
മുംബൈ: ബോളിവുഡ് സിനിമകളില്‍ സഹനടി വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് അനുപ്രിയ ഗോയങ്ക, അടുത്തിടെ ഒരു അഭിമുഖത്തിൽ ഇന്‍റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ചില സഹനടന്മാര്‍ തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്ന് തുറന്നു പറയുകയാണ് നടി.
ഇന്‍റിമേറ്റ് രംഗങ്ങളിൽ ഏതെങ്കിലും നടൻ മുതലെടുക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, അത് രണ്ടുതവണ സംഭവിച്ചിട്ടുണ്ടെന്ന് അനുപ്രിയ വെളിപ്പെടുത്തി. “ഒരിക്കൽ ഒരു നടന്‍ എന്നെ മുതലെടുക്കുകയായിരുന്നു എന്ന് ഞാൻ പറയില്ല, പകരം, അയാള്‍ക്ക് ആവേശം കൂടിപ്പോയി. അവൻ ആവേശഭരിതനാകുന്നത് എനിക്ക് കാണാൻ കഴിഞ്ഞു, അത് അല്‍പ്പം അതിക്രമവും എനിക്ക് അസ്വസ്ഥതയും ഉണ്ടാക്കി. ചുംബന രംഗത്തിനിടെയാണ് ഇത് നടന്നത്.
മറ്റൊരു സന്ദർഭത്തിൽ, ഞാൻ അത്ര സുഖകരമല്ലാത്ത വസ്ത്രങ്ങൾ ധരിച്ചിരുന്നത്. അത്തരം രംഗത്തില്‍ അരയിൽ പിടിച്ചാണ് അഭിനയിക്കേണ്ടത്. പക്ഷേ അയാൾ എന്റെ പിന്‍ഭാഗത്താണ് കൈകൾ വച്ചു, അത് ആവശ്യമില്ലായിരുന്നു. അയാൾക്ക് എന്റെ അരയിൽ കൈകൾ വയ്ക്കാമായിരുന്നു. അത് ശരിയല്ലെന്ന് എനിക്ക് തോന്നി.” അനുപ്രിയ വ്യക്തമാക്കി.
നടനെതിരെ പൊട്ടിത്തെറിച്ചില്ലെങ്കിലും അത് ഒഴിവാക്കാൻ താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് അനുപ്രിയ കൂട്ടിച്ചേർത്തു. “പിന്നീട്, ഞാൻ തന്നെ അയാളുടെ കൈകൾ അല്പം മുകളിലേക്ക് നീക്കി വച്ചു. താഴെയല്ലാതെ അവിടെ തന്നെ വയ്ക്കാന്‍ പറഞ്ഞു. പക്ഷേ ആ നിമിഷം, എന്തുകൊണ്ടാണ് അയാള്‍ അങ്ങനെ ചെയ്തതെന്ന് എനിക്ക് ചോദിക്കാൻ കഴിഞ്ഞില്ല, കാരണം അയാള്‍ തെറ്റ് പറ്റിപ്പോയെന്ന് പറയുമായിരുന്നു. ‘അടുത്ത ടേക്കിൽ, ഇത് ചെയ്യരുത്, പകരം ഇവിടെ കൈവയ്ക്കുക’ എന്ന് ഞാന്‍ പറഞ്ഞു. പിന്നീട് അവൻ അത് പാലിച്ചു. ചുംബന രംഗങ്ങളിൽ, നിങ്ങൾക്ക് മൃദുവായി ചുംബിക്കാവുന്നതാണ്, പക്ഷേ ചിലപ്പോൾ ചിലര്‍ അത് നിങ്ങളെ ആക്രമിക്കുന്ന രീതിയിലാക്കും. അത് അതിക്രമമാണ്” അനുപ്രിയ പറഞ്ഞു.
ബോബി ജാസൂസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച അനുപ്രിയ തുടർന്ന് ടൈഗർ സിന്ദാ ഹേ, പദ്മാവത്, വാർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ബെർലിൻ എന്ന ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്.