
പത്തനംതിട്ട: നാടിനെ നടുക്കിയ പത്തനംതിട്ട പീഡനക്കേസിൽ 13 പേര്‍കൂടി കസ്‌റ്റഡിയില്‍. അറുപതിലധികം പേർ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിലാണ് അറസ്‌റ്റ്. ഇന്ന് പുലര്‍ച്ചെ പമ്പയില്‍ നിന്നാണ് ഇവരിൽ മൂന്നുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ശബരിമല തീർത്ഥാടന കാലമായതിനാൽ പമ്പയിൽ താൽക്കാലിക ജോലിക്ക് എത്തിയവരാണ് ഇവർ.
കേസിൽ ഇന്ന് അറസ്‌റ്റിലായവരുടെ കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരുണ്ടെന്നാണ് ലഭ്യമായ വിവരം. കേസിൽ ഇതുവരെ 20 പേരെയാണ് പോലീസ് അറസ്‌റ്റ്. രണ്ട് പ്ലസ് റ്റു വിദ്യാര്‍ഥികളും അടുത്തിടെ വിവാഹം കഴിഞ്ഞയാളും ഇക്കൂട്ടത്തിലുണ്ട്. കസ്‌റ്റഡിയിലുള്ള ആളുകളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. കേസിൽ 14 എഫ്ഐആറുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
അതിനിടെ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിഐജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട എസ്‌പി, ഡിവൈഎസ്‌പി ഉൾപ്പെടെ 25 അംഗ ഉദ്യോഗസ്ഥ സംഘമാണ് ഇനി കേസ് അന്വേഷിക്കുക. ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടതോടെയാണ് പുതിയ അന്വേഷണ സംഘത്തിനെ ചുമതലപ്പെടുത്തിയത്.
പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാകും അന്വേഷണ സംഘം പ്രവർത്തിക്കുക. പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന ചിലർ പത്തനംതിട്ട ജില്ലയ്ക്ക് പുറത്താണെന്നാണ് പോലീസിന് ലഭ്യമായ വിവരം. ഈ സാഹചര്യത്തിൽ പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം.
പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളിലെ 42 പേരുടെ ഫോൺ നമ്പർ പെൺകുട്ടിയുടെ പിതാവിന്റെ ഫോണിൽ നിന്ന് തന്നെയാണ് ലഭിച്ചത്. അഞ്ച് വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെൺകുട്ടി നൽകിയ മൊഴി.
പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ. പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയവരും ഇക്കൂട്ടത്തിലുണ്ട്. പെൺകുട്ടിയുടെ ഫോൺനമ്പറും നഗ്ന ദൃശ്യങ്ങളും ചേർത്ത് വ്യാപകമായി പ്രചരിപ്പിച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. പത്തനംതിട്ട ബസ് സ്‌റ്റാന്‍ഡിൽ വച്ച് പോലും പെണ്‍കുട്ടി പീഡനത്തിനിരയായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തിയിരിക്കുന്നത്. സ്‌റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍വെച്ചും പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടു. ഇവിടെ നിന്ന് പലരും പെണ്‍കുട്ടിയെ മറ്റുവാഹനങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി ചൂഷണം ചെയ്‌തെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമാക്കാനാണ് പോലീസ് തീരുമാനം.