക്കഴിഞ്ഞ 10ന് ഉച്ചയ്ക്ക് വർക്കലയിൽ നിന്നു പൊലീസ് സംഘമെത്തി. ശിക്ഷ വിധിച്ച ശേഷം മുങ്ങി നടന്നെന്ന കാരണം പറഞ്ഞായിരുന്നു അറസ്റ്റ്. അഖിലിന്റെ അമ്മ സലീലയ്ക്കു സുഖമില്ലാത്തതിനാൽ അവരെ അറസ്റ്റ് ചെയ്തില്ല.

അഖിലിനെ വർക്കല കോടതിയിൽ ഹാജരാക്കി. കേസിനെക്കുറിച്ച് അറിയാമോ എന്ന് മജിസ്ട്രേട്ട് ചോദിച്ചതായി അഖിൽ പറയുന്നു. ശിക്ഷ അനുഭവിച്ചതായി പറഞ്ഞെങ്കിലും കോടതിയും കാര്യമായി എടുത്തില്ല. ശിക്ഷിക്കപ്പെട്ട കേസായതിനാൽ അഖിലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. 

അഖിലിന്റെ ബന്ധുക്കൾ വർക്കല കോടതിയിലും പൊലീസിലും ബന്ധപ്പെട്ട് കേസിന്റെ പഴയ റെക്കോർഡുകൾ അന്വേഷിച്ചു. കിട്ടിയ തെളിവുകളും രേഖകളും വർക്കല കോടതിയിൽ ഹാജരാക്കി. തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് 4.30ന് കോടതി ഉത്തരവിൽ അഖിലിനെ പുറത്തു വിട്ടു. ശിക്ഷ അനുഭവിച്ചിട്ടും അഖിലിനെ അറസ്റ്റ് ചെയ്ത ജയിലിൽ അടച്ച നടപടി അഖിലിന്റെ കുടുംബത്തിന് കനത്ത ആഘാതമായി.

കേസുമായി ബന്ധപ്പെട്ട നൂലാമാലകളിൽ നിന്നു മോചിതനായ ശേഷം 2014ൽ ആണ് അഖിൽ വിവാഹം കഴിച്ചത്. തുടർന്ന് കടയ്ക്കലിലെ വീട്ടിൽ താമസമാക്കി. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. നടപടിക്ക് എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കാനാണ് അഖിലിന്റെ തീരുമാനം. അതേസമയം, അഖിലിനെതിരെ കോടതിയുടെ വാറന്റ് നിലവിലുള്ളതിനാലാണ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയതെന്നു വർക്കല പൊലീസ് അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker