‘ വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്’ വിവാഹബന്ധം അവസാനിപ്പിച്ചെന്ന് നടി അപർണ
കൊച്ചി: വിവാഹ ബന്ധം അവസാനിപ്പിച്ചതായി നടി അപർണ വിനോദ്. അപർണ വിവാഹ ബന്ധം അവസാനിപ്പിച്ചെന്ന തരത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് താരം തന്നെ ഇക്കാര്യം സ്ഥിരീകരിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് വിവാഹ ബന്ധം അവസാനിച്ച കാര്യം അപർണ വിനോദ് അറിയിച്ചത്.
വളരെ ആലോചിച്ച ശേഷം എടുത്ത തീരുമാനമാണെന്ന് അപർണ പറയുന്നു. ജീവിതത്തിൽ വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം എളുപ്പമുള്ളതായിരുന്നില്ല എന്നും അപർണ പറയുന്നു. ശരിയായ തീരുമാനമാണ് താൻ എടുത്തത് എന്ന് വിശ്വസിക്കുന്നുവെന്നും താരം പറഞ്ഞു.
” ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെ ഞാൻ കടന്നുപോകുന്ന കാര്യം നിങ്ങളെ അറിയിക്കുകയാണ്. വളരെയധികം ആലോചിച്ച ശേഷം എന്റെ വിവാഹ ബന്ധം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ഇത് എളുപ്പമുള്ള തിരഞ്ഞെടുപ്പ് ആയിരുന്നില്ല. പക്ഷേ, മുന്നോട്ട് വളരാനും എന്നിലെ മുറിവുകൾ സുഖപ്പെടുത്താനും ഇത് ശരിയായ ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ വിവാഹ ജീവിതം എന്റെ ജീവിതത്തിലെ വൈകാരികമായി തളർത്തിയ, ഏറെ ബുദ്ധിമുട്ടുള്ള ഒരു ഘട്ടമായിരുന്നു.
അതിനാൽ ജീവിതത്തിൽ ഇനി മുന്നോട്ട് പോകുന്നതിനായി ഞാൻ ആ അധ്യായം അടച്ചു, അപർണ പറഞ്ഞു. ഈ സമയത്ത് എനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവളാണ്. ഇനി മുൻപോട്ടുള്ള യാത്ര പ്രതീക്ഷയുടെയും പോസിറ്റിവോടെയും സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അപർണ കുറിപ്പിൽ പറഞ്ഞു. 2023 ൽ ആയിരുന്നു കോഴിക്കോട് സ്വദേശിയായ റിനിൽ രാജുമായുള്ള അപർണയുടെ വിവാഹം. വിവാഹ ജീവിതം രണ്ട് വർഷത്തിൽ എത്തുമ്പോഴാണ് ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം താരം വ്യക്തമാക്കിയത്.
‘ ഞാൻ നിന്നോടുകൂടെയുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് അപർണ സിനമാ രംഗത്ത് എത്തുന്നത്. സിദ്ധാർത്ഥ് ഭരതനും വിനയ് ഫോർട്ടിനുമൊപ്പം പ്രധാന കഥാപാത്രത്തെയാണ് അപർണ അവതരിപ്പിച്ചത്. ആസിഫ് അലി നായകനായ കോഹിനൂർ എന്ന ചിത്രത്തിൽ നായികയായി. വിജയ് ചിത്രം ഭൈരവയിലൂടെ തമിഴ് സിനിമയിൽ എത്തി. ഭരത് നായകനായ ഡയറകട് ഒ ടി ടി റിലിസ് ആയി എത്തിയ തമിഴ് ചിത്രമായ നടുവനിലാണ് അപർണ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.