കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത. സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്. രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപിയെയും എഡിജിപി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചു എന്നാണ് വിവരം.
കൂടെ ഉണ്ടാവുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കുന്നുവെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അതിജീവിത.
‘കേസുമായി ബന്ധപ്പെട്ട ആശങ്കകള്‍ മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. അനുകൂല പ്രതികരണമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. അദ്ദേഹം തന്ന ഉറപ്പില്‍ സന്തോഷമുണ്ട്, സംതൃപ്തയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൂര്‍ണമായും വിശ്വസിക്കുന്നു. മുഖ്യമന്ത്രിയെ കാണേണ്ട കൃത്യമായ സമയം ഇതാണ് എന്ന് തോന്നിയതിനാലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ കണ്ടത്.’
‘ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണങ്ങളെ അതിജീവിത നിഷേധിച്ചു. ഹര്‍ജിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വ്യാഖ്യാനങ്ങളെല്ലാം തെറ്റാണ്. ആരുടേയും വായ അടച്ചുവെയ്ക്കാന്‍ കഴിയില്ല. പോരാടാന്‍ തയ്യാറാണ്. ശക്തമായി മുന്നോട്ടുപോകും. സത്യാവസ്ഥ പുറത്തുവരണം. എനിക്ക് നീതി കിട്ടണം’ എന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടേറിയറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. പത്ത് മിനുട്ടോളം മുഖ്യമന്ത്രിയുമായി സംസാരിച്ചു.
കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയുന്നയിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് സർക്കാറും കൂടിക്കാഴ്ച നടത്തിയത്. പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേർന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു നടിയുടെ ആക്ഷേപം. പ്രതിഭാഗം അഭിഭാഷകരെ പോലും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് നടി സംശയം ഉന്നയിച്ചത്. നടിയുടെ പരാതി രാഷ്ട്രീയവിവാദമായതോടെ സിപിഎം നേതാക്കൾ കൂട്ടത്തോടെ നടിയെ വിമർശിച്ചിരുന്നു.
സർക്കാർ ഇരയെ തള്ളുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. എന്നാൽ നടിക്കൊപ്പമാണ് സർക്കാർ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അതേസമയം, തുടരന്വേഷണം നീട്ടണമെന്ന ഹർജിയിൽ പ്രതിഭാഗത്തിന്‍റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സർക്കാറിനെ കടുത്ത വെട്ടിലാക്കിയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. സർക്കാറിലെ ഉന്നതരുടെ സഹായത്തോടെ ദിലീപ് കേസ് അട്ടിമറിക്കുന്നുവെന്നും തട്ടിക്കൂട്ട് കുറ്റപത്രം നൽകി കേസ് അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നുമായിരുന്നു അതിജീവിത ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ നടിയുടേത് അനാവശ്യ ആശങ്കയാണെന്നായിരുന്നു സർക്കാർ നിലപാട്. ഇരയെ വിശ്വാസത്തിലെടുത്താണ് ഇതുവരെ കേസ് നടത്തിയത്.
സർക്കാറിനെതിരായ ആരോപണങ്ങൾ ഹർജിയിൽ നിന്ന് നീക്കണമെന്ന് ഡിജിപി കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം തന്നെ നിലച്ചിരിക്കുകയാണെന്ന് അതിജീവത കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കുറ്റപത്രം നൽകുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സമയപരിധി നീട്ടാൻ ആകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി.
പ്രതിഭാഗം കേസിൽ കക്ഷിയല്ലാത്തതിനാൽ അവരെ കേൾക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കി. കേസിൽ രണ്ട് ദിവസത്തിനകം സർക്കാർ വിശദീകരണം നൽകണമെന്ന് പറഞ്ഞ കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴച മാറ്റി, അന്ന് ആവശ്യമെങ്കിൽ വിചാരണ കോടതി രേഖകൾ വിളിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം നടിയുട പരാതി വലിയ ചർച്ചയായ സാഹചര്യത്തിൽ അന്വേഷണം തുടരാൻ കൂടുതകൽ സാവകാശം തേടി ഹർജി നൽകാൻ ക്രൈംബ്രാഞ്ചിന് സർക്കാർ നിദ്ദേശം നൽകി. ക്രൈംബ്രാഞ്ച് മറ്റൊരു ബെഞ്ചിൽ ഉടൻ ഹർജി നൽകും. അന്വേഷണം തുടരാൻ നിർദ്ദേശം നൽകുമ്പോഴും ദിലീപിൻ്റെ അഭിഭാഷകരെ ചോദ്യം ചെയ്യുന്നതിൽ തീരുമാനമെടുത്തില്ല.