News

‘നദി ആയാലും പുഴ ആയാലും അതിനു വ്യത്യാസമില്ല, ‘ഇസ്ലാമോഫോബിയ’ ഇരവാദം വേണ്ട; ഹരീഷ് വാസുദേവന്‍

കൊച്ചി: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആക്ടിവിസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. പോലീസ് സാങ്കേതിക കാരണങ്ങളാല്‍ കേസെടുത്തിട്ടില്ലെങ്കിലും വിഷയം ഫേസ്ബുക്കിലടക്കം വലിയ ചര്‍ച്ചയാവുകയാണ്. പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ആക്ടിവിസ്റ്റിന്റെ യഥാര്‍ത്ഥനാമം പങ്കുവെച്ചുകൊണ്ടു തന്നെ സംഭവത്തിനെതിരെ നിരവധി പോസ്റ്റുകള്‍ വന്നതോടെ ഇയാള്‍ക്കെതിരെ നടക്കുന്നത് ‘ഇസ്ലാമോഫോബിയ’ ആണ് എന്ന തരത്തിലും ചര്‍ച്ച നടന്നിരുന്നു. ഇത്രനാളും ഓമനിച്ച് വിളിച്ചിരുന്ന പേര് ഉപേക്ഷിച്ച് ചിലര്‍ യഥാര്‍ത്ഥനാമം ഉപയോഗിക്കാന്‍ ആരംഭിച്ചത് ഇസ്ലാമോഫോബിയയുടെ ഉദാഹരണമായി ഒക്കെയാണ് ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്.

ഇതോടെ കുറ്റവാളികളെ യഥാര്‍ത്ഥ നാമത്തില്‍ തന്നെ അഭിസംബോധന ചെയ്യുന്നത് ഇസ്ലാമോഫോബിയയും ഇരവാദവും ആയി ചിത്രീകരിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. പുരോഗമിച്ച സമൂഹത്തിന് ചേര്‍ന്ന രീതിയില്‍ അല്ല പീഡോഫൈലുകളായ ആളുകളുടെ പ്രവര്‍ത്തിയെന്നു ചൂണ്ടിക്കാണിച്ച് വിഷയത്തില്‍ തന്റെ അഭിപ്രായമായ അഞ്ചു പോയിന്റുകള്‍ വിശദീകരിക്കുകയാണ് ഹരീഷ്.

അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്:

അഞ്ചു കാര്യങ്ങള്‍.
1.ആര്‍ക്കും സ്വന്തം പേര് മറച്ചുവെച്ചു അവനവനെ ‘ഹരിശ്ചന്ദ്രന്‍’ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലുണ്ട്. ആ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ഐഡിയും എടുക്കാം. പക്ഷെ അയാളൊരു ക്രിമിനല്‍ കേസിലോ പരാതിയിലോ ഉള്‍പ്പെട്ടാല്‍ യഥാര്‍ത്ഥ പേര് മാത്രമേ പറയാന്‍ നിര്‍വാഹമുള്ളൂ, (ഗസറ്റില്‍ പേര് മാറ്റാത്തിടത്തോളം). കോടതിയില്‍ പേര് വിളിക്കുമ്പോള്‍ ‘ഹരിശ്ചന്ദ്രന്‍’ എന്നല്ല രേഖയിലുള്ള പേരാണ് വിളിക്കുക. അപ്പോള്‍ അത് ‘ഇസ്ലാമോഫോബിയ’ ആണെന്ന് തിയറി ഇറക്കിയാല്‍ ഏത് മര്യാദക്കാരന്‍ മജിസ്ട്രേറ്റ് പോലും പേപ്പര്‍ വെയ്റ്റ് എടുത്ത് എറിഞ്ഞന്ന് വരും. നദി ആയാലും പുഴ ആയാലും അതിനു വ്യത്യാസമില്ല. ഇരവാദം അവിടെ ചെലവാകില്ല.

2. പ്രായപൂര്‍ത്തി ആകാത്ത കുഞ്ഞുങ്ങളെ ലൈംഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയോ, ഉപയോഗിച്ചവരെ നിയമത്തില്‍ നിന്ന് മറച്ചു വെക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. ‘കുറ്റം തെളിയിക്കുംവരെ പ്രതി നിരപരാധി’, എന്ന സാധാരണ ക്രിമിനല്‍ കേസിലെ ഇളവ് ഇത്തരം പ്രതികള്‍ക്ക് കൊടുക്കേണ്ട എന്നാണ് നിയമം തന്നെ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് വിചാരണയില്‍ പ്രിസംഷന്‍ പോലും പ്രതിക്ക് എതിരാണ്. അത്തരം ക്രിമിനലുകളെയോ, അവര്‍ നടത്തുന്ന ചൈല്‍ഡ് അബ്യുസിനെയോ ന്യായീകരിക്കുന്ന ഒരാള്‍ക്കും എന്റെ സൗഹൃദലിസ്റ്റിലോ വാളിലോ വിസിബിലിറ്റി കൊടുക്കില്ല എന്നതാണ് എന്റെ തീരുമാനം. മറിച്ചു തീരുമാനിക്കുന്നവരുടെ പോസ്റ്റുകള്‍ കാണാതിരിക്കാന്‍ unfollow ബട്ടന്‍ ഉണ്ടല്ലോ. ignore the messenger, address the message.

3.പോക്സോ കേസിലെ പ്രതികള്‍ക്കും അവര്‍ കുറ്റവാളി അല്ലെന്ന് തെളിയിക്കാനുള്ള അവകാശങ്ങളുണ്ട്. അത് അവര്‍ക്ക് തേടാവുന്നതാണ്. ഒരുപക്ഷേ കള്ളക്കേസ് ആകാം. അങ്ങനെയൊരാള്‍ വന്നു പറഞ്ഞാല്‍ അയാളുടെ ഭാഗം കോടതിയില്‍ വിശദീകരിക്കാനുള്ള ബാധ്യത അഭിഭാഷകര്‍ക്കുണ്ട്. അതവരുടെ ഓപ്ഷന്‍ അല്ല, ജോലിയാണ്, ബാധ്യതയാണ്. അതിനു വ്യക്തിപരമായ മൊറാലിറ്റിയുമായി ഒരു ബന്ധവുമില്ല.
പ്രതിയായ ഒരാളെ സമൂഹം കായികമായി കൈകാര്യം ചെയ്യരുത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. (സ്വന്തമായി ഒരു കുഞ്ഞുണ്ടായാല്‍ ഈ അഭിപ്രായം മാറിയേക്കാം, still). എന്നാലും ഒരു പീഡോയെ കണ്‍മുന്നില്‍ ഞാന്‍ തെളിവോടെ പിടികൂടിയാല്‍ സ്വാഭാവിക പ്രതികരണത്തിന്റെ ഭാഗമായി, അയാള്‍ക്ക് എന്നെന്നും ഓര്‍മ്മയിരിക്കുന്ന തല്ലു കൊടുത്തിട്ടേ ഞാന്‍ പോലീസിനെ വിളിക്കൂ. അതിനുള്ള ശിക്ഷ കിട്ടുമെന്ന ബോധ്യത്തോടെ തന്നേ. പൊട്ടന്‍ഷ്യല്‍ പീഡോകളെ ക്രൈമിലൂടെ ആണെങ്കിലും ജയിലിലാക്കണം എന്നാണ് അഭിപ്രായം.

4.ഒരാളെ കുറ്റക്കാരനായി കണ്ടാല്‍ നല്‍കുന്ന ശിക്ഷയുടെ കാര്യത്തില്‍, പോക്സോ കേസുകള്‍ കുറച്ചുകൂടി ദയാരഹിതം ആകണമെന്നാണ് അഭിപ്രായം. വെറും ജയില്‍ശിക്ഷ പോരാ. ഇതൊരു ബാര്‍ബേറിക്ക് / uncivilized ക്രൈം ആണ്. ജനാധിപത്യ മൂഹത്തിനൊപ്പം വളരാത്ത മനുഷ്യരാണ് ഇത് ചെയ്യുന്നത്. അവര്‍ക്കുള്ള ശിക്ഷയും കടുപ്പിക്കണം. വധശിക്ഷയല്ല, അതിലും ക്രൂരമായ എന്തെങ്കിലും വേണം.

5.ഒരാള്‍ അന്യായമായി UAPA കേസില്‍ പെട്ടാല്‍ അയാളുടെ ജാതകമോ സ്വഭാവശുദ്ധിയോ നോക്കാതെ UAPA യെ എതിര്‍ക്കാന്‍ പിന്തുണ നല്‍കും. നാളെ അയാള്‍ തന്നെ ക്രിമിനല്‍ ആണെന്ന് വിശ്വസനീയമായ അറിവ് കിട്ടിയാല്‍ പോലീസിനെ വിളിച്ചു പിടിപ്പിക്കുകയും പരസ്യമായി അത് പറയുകയും ചെയ്യും. അല്ലാതെ നമ്മളാരും ഭാവി കാണാന്‍ കഴിവുള്ളവരല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരു പീഡോയേയും പിന്തുണയ്ക്കില്ല എന്നാണ് എന്റെ ബോധ്യം. ഇതില്‍ രാഷ്ട്രീയമില്ല.
അഡ്വ.ഹരീഷ് വാസുദേവന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker