KeralaNews

ലാത്തിയടിച്ച് തല പൊളിച്ചു, എസ്എഫ്‌ഐക്കാരിയെ കണ്ട് 30 വര്‍ഷത്തിന് ശേഷം ക്ഷമ ചോദിച്ച് പൊലീസുകാരന്‍

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് മുന്‍പ് താന്‍ ലാത്തി കൊണ്ട് തല തല്ലിപ്പൊളിച്ച പഴയ എസ് എഫ് ഐ നേതാവിനെ കാണാന്‍ പൊലീസുകാരന്‍ എത്തി. ആ പഴയ എസ് എഫ് ഐക്കാരി ഇന്ന് ഗവ. പ്ലീഡര്‍ ഡോ. ടി. ഗീനാകുമാരിയാണ്. പൊലീസുകാരന്‍ ഒലവക്കോട് റെയില്‍വേ പൊലീസ് അഡീഷനല്‍ എസ് ഐ പി എല്‍ ജോര്‍ജും. 1994 നവംബര്‍ 25 ന് ഉച്ചക്കാണ് ജോര്‍ജിന്റെ അടിയേറ്റ് ഗീനയുടെ തലയില്‍ മുറിവേറ്റത്.

മുറിവേറ്റ തലയുമായി ഗീനയും സഹപ്രവര്‍ത്തകരും നില്‍ക്കുന്നത് പിറ്റേ ദിവസത്തെ പത്രങ്ങളിലെല്ലാം വന്നിരുന്നു. അന്നത്തെ യു ഡി എഫ് സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ എസ് എഫ് ഐ നടത്തിയ സമരത്തിനിടെയായിരുന്നു സംഭവം. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തില്‍ ഗീന മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍പഴ്‌സണും എസ് എഫ് ഐ സംസ്ഥാന ജോ. സെക്രട്ടറിയുമായിരുന്നു അന്ന് ഗീന.

കൂത്തുപറമ്പിലെ പൊലീസ് വെടിവെപ്പില്‍ അഞ്ച് ഡി വൈ എഫ് ഐക്കാര്‍ കൊല്ലപ്പെട്ട ദിവസം തന്നെയായിരുന്നു സെക്രട്ടേറിയറ്റിലെ എസ് എഫ് ഐ സമരവും. രണ്ട് സംഭവങ്ങളും വലിയ വാര്‍ത്തയായിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ഇതോടെ കരുത്താര്‍ജ്ജിച്ചു. അന്ന് കേരള സായുധ പൊലീസില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു ജോര്‍ജ്. സമരക്കാരെ നേരിടുന്ന പൊലീസുകാരെ തിരിച്ചറിയാതിരിക്കാന്‍ നെയിംപ്ലേറ്റ് ഊരി വെച്ചാണ് ജോര്‍ജ് ഇറങ്ങിയത്

തലക്കടിയേറ്റ് ബോധരഹിതയായ ഗീനയെ പിന്നീട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതിനിടെ ഒരു വനിതയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത് ജോര്‍ജിനെ വേദനിപ്പിച്ചു. അന്ന് തന്നെ തെറ്റുപറ്റിയ കാര്യം വീട്ടില്‍ പറഞ്ഞിരുന്നു. മുപ്പത് വര്‍ഷം ഉള്ളിലുള്ള നീറ്റല്‍ തുറന്ന് പ്രകടിപ്പിച്ച് കുറ്റം ഏറ്റ് പറയാനാണ് കഴിഞ്ഞ ദിവസം ഗീനയെ നേരില്‍ കാണാന്‍ എത്തിയത്. ഗീനയും ആദ്യമായിട്ടായിരുന്നു ജോര്‍ജിനെ നേരില്‍ കാണുന്നത്.

പൊലീസ് അസോസിയേഷന്‍ നേതാവായ സി ടി ബാബുരാജുമൊത്താണു ജോര്‍ജ് ഗീനയെ കണ്ടത്. ആ സംഭവത്തിനു ശേഷം ഇന്നേവരെ ലാത്തി കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് ജോര്‍ജ് പറയുന്നു. പെട്ടെന്നൊരു പ്രകോപനത്തില്‍ ചെയ്‌തൊരു പാപത്തില്‍ പശ്ചാത്തപിച്ച സമാധാനത്തോടെ അടുത്ത വര്‍ഷം ജൂലായില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുമെന്നും ജോര്‍ജ് പറഞ്ഞു. അതേസമയം ജോര്‍ജിന്റെ പ്രവൃത്തിയില്‍ പ്രശ്‌നമൊന്നുമില്ലെന്നായിരുന്നു ഗീനാകുമാരിയുടെ മറുപടി.

‘ട്രെയിനിംഗ് കഴിഞ്ഞു ഫീല്‍ഡിലേക്ക് വന്ന പൊലീസ് തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം ആണ് നടത്തിയത്. പശ്ചാത്തപിക്കാനൊന്നും ഇല്ല. ഞങ്ങളും പോരാട്ടഭൂമികയില്‍ അടിയുറച്ച് നിന്നിരുന്നു. അതിന്റെ ഫലമായി നേരിട്ട വിഷമതകള്‍ മാഞ്ഞു പോയിട്ടൊന്നും ഇല്ല,’ ഗീനാ കുമാരി ഫേസ്ബുക്കില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker