'ക്യാമറയ്ക്ക് മുന്നിൽ ആ നടനിൽ നിന്ന് മോശം അനുഭവം'; 'അപൂർവ്വരാഗം' ഷൂട്ടിനിടെ ഉണ്ടായ ദുരനുഭവം പറഞ്ഞ് മാല പാർവതി
കൊച്ചി:ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള മീ ടൂ ആരോപണങ്ങളും ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയിരിക്കുന്നത്. നിരവധി നടിമാരാണ് സിനിമാ സെറ്റുകളില്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു മോശം അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് നടി മാല പാര്‍വതി. 2010 ല്‍ പുറത്തെത്തിയ അപൂര്‍വ്വരാഗം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ദുരനുഭവം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
“2009 ല്‍ ആയിരുന്നു ആ അനുഭവം. എന്‍റെ മൂന്നാമത്തെ ചിത്രം ആയിരുന്നു. നായികയെ അവതരിപ്പിച്ച നിത്യ മേനോൻ | എന്‍റെ കഥാപാത്രത്തിന്‍റെ മകളും ആയിരുന്നു. സിനിമയില്‍ പിന്നീട് ഇല്ലാതിരുന്ന ഒരു സീനിന്‍റെ ചിത്രീകരണം നടക്കുകയായിരുന്നു. രാത്രി 10.30- 11 മണി ആയിക്കാണും.
നിത്യയുടെ കഥാപാത്രം ആദ്യമായി ചുവപ്പ് നിറത്തിലുള്ള ഒരു സാരി ധരിക്കുന്നു, എന്‍റെയടുത്താണ് അവള്‍ നില്‍ക്കുന്നത്. അച്ഛന്‍ ഇത് കണ്ട് എക്സൈറ്റഡ് ആവുന്നു. അച്ഛന്‍ കാണാതെ അവള്‍ എന്‍റെ മറവില്‍ നില്‍ക്കുന്നതും അച്ഛന്‍ കഥാപാത്രം ഇവളെ കണ്ടുപിടിക്കാന്‍ നോക്കുന്നതുമൊക്കെയായ ക്യൂട്ട് ആയ ഒരു രംഗമായിരുന്നു അത്.
പെട്ടെന്നുതന്നെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ദുരുദ്ദേശത്തോടെ എന്നെ സ്പര്‍ശിച്ചു. എനിക്ക് വേദനയെടുത്തു. ഞാന്‍ വല്ലാത്ത ഒരവസ്ഥയില്‍ ആയി. പേടി തോന്നി. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പ്രതികരിക്കാനും എനിക്ക് സാധിച്ചില്ല. കൈ മൂവ് ചെയ്യരുതെന്ന് സംവിധായകന്‍ ആ നടനോട് പറഞ്ഞു. പിന്നീട് ആ രംഗം റീടേക്ക് പോയി. പക്ഷേ സംവിധായകന്‍ ആക്ഷന്‍ പറഞ്ഞപ്പോഴേക്ക് ഡയലോഗുകളൊക്കെ ഞാന്‍ മറന്നുപോയി. പല തവണ ശ്രമിച്ചെങ്കിലും അത് ഓര്‍ക്കാന്‍ സാധിച്ചില്ല. 10 റീടേക്കുകള്‍ പോവേണ്ടിവന്നു എനിക്ക് ആ രംഗം പൂര്‍ത്തിയാക്കാന്‍.”
“അടുത്ത ദിവസവും അയാള്‍ക്കൊപ്പം ചിത്രീകരണത്തില്‍ പങ്കെടുക്കേണ്ടിവന്നു. അന്ന് അയാളാണ് വരികള്‍ മറന്നുപോയത്. എന്‍റെ മുഖത്തേക്ക് അയാള്‍ക്ക് നോക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്‍റെയുള്ളില്‍ ദേഷ്യം ഉണ്ടായിരുന്നു. ആ ഷോട്ടില്‍ എന്‍റെ മുഖം ക്യാമറയില്‍ ഉണ്ടായിരുന്നില്ല.
ഈ നടന്‍റെ മുഖമാണ് വരേണ്ടിയിരുന്നത്. ഇയാള്‍ക്കും ഒരുപാട് റീടേക്കുകള്‍ പോവേണ്ടിവന്നു. സംവിധായകന്‍ വന്ന് ചോദിച്ചത് കൊഡാക്കില്‍ നിന്ന് കമ്മിഷന്‍ ഉണ്ടോ എന്നാണ്. ദയവായി അയാളുടെ മുഖത്തേത്ത് നോക്കാതിരിക്കൂ എന്നും പറഞ്ഞു. ഈ ചിത്രം പൂര്‍ത്തിയാക്കട്ടെയെന്നും. എനിക്ക് കുറച്ച് ട്രോമ ഉണ്ടാക്കിയ ചിത്രമായിരുന്നു അത്. കുറച്ച് മാസത്തേക്ക് ഞാന്‍ മറ്റ് സിനിമകളിലൊന്നും അഭിനയിച്ചില്ല. പിന്നീട് ഒരു സുഹൃത്ത് എടുത്ത സിനിമയിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്”, മാല പാര്‍വതി പറഞ്ഞവസാനിപ്പിക്കുന്നു.
നിഷാന്‍, ആസിഫ് അലി, നിത്യ മേനന്‍, വിനയ് ഫോര്‍ട്ട്, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരൊക്കെ അഭിനയിച്ച ചിത്രത്തില്‍ തമിഴ് നടന്‍ എല്‍ രാജയാണ് മാല പാര്‍വതിയുടെ കഥാപാത്രത്തിന്‍റെ ഭര്‍ത്താവിന്‍റെ റോളില്‍ എത്തിയത്.