ഉമ്മയുടെ മനസ് വേദനിച്ചു കാണും; അഭിനയിക്കണമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളൂ, കുറെ അടിവാങ്ങി: സീനത്ത്
കൊച്ചി:മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് സീനത്ത്. വളരെ ചെറുപ്രായത്തിൽ തന്നെ നാടകത്തിലൂടെ കരിയർ ആരംഭിച്ച കലാകാരിയാണ് സീനത്ത്. പിന്നീടാണ് സിനിമയിലേക്കും സീരിയലിലേക്കുമെല്ലാം എത്തുന്നത്. അധികം വൈകാതെ രണ്ടിടത്തും തിളങ്ങാൻ സീനത്തിന് കഴിഞ്ഞു. നെഗറ്റീവ് വേഷങ്ങളും അമ്മ കഥാപാത്രങ്ങളുമൊക്കെ അനായാസം കൈകാര്യം ചെയ്യാന്‍ സീനത്തിന് സാധിച്ചു. ഇപ്പോഴും സിനിമകളിൽ സജീവമാണ് താരം. മമ്മൂട്ടി നായകനായ റോഷാക്കിലാണ് അവസാനമായി അഭിനയിച്ചത്.
അതേസമയം അത്ര എളുപ്പമായിരുന്നില്ല സീനത്തിന്റെ സിനിമയിലേക്കുള്ള വരവ്. വീട്ടുകാരുടെ എതിർപ്പുകളൊക്കെ മറികടന്നാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ഗൃഹലക്ഷ്‍മിക്ക് നൽകിയ ഒരു തന്റെ കരിയറിനെ കുറിച്ചും കുട്ടിക്കാലത്തെ കുറിച്ചുമെല്ലാം സംസാരിച്ചിരിക്കുകയാണ് സീനത്ത്. അത്ര നിറമുള്ളതായിരുന്നില്ല തന്റെ കുട്ടിക്കാലമെന്ന് സീനത്ത് പറയുന്നു.
‘വളരെ ചെറുപ്പത്തിലേ ഉപ്പ മരിച്ചു. ഉപ്പയെ കണ്ട ഓർമ പോലും ഇല്ല. ഉപ്പയുടെ മരണത്തോടെ കുടുംബം ബുദ്ധിമുട്ടിലായി. ഉമ്മ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്. ഉമ്മയ്ക്ക് സ്വർണാഭരണങ്ങൾ വലിയ ഇഷ്ടമായിരുന്നു. കുട്ടികളെ വളർത്താൻ അതെല്ലാം ഒരോന്നായി വിൽക്കുമ്പോൾ ഉമ്മയുടെ മനസ് വേദനിച്ചു കാണും. സ്വർണം എല്ലാം തീർന്നപ്പോൾ വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് കൊടുക്കുമായിരുന്നു. ആ വാടക കൊണ്ടായിരുന്നു ജീവിതം’, സീനത്ത് പറഞ്ഞു.
ചെറുപ്പം മുതലേ കലയോടു മാത്രമേ താത്പര്യം ഉണ്ടായിരുന്നുള്ളുവെന്ന് സീനത്ത് പറയുന്നു. കുട്ടിക്കാലത്ത് മറ്റു കുട്ടികൾ ചോറും കറിയും വച്ചു കളിക്കുമ്പോൾ താൻ സ്റ്റേജ് കെട്ടി നാടകം കളിക്കും. വളരുന്തോറും ആ താത്പര്യം കൂടിവന്നു. അഭിനേത്രി നിലമ്പൂർ ആയിഷ ഇളയമ്മയാണ്. ഇളയമ്മ വഴി 1978ൽ പി. എ. ബക്കറിന്റെ ചുവന്ന വിത്തുകൾ എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരു മുസ്ലിം പെൺകുട്ടി എന്ന നിലയിൽ നാടകം, സിനിമ അതൊന്നും അത്ര എളുപ്പമായിരുന്നില്ലെന്നും സീനത്ത് പറയുന്നു.
‘എന്റെ ഉപ്പയുടെ കുടുംബം കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആയിരുന്നുമില്ല. പെൺകുട്ടികൾ അടങ്ങിയൊതുങ്ങി ജീവിക്കണം എന്നാണല്ലോ വെപ്പ്. അതായിരുന്നു ഏട്ടൻ മൊയ്ദുവിന്റെയും രീതിയും. പക്ഷെ, ഞാൻ അത് തെറ്റിച്ചു. എനിക്ക് അഭിനയിക്കണമെന്ന ഒറ്റച്ചിന്തയെ ഉണ്ടായിരുന്നുള്ളു. അതിന്റെ പേരിൽ കുറേ അടിവാങ്ങിയിട്ടുണ്ട്. എന്തായാലും അവസാനം ആങ്ങള ആയുധം വച്ചു കീഴടങ്ങി. പിന്നീട് അതേ സഹോദരൻ എന്നിലെ കലാകാരിയെ അംഗീകരിച്ചു തുടങ്ങി’, നടി പറഞ്ഞു.
അതേസമയം സമൂഹത്തിന്റെ ഭാഗത്തു നിന്നുള്ള ബുദ്ധിമുട്ടിക്കൽ ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലെന്നും സീനത്ത് വ്യക്തമാക്കി. കുറ്റപ്പെടുത്തലുകൾ മനുഷ്യസഹജമാണ്. അത് ഉണ്ടാവും. അവരവർക്ക് എന്ത് തോന്നുന്നോ അതുപോലെ മറ്റുള്ളവർ ജീവിക്കണം എന്ന് ചിന്തിക്കുമ്പോളാണ് കുറ്റപ്പെടുത്തലുകൾ ഉണ്ടാകുന്നത്. അതെല്ലാം അഭിപ്രായം പറയുന്ന ആളുടെ വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കും.
സോഷ്യല്‍മീഡിയയിലൊക്കെ മറ്റുള്ളവരുടെ ജീവിതത്തെ പറ്റി ചീത്ത അഭിപ്രായം പറയുന്ന ചില ആളുകളുണ്ട്. അവരുടെ വാക്കുകള്‍ അവരുടെ സംസ്‌കാരത്തെ സൂചിപ്പിക്കുന്നു. അത്രേ ഉള്ളു. അതൊന്നും ഓര്‍ത്ത് ഞാന്‍ വിഷമിക്കാറില്ല. എനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങളേ താൻ ചെയ്യാറുള്ളൂവെന്നും സീനത്ത് വ്യക്തമാക്കി.
തന്റെ മക്കളെ കുറിച്ചും സീനത്ത് സംസാരിക്കുന്നുണ്ട്. ‘എനിക്ക് രണ്ട് മക്കളാണ്. മൂത്തവൻ ജിതിൻ. ഇളയത് നിതിൻ. ജീവിതത്തിൽ എന്റെ ശക്തിയും സന്തോഷവും എല്ലാം എന്റെ മക്കളാണ്. മക്കൾ എന്നതിലുപരി സുഹൃത്തുക്കൾ കൂടിയാണ് അവർ. എനിക്ക് അവരോട് തമാശ പറയാം, ദേഷ്യം പിടിക്കാം…’, സീനത്ത് പറഞ്ഞു.