31.1 C
Kottayam
Saturday, May 4, 2024

നടി പാലാ തങ്കം അന്തരിച്ചു

Must read

പത്തനാപുരം : സീനിയര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ പാലാ തങ്കം (80) അന്തരിച്ചു. ഞായറാഴ്ച്ച രാത്രി 7.35 ഓടെയായിരുന്നു അന്ത്യം. 2013 മുതല്‍ പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗാന്ധിഭവന്‍ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ഗാന്ധിഭവന്‍ മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട് നടക്കും.

കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ ശരത്ചന്ദ്രഭവനില്‍ കുഞ്ഞുക്കുട്ടന്‍-ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകളായി 1941 ഫെബ്രുവരി 26ന് ജനിച്ച രാധാമണി പില്‍ക്കാലത്ത് പാലാ തങ്കം എന്ന പേരില്‍ കലാരംഗത്ത് അറിയപ്പെടുകയായിരുന്നു. ചെറുപ്പകാലം മുതല്‍ തന്നെ സംഗീതം അഭ്യസിച്ചു. പുലിയന്നുര്‍ വിജയന്‍ ഭാഗവതരായിരുന്നു ആദ്യ ഗുരു. പിന്നീട് ചങ്ങനാശ്ശേരി എല്‍പിആര്‍ വര്‍മ്മയുടെ പക്കല്‍ നിന്നും സംഗീതം അഭ്യസിച്ചു.

സത്യന്‍ അഭിനയിച്ച കെടാവിളക്ക് എന്ന ചിത്രത്തില്‍ താമര മലര് പോല്‍, തെക്ക് പാട്ടിന്‍ എന്നിങ്ങനെ രണ്ട് പാട്ടുകള്‍ പാടി. അതിനായി മദ്രാസിലെത്തിയ തങ്കത്തിന് അവിചാരിതമായി സത്യന്റെ ഒപ്പമൊരു വേഷം ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്തു. പക്ഷേ ആ ചിത്രം പുറത്തു വന്നില്ല. പക്ഷേ അത് പാലായിലെ സാംസ്‌കാരിക വേദികളില്‍ സജീവമാകാന്‍ അവരെ സഹായിച്ചു. അങ്ങനെയാണ് പാലാ തങ്കം എന്ന പേരു വീണത്.

പതിനാലാം വയസ്സില്‍ നാടകത്തിലെത്തി. ആദ്യമായി എന്‍ എന്‍ പിള്ളയുടെ വിശ്വകേരള നാടക സമതിയിലാണ് അഭിനയിച്ചത്. സിനിമയിലേക്ക് തിരികെയത്തിയത് സീത എന്ന ചിത്രത്തില്‍ കുശലകുമാരിക്ക് ശബ്ദം നല്‍കിക്കൊണ്ടായിരുന്നു. നായിക കഥാപാത്രങ്ങള്‍, കുട്ടികള്‍, വയസ്സായ സ്ത്രീകള്‍, പക്ഷിമൃഗാദികള്‍ തുടങ്ങി, ചില ചിത്രങ്ങളിലെ ഒരു സീനിലെ മൂന്നും നാലും കഥാപാത്രങ്ങള്‍ക്കു വരെ അവര്‍ ശബ്ദം നല്‍കി. ശിക്ഷ എന്ന ചിത്രത്തില്‍ സാധനയ്ക്ക് ശബ്ദം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week