കൊച്ചി:നഴ്‌സായി ജോലി ചെയ്ത് പിന്നീട് മലയാള സിനിമയിലേ അഭിനേത്രിയായി വളര്‍ന്ന താരമാണ് ഷീലു എബ്രഹാം. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ റോളുകള്‍ അവതരിപ്പിച്ച ഷീലു ഇപ്പോഴും സജീവ സാന്നിധ്യമായി തുടരുകയാണ്. അഭിനയത്തിനൊപ്പം നിര്‍മാണത്തിലേക്കും നടി ചുവടുറപ്പിച്ചിരുന്നു.
ഭര്‍ത്താവ് എബ്രഹാമിന്റെ പിന്തുണയോട് കൂടിയാണ് ഷീലു സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. എന്നാല്‍ ഭര്‍ത്താവ് അത്ര തമാശക്കാരനൊന്നുമല്ലെന്നാണ് നടി പറയുന്നത്. ഒപ്പം ചെറിയ പ്രായത്തില്‍ പ്രണയലേഖനം വാങ്ങിയതിന്റെ പേരില്‍ കിട്ടിയ അടിയെ കുറിച്ചും ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ നടി വെളിപ്പെടുത്തുന്നു.
ഷീലുവിന് അഭിനയിക്കാന്‍ വേണ്ടി ഭര്‍ത്താവ് സിനിമകള്‍ നിര്‍മ്മിക്കുന്നു എന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നാണ് നടി പറയുന്നത്. കാരണം കോടികള്‍ ചെലവാക്കി നിര്‍മ്മിച്ച പല സിനിമകളിലും എന്റെ മുഖം മാത്രമേ കാണിച്ചിട്ടുള്ളു. മാത്രമല്ല എനിക്ക് വേണ്ടി മാത്രം സിനിമകള്‍ നിര്‍മ്മിക്കുകയാണെങ്കില്‍ ഒരു വര്‍ഷം തന്നെ ഞാന്‍ എത്രയധികം സിനിമകളില്‍ അഭിനയിച്ചേനെ എന്നും നടി ചോദിക്കുന്നു.
എല്ലാവരും വിചാരിക്കുന്നത് ഞങ്ങള്‍ക്ക് പണം എവിടുന്നോ ഒഴുകി വരുന്നുണ്ടെന്നാണ്. സത്യത്തില്‍ ഭര്‍ത്താവ് എബ്രഹാം ഓടി നടന്ന് അധ്വാനിച്ച് നേടിയതാണ്. ഇതിനകം പന്ത്രണ്ട് സിനിമകള്‍ നിര്‍മ്മിച്ചു. ഒരു പടം പോലും പെട്ടിയില്‍ ഇരിക്കേണ്ടി വന്നില്ല. എല്ലാം ബിസിനസ് നടത്തി നഷ്ടം വരുത്താതെയാണ് മുന്നോട്ട് കൊണ്ട് പോകുന്നതെന്ന് ഷീലു പറയുന്നു.
ഇതിനിടെ ഭര്‍ത്താവ് എബ്രഹാമിനെ കുറിച്ചും നടി സംസാരിച്ചിരുന്നു. ‘ഞങ്ങളുടെ ദാമ്പത്യം മനോഹരമായി മുന്നോട്ട് പോകുന്നു. ഞങ്ങളുടെ സ്വഭാവം ശരിക്കും തെക്കും വടക്കും നില്‍ക്കുന്നതാണ്. തമാശ എന്താണെന്ന് പോലും അറിയാത്ത ആളാണ് എബ്രഹാം.
ഞാന്‍ അത്യാവശ്യം കോമഡി പറയുകയും അത് എന്‍ജോയ് ചെയ്യുന്ന ആളായിരുന്നു. ഇദ്ദേഹത്തിനൊപ്പം കൂടിയതോടെ എനിക്കും കോമഡിയൊക്കെ നഷ്ടപ്പെട്ടത് പോലെയാണ്. എബ്രഹാം എപ്പോഴും സീരിയസാണെന്ന് നടി കൂട്ടിച്ചേര്‍ക്കുന്നു.
ഇന്നത്തെ പോലെ പ്രണയത്തില്‍ പെട്ട് പോകാനുള്ള സാഹചര്യം അന്നൊക്കെ കുറവാണ്. അച്ചന്‍മാരും സിസ്റ്റര്‍മാരുടെയും സ്‌കൂളിലാണ് പഠിച്ചത്. പിതാവും കര്‍ക്കശക്കരനാണ്. ഒരു പുഞ്ചിരിയിലൊക്കെയാണ് അന്നത്തെ നമ്മുടെ പ്രണയം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ രണ്ട് മൂന്ന് പ്രണയലേഖനം കിട്ടിയിരുന്നു. ഒരാളോട് ചെറിയൊരു താല്‍പര്യം എനിക്ക് തോന്നിയിട്ടുണ്ട്.
അന്ന് അയാള്‍ തന്ന ലവ് ലെറ്റര്‍ പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച് വീട്ടില്‍ കൊണ്ട് പോയി വായിക്കാന്‍ നോക്കി. വാതില്‍ക്കല്‍ ചാച്ചന്‍ ഒരു പോലീസുകാരനെ പോലെ നില്‍ക്കുന്നുണ്ടായിരുന്നു. പുസ്തകം വാങ്ങി അതിലെ കത്ത് പുള്ളി കണ്ടുപിടിച്ച് വായിച്ചു. മുറ്റത്ത് നിന്ന് കാപ്പിമരത്തിന്റെ വടി ഒടിച്ച് ചാച്ചന്‍ തലങ്ങും വിലങ്ങും അടിച്ചു. ഒച്ച കേട്ട് ഓടി വന്ന അമ്മയ്ക്കും ഒന്ന് രണ്ടെണ്ണം കിട്ടി.
എന്നോട് വീട്ടില്‍ കയറേണ്ടെന്ന് പറഞ്ഞിട്ട് കുറച്ച് നേരം പുറത്ത് നിര്‍ത്തി. എന്നെ വീട്ടില്‍ കയറ്റരുതെന്നാണ് അമ്മച്ചിയോട് പറഞ്ഞത്. ഞാന്‍ വാരന്തയില്‍ ഇരുന്നു. ഇനിയിങ്ങനെ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ചാച്ചനോട് മാപ്പ് പറയാന്‍ അമ്മച്ചി പറഞ്ഞു. അങ്ങനെ നിവൃത്തിയില്ലാതെ പോയി മാപ്പ് പറഞ്ഞ് വീടിനകത്ത് കയറി.
അക്കാലത്ത് എന്റെ പ്രായത്തിലുള്ള കുട്ടികളൊക്കെ മുത്തുമാലയാണ് ഇടുന്നത്. സ്വര്‍ണമൊന്നും ആരും ഇടില്ല. പക്ഷേ അമ്മച്ചി എനിക്ക് കഴുത്തില്‍ കാശുമാല ഇട്ട് തന്നിരുന്നു. അതും ജിമിക്കി കമ്മലുമാണ് എനിക്കുള്ള സ്വര്‍ണം. അതൊക്കെ ഇട്ട് വലിയ സംഭവമാണെന്നാണ് കരുതി ഞാന്‍ നടക്കുകയാണെന്നാണ് ചാച്ചന്‍ കരുതിയത്.
പ്രണയലേഖനമൊക്കെ വാങ്ങി നടക്കുകയല്ലേ, അതുകൊണ്ട് ആ മാല ഊരി തരാന്‍ ചാച്ചന്‍ പറഞ്ഞു. എന്നെ പരിഹസിക്കാന്‍ വേണ്ടിയോ മറ്റോ പുള്ളി ചെയ്തതാവും. അന്ന് ഒരുങ്ങി സുന്ദരിയായി നടക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അത് മനസിലാക്കിയിട്ടാവും ചാച്ചന്‍ ആ മാല അമ്മച്ചിയോട് വാങ്ങി വെക്കാന്‍ പറഞ്ഞതായി ഷീലു പറയുന്നു.