ചെന്നൈ: ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളെന്ന് പ്രഖ്യാപിച്ച് നടന്‍ വിജയ്യുടെ രാഷ്ട്രീയ നയപ്രഖ്യാപനം. തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനത്തില്‍ ഡിഎംകെയെ രൂക്ഷമായി വിമര്‍ശിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിച്ചത്. ഡിഎംകെ എപ്പോഴും ഫാസിസം എന്ന് മാത്രം പറഞ്ഞു നടക്കുന്നുവെന്നും ദ്രാവിഡ മോഡല്‍ എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നുവെന്നും വിജയ്യുടെ വിമര്‍ശനം. ഡിഎംകെ കുടുംബാധിപത്യ പാര്‍ട്ടി എന്നും താരം വിമര്‍ശിച്ചു.
തമിഴ്‌നാട്ടില്‍ ബിജെപി, ഡിഎംകെ വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ചായിരുന്നു നടന്‍ വിജയുടെ നയപ്രഖ്യാപനം. തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിലാണ് നടന്‍ വിജയ് ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് ടിവികെയുടെ നയം പ്രഖ്യാപിച്ചത്. ഡിഎംകെയ്‌ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തികൊണ്ടായിരുന്നു വിജയുടെ പ്രസംഗം. ഡിഎംകെയുടേത് ജനവിരുദ്ധ സര്‍ക്കാരാണ്. എപ്പോഴും ഫാസിസം എന്ന് പറഞ്ഞുകൊണ്ടിരിക്കും. എന്നാല്‍, ഡിഎംകെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഡിഎംകെ ദ്രാവിഡ മോഡല്‍ എന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണ്. തമിഴ്‌നാടിനെ കൊള്ളയടിക്കുകയാണ് ഡിഎംകെ കുടുംബമെന്നും വിജയ് ആഞ്ഞടിച്ചു.
അവര്‍ ഫാസിസം കാട്ടുമ്പോള്‍ നിങ്ങള്‍ പക്ഷപാതം കാട്ടുന്നുവെന്നും വിജയ്യുടെ വിമര്‍ശനം. പണത്തിനു വേണ്ടി കൂടിയ കൂട്ടമല്ല ടിവികെയെന്ന് വിജയ്. ട്രോളുകളിലൂടെയും കളിയാക്കലിലൂടെയും ഈ ശക്തിയെ വീഴ്ത്താം എന്ന് കരുതരുത്. 2026 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അങ്കത്തിനായി ഒരു തീയതി കുറിക്കും അന്ന് തമിഴ്ജനത ഒന്നായി TVK ചിഹ്നത്തില്‍ വോട്ട് ചെയ്യും എന്ന് വിജയ് പറഞ്ഞു. വിഭജന ശക്തികളും അഴിമതിക്ക് കൂടെ നിക്കുന്നവരും ഒരുപോലെ എതിരാളികളാണെന്ന് വിജയ് സമ്മേളനത്തില്‍ പറഞ്ഞു.
സിനിമയില്‍ നിന്നിറങ്ങി മുഖ്യമന്ത്രിമാരായ എന്‍ടിആറിനെയും എംജിആറിനെയും വിജയ് പ്രസംഗത്തില്‍ പരാമര്‍ശിച്ചുകൊണ്ട് വന്നത് താന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകാനാണെന്നും സൂചിപ്പിച്ചു. എന്റെ കരിയറിന്റെ ഉന്നതിയില്‍ നിങ്ങള്‍ക്കായി ഞാന്‍ ഇറങ്ങുകയാണെന്നും അധികാരത്തിന്റെ പങ്ക് പിന്തുണയ്ക്കുന്നവര്‍ക്കും നല്‍കുമെന്നും വിജയ് പറഞ്ഞു. ഡിഎകെയുടെയും എഐഎഡിഎംകെയുടെയും സഖ്യകക്ഷികളെ ലക്ഷ്യമിട്ടുകൊണ്ട് സഖ്യത്തിന് തയ്യാറാണെന്നും വിജയ് പ്രഖ്യാപിച്ചു. മന്ത്രിസഭയില്‍ ഇടം വേണമെന്ന് ഡിഎംകെ സഖ്യ കക്ഷികള്‍ വാദിക്കുന്നതിനിടെയാണ് വിജയുടെ പ്രഖ്യാപനം. അഴിമതിയും വര്‍ഗീയതയുമാണ് രാഷ്ട്രീയത്തിലെ ശത്രുക്കളെന്നും പ്രായോഗിക പ്രഖ്യാപനങ്ങള്‍ മാത്രമേ നടത്തുവെന്നും വിജയ് പറഞ്ഞു.
രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറില്ല. ഇത് പണത്തിനുവേണ്ടിയല്ല. മാന്യമായിട്ടായിരിക്കും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക. താന്‍ ആരുടെയും എ ടീമോ ബി ടീമോ അല്ല. അഴിമതിക്കാരായ കപടമുഖം മൂടി ധരിച്ചവരെ നേരിടുന്ന നാള്‍ വിദൂരമല്ല. 2026ലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും. 2026ലെ തെരഞ്ഞെടുപ്പില്‍ ടിവികെ ചിന്ഹനത്തില്‍ തമിഴ്‌നാട് വോട്ട് ചെയ്യുമെന്നും വിജയ് പറഞ്ഞു. നീറ്റ് പരീക്ഷ ക്രമക്കേടും പ്രസംഗത്തില്‍ വിജയ് പരാമര്‍ശിച്ചു.
പതിനായിരക്കണക്കിനു പ്രവര്‍ത്തകരെ സാക്ഷിയാക്കിയാണ് തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രഥമ സംസ്ഥാന സമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ തുടങ്ങിയത്. പതിവ് ശാന്തത വിട്ട് വീറോടെ പ്രസംഗിച്ച വിജയ്യുടെ ഓരോ വാചകത്തെയും പ്രവര്‍ത്തകരും ആരാധകരും കയ്യടികളോടെയാണു വരവേറ്റത്. തമിഴ് സിനിമയിലെ പോലെ മാസ് ചേരുവകളോടെയാണു ടിവികെയുടെ സമ്മേളനവും വിജയ്യുടെ പ്രസംഗവും രൂപപ്പെടുത്തിയത്. രാഷ്ട്രീയത്തില്‍ ഞാനെരു കുട്ടിയാണെന്നും ഭയമില്ലാതെയാണു രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്നും വിജയ് പറഞ്ഞു.
ജനിച്ചവരെല്ലാം തുല്യരാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്.. നമ്മള്‍ എല്ലാവരും തുല്യരാണെന്നും രാഷ്ട്രീയത്തില്‍ എല്ലാം മാറണമെന്നും ഇല്ലെങ്കില്‍ മാറ്റുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ആയിരകണക്കിന് വരുന്ന പ്രവര്‍ത്തകരെയും ആരാധകരെയും ഇളക്കിമറിച്ചുകൊണ്ടാണ് വിജയ് സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗം ആരംഭിച്ചത്. രാഷ്ട്രീയത്തിലിറങ്ങുന്നത് ഭയമില്ലാതെയാണെന്നും ഒട്ടും പേടിയില്ലെന്നും വിജയ് പറഞ്ഞു. ആരുടെയും വിശ്വാസത്തെയും എതിര്‍ക്കില്ലെന്നും വിജയ് പറഞ്ഞു. ഉയിര്‍ വണക്കം ചൊല്ലിയാണ് വിജയ് പ്രസംഗം ആരംഭിച്ചത്. സാമൂഹ്യ നീതിയില്‍ ഊന്നിയ മതേതര സമൂഹമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചു.
രാഷ്ട്രീയത്തില്‍ താനൊരു കുട്ടിയാണ്. പക്ഷേ ഭയമില്ലാതെയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. ഒരു കുട്ടി അമ്മ എന്ന് ആദ്യമായി വിളിക്കുമ്പോള്‍ അമ്മയ്ക്ക എന്ത് സന്തോഷമായിരിക്കും ലഭിക്കുക. കുട്ടിക്ക് മുന്നില്‍ ഒരു പാമ്പ് ആദ്യമായി വന്നാല്‍ ആ പാമ്പിനോടും കുട്ടി അതുപോലെ ചിരിക്കും. എന്നിട്ട് ആ കുട്ടി പാമ്പിനെ പിടിക്കും. ഇവിടെ ആ പാമ്പാണ് രാഷ്ട്രീയം. ആ പാമ്പിനെ പിടിച്ച് കളിക്കുന്നതാണ് നിങ്ങളുടെ അവസരമെന്ന് വിജയ് പറഞ്ഞു. ഗൗരവത്തോടെയും പുഞ്ചിരിയോടെയും രാഷ്ട്രീയത്തില്‍ ഇടപെടും. പെരിയാര്‍, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയശേഷമാണ് വിജയ് പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിന് മുന്നോടിയായി പാര്‍ട്ടിയുടെ വീര വാള്‍ വിജയിക്ക് സമ്മാനിച്ചു.
സിനിമ എന്നാല്‍ നിസ്സാരമാണോ? അത് എല്ലാത്തിനെയും പേടിയില്ലാതെ പുറത്തുകൊണ്ട് വരും. അതില്‍ എനിക്ക് മാതൃകയാണ് എംജിആറും എന്‍ടിആറും. സാധാരണ മനുഷ്യനായി, പിന്നെ നടനായി, വിജയിച്ച നടനായി, രാഷ്ട്രീയക്കാരനായി, നാളെ ഞാന്‍ എന്താകും? എന്നെ മാറ്റിയത് ഞാനല്ല, നിങ്ങള്‍ ജനങ്ങളാണ്.
സംഘകാലത്തെ കൃതികളില്‍ പാണ്ഡ്യ കാലത്തെ പോരാളിയെ കുറിച്ച് അറിയില്ലേ? ആയുധവും പോരാളികളും ഇല്ലാതെ പോരാട്ടത്തിനു പോയ യുദ്ധവീരനെ കുറിച്ച് അറിയുമോ? അറിയില്ലെങ്കില്‍ എടുത്ത് വായിച്ചു നോക്കണം.
സ്ത്രീകള്‍ നേതൃത്വത്തില്‍ വരും. തന്റെ മരിച്ചുപോയ സഹോദരി വിദ്യയെ ഓര്‍ത്തും വിജയ് സംസാരിച്ചു. അതേ വിഷമമാണ് അനിത എന്ന പ്ലസ്ടു വിദ്യാര്‍ഥിനി നീറ്റിന്റെ പേരില്‍ മരിച്ചപ്പോള്‍ എനിക്ക് തോന്നിയത്. ഈ സര്‍ക്കാര്‍ ഇവിടെ ഉണ്ടായതുകൊണ്ട് എന്ത് പ്രയോജനമെന്നു വിജയ് ചോദിച്ചു.
സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും, ആരാധനക്കുള്ള ഭാഷയും തമിഴ് ആക്കും, മധുരയില്‍ സെക്രട്ടറിയേറ്റിന്റെ ബ്രാഞ്ച് ആരംഭിക്കും, വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാന്‍ സമ്മര്‍ദം ചെലുത്തും, സംസ്ഥാന സര്‍ക്കാരിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഗവര്‍ണറുടെ പദവി നീക്കാന്‍ സമ്മര്‍ദം ചെലുത്തും, അഴിമതി രഹിത ഭരണം ഉറപ്പാക്കും, കൈക്കൂലിയും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഇല്ലാതാക്കും, വര്‍ണവിവേചനത്തിനെതിരെ ശക്തമായ ശിക്ഷ നടപ്പാക്കും തുടങ്ങിയ പാര്‍ട്ടി നയങ്ങളും വിജയ് പ്രഖ്യാപിച്ചു. 2026 ഒരു പുതിയ രാഷ്ട്രീയത്തിന്റെ പുതിയ വര്‍ഷമെന്നു വിജയ്. പ്രസംഗം അവസാനിപ്പിച്ച ശേഷം, പാര്‍ട്ടിയെപ്പറ്റി വിജയ് വിശദീകരിക്കുന്ന വിഡിയോ സമ്മേളനവേദിയില്‍ പ്രദര്‍ശിപ്പിച്ചു.