ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്‌നി’യെന്ന് അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരേ ലോക്‌സഭയിലും രാജ്യസഭയിലും വന്‍ പ്രതിഷേധം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിയെ രാഷ്ട്രപത്‌നിയെന്ന് വിശേഷിപ്പിച്ചത്.
രാവിലെ സഭ ചേരുന്നതിന് മുമ്പുതന്നെ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് ലോക്‌സഭ ചേര്‍ന്നതോടെ സഭയിലും സ്മൃതി ഇറാനി പ്രശ്‌നം ഉയര്‍ത്തി. രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമനും വിഷയം ഉന്നയിച്ചു.
കോണ്‍ഗ്രസും സോണിയാ ഗാന്ധിയും ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് എതിരാണെന്നും സോണിയാഗാന്ധി ഇതിന് കൂട്ടുനിന്നുവെന്നും അവര്‍ മാപ്പ് പറയണമെന്നും സ്മൃതി ഇറാനി ലോക് സഭയില്‍ ആവശ്യപ്പെട്ടു. പരാമര്‍ശം ബോധപൂര്‍വമുള്ള ലൈംഗിക അവഹേളനമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമനും പറഞ്ഞു. എന്നാല്‍ പ്രശ്‌നം അധീര്‍ രഞ്ജന്‍ ചൗധരിക്ക് പറ്റിയ നാക്കുപിഴയാണെന്നും അതിലവര്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സോണിയാഗാന്ധി പ്രതികരിച്ചു.
ബഹളത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിവരെ പാര്‍ലമെന്റിലെ ഇരു സഭകളും നിര്‍ത്തിവെച്ചു. ഇത് ആദിവാസി വിഭാഗങ്ങളെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും ഇത്തരമൊരാളെ സഭയില്‍ നിയോഗിച്ചതില്‍ സോണിയാഗാന്ധി മാപ്പ് പറയണമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയും ആവശ്യപ്പെട്ടു.