29 C
Kottayam
Saturday, April 27, 2024

ഇതെല്ലാം നാടകം; നടിയെ ആക്രമിച്ച കേസിൽ കോടതിക്കെതിരേ ഭാഗ്യലക്ഷ്മി

Must read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിക്കെതിരേ വിമര്‍ശനമുന്നയിച്ച് ഭാഗ്യലക്ഷ്മി. കേസില്‍ കോടതി നാടകം കളിക്കുകയാണെന്നും വിധി നേരത്തെ എഴുതിവെച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. നീതിപീഠത്തോട് ഭയവും സംശയവുമാണെന്നും ഉന്നതനും സാധാരണക്കാരനും ഇവിടെ രണ്ട് നീതിയാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.

‘നടിയെ ആക്രമിച്ച കേസിന്റെ വിധി തയ്യാറാണ്. ഇനി അത് പ്രഖ്യാപിക്കേണ്ട ദിവസമേയുള്ളൂ. ബാക്കിയെല്ലാം കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്നതെല്ലാം മറ്റുപല നാടകങ്ങളുമാണ്. കോടതിയില്‍ പ്രോസിക്യൂട്ടര്‍മാര്‍ അപമാനവും പരിഹാസവും നേരിടുകയാണ്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറിയിട്ടും ജുഡീഷ്യറി കാരണം ചോദിക്കുന്നില്ല. എന്താണ് പ്രശ്‌നമെന്ന് ഒരു സാധാരണക്കാരനോടും കോടതി ചോദിക്കുന്നില്ല.

ഒരു സാധാരണക്കാരന്‍ കോടതിയിലേക്ക് കയറിയാല്‍ എന്തായിരിക്കും അവിടെ സംഭവിക്കുന്നത്. എന്റെ കേസില്‍ ഞാന്‍ തെറ്റ് ചെയ്തു എന്നരീതിയിലാണ് ജഡ്ജി എന്നോട് സംസാരിച്ചത്. പക്ഷേ, ഞാന്‍ അതിനെ ബഹുമാനിക്കുന്നു. ഞാന്‍ നിയമം കൈയിലെടുത്തത് കൊണ്ടാണ് കോടതി ആ വാക്ക് ചോദിച്ചത്. തീര്‍ച്ചയായും കോടതി അത് ചോദിക്കേണ്ടതാണ്. ഞാന്‍ അതിനെ ബഹുമാനിക്കുന്നു.

പക്ഷേ, ഒരു ഉന്നതന്‍ കോടതിയിലെത്തിയാല്‍ കോടതി ചോദിക്കുന്നതെന്താണ്. നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്തൂടെ, മൊബൈല്‍ സറണ്ടര്‍ ചെയ്തൂടെ എന്നൊക്കെയാണ്. ഇതൊക്കെ സാധാരണക്കാരനോടും ചോദിച്ചാല്‍ സാധാരണ ജനങ്ങള്‍ക്ക് കോടതിയോട് ബഹുമാനവും വിശ്വാസവും ഉണ്ടാകും. എന്നാല്‍ സാധരാണക്കാര്‍ കോടതിയില്‍ പോയാല്‍ ഒരു വാക്ക് പോലും ഉച്ചരിക്കാനുള്ള അവകാശമില്ല. ഞങ്ങള്‍ക്ക് നീതിപീഠത്തെ സംശയമാണ്, ഭയവും ഉണ്ട്’- ഭാഗ്യലക്ഷ്മി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week