Entertainment

‘ഇന്റിമേറ്റ് സീന്‍ ഷൂട്ട് ചെയ്യുകയെന്നാല്‍ നടനേയും നടിയേയും ഒരു റൂമിലാക്കി ക്യാമറയും വെച്ച് എന്തേലും കാണിച്ചോ എന്ന് പറഞ്ഞ് ഓടിപ്പോകുന്ന പരിപാടിയല്ല: ടൊവിനോ

സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനെ കുറിച്ചും അതിന് പിന്നിലെ ശ്രമങ്ങളെ കുറിച്ചും തുറന്നുപറഞ്ഞ് മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ്. ഇന്റിമേറ്റ് സീന്‍ അഭിനയിക്കുക എന്നത് നടനേയും നടിയേയും ഒരു റൂമിലാക്കിയിട്ട് ക്യാമറ റോള്‍ ചെയ്തിട്ട് എന്തേലും കാണിച്ചോ എന്ന് പറഞ്ഞിട്ട് ഓടിപ്പോകുന്ന പരിപാടിയല്ലെന്നും സിനിമയിലെ മറ്റേത് സീനുകളേയും പോലെ തന്നെ ഷോട്ട് ഡിവിഷനൊക്കെ ചെയ്തിട്ടുള്ള ഷൂട്ടിങ് പ്രോസസാണ് ഇത്തരം സീനുകളുടേതെന്നും ടൊവിനോ പറയുന്നു.

‘ഇന്റിമേറ്റ് സീന്‍ അഭിനയിക്കുക എന്നത് നടനേയും നടിയേയും ഒരു റൂമിലാക്കിയിട്ട് ക്യാമറ റോള്‍ ചെയ്തിട്ട് എന്തേലും കാണിച്ചോ എന്ന് പറഞ്ഞിട്ട് ഓടിപ്പോകുന്ന പരിപാടിയല്ല. ഇതെല്ലാം വെല്‍ കൊറിയോഗ്രാഫ്ഡ് ആയിട്ടുള്ള സീനുകളാണ്. സിനിമയിലെ മറ്റേത് സീനും ചെയ്തതുപോലെ തന്നെ ഷോട്ട് ഡിവിഷനൊക്കെ ചെയ്തിട്ടുള്ള ഷൂട്ടിങ് പ്രോസസാണ് ഇതിന്റേയും,’ ടൊവിനോ പറയുന്നു. കള എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് സംസാരിക്കവേയായിരുന്നു ടൊവിനോ ഷൂട്ടിങ് അനുഭവം പങ്കുവെച്ചത്.

‘കളയില്‍ ബെഡില്‍ കിടന്ന് ഭാര്യയുടെ മുഖം പിടിച്ച് സംസാരിക്കുന്ന ഒരു സ്വീകന്‍സുണ്ട്. അത് സിനിമയില്‍ കാണുന്ന സമയത്ത് നിങ്ങള്‍ കൃത്യമായി എന്റെ മുഖം കാണുന്നത് ദിവ്യയുടെ കണ്ണിലൂടെയാണ്. പക്ഷേ ആ സമയത്ത് ഒരു 85 കിലോയുള്ള ക്യമറാമാന്‍ പത്തിരുപത് കിലോയുള്ള ക്യാമറയും തോളത്ത് വെച്ചിട്ട് എന്റെ നെഞ്ചത്തിരിക്കുകയാണ്. എനിക്ക് പിറ്റേ ദിവസം നടുവേദനയായിരുന്നു. എന്നിട്ടാണ് ഞാന്‍ റൊമാന്റിക്കായി അഭിനയിക്കുന്നത്.

ഇത് അങ്ങനെയൊരു പ്രോസസ് ആണ് എന്ന് ആള്‍ക്കാര്‍ക്ക് അറിയാന്‍ കൂടി വേണ്ടിയാണ് അതിന്റെ മേക്കിങ് വീഡിയോ ഷൂട്ട് ചെയ്തുവെച്ചത്. അങ്ങനെ ചെയ്യുന്ന സമയത്ത് നടനോ നടിയോ അണ്‍കംഫര്‍ട്ടിബിള്‍ ആകേണ്ടതില്ല. ചുറ്റുമുള്ളവര്‍ എല്ലാം സുഹൃത്തുക്കളാണ്. ഏതൊരു സീന്‍ ആണെങ്കിലും അത് അത്രയും മനോഹരമായി എടുക്കണമെന്ന് മാത്രമാണ് നമ്മള്‍ ആലോചിക്കുക,’ ടൊവിനോ പറഞ്ഞു.

ടൊവിനോയെ നായകനാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്ത ചിത്രമാണ് ‘കള’. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം 97 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ടൊവിനോ തോമസിനൊപ്പം ലാല്‍, ദിവ്യ പിള്ള, ആരിഷ്, തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന്റെ തിരക്കഥ ചര്‍ച്ച ചെയ്യുന്ന സമയത്ത് തന്നെ ചിത്രത്തിലെ പല സീനുകളെ കുറിച്ചും തനിക്ക് ചില ആശങ്കകള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതെല്ലാം കൃത്യമായി തന്നെ തനിക്ക് മനസിലാക്കി തരാന്‍ സംവിധായകന് സാധിച്ചെന്നും ടോവിനോ നേരത്തെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രത്തിലെ ചില രംഗങ്ങളെ കുറിച്ചും സിനിമയിലെ ചില പ്രത്യേക രംഗങ്ങള്‍ കാണുമ്പോഴുള്ള മലയാളികളുടെ മനോഭാവത്തെ കുറിച്ചുമായിരുന്നു താരം മനസുതുറന്നത്.

‘കള എന്ന സിനിമ ചെയ്യുന്നതിന് മുന്‍പ് പല കാര്യങ്ങളും സംവിധായകനുമായി ചര്‍ച്ച ചെയ്തിരുന്നു. പല സീനുകളും വായിച്ചപ്പോള്‍ ഇത് വേണോ അത് വേണോ എന്നൊക്കെയുള്ള സംശയങ്ങള്‍ എനിക്കുണ്ടായിരുന്നു. ഞാന്‍ അത് ചോദിക്കുകയും ചെയ്തു. നമ്മള്‍ സിനിമയ്ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്താല്‍ പോലും ആള്‍ക്കാര്‍ അതിനെ വേറൊരു രീതിയിലേ കാണൂ. ഒരു ലിപ് ലോക്കോ ബെഡ്‌റൂം സീക്വന്‍സോ വരുമ്പോഴേക്ക് ആളുകള്‍ മുഖം പൊത്തും.

ഒരു വയലന്‍സ് കാണുമ്പോള്‍ ഒരു പ്രശ്‌നവും ഇല്ലാതെ ഇരിക്കുന്ന ആളുകള്‍ തന്നെ ആക്ട് ഓഫ് ലവ് കാണുമ്പോള്‍ മുഖം താഴ്ത്തും. അത് എനിക്കൊരു വിരോധാഭാസമായി തോന്നിയിട്ടുണ്ട്. ശരിക്കും നേരെ തിരിച്ചാണ് വേണ്ടത്. ആള്‍ക്കാരെ തല്ലിക്കൊല്ലുന്നതായിട്ട് കാണിക്കുന്നതും ബെഡ് റൂം സ്വീകന്‍സ് കാണിക്കുന്നതും രണ്ടും അഭിനയമാണെന്നും സിനിമയാണെന്നും കൃത്യമായി ആളുകള്‍ക്ക് അറിയാം. പിന്നെ എന്തിനാണ് അതില്‍ അസ്വസ്ഥത ഉണ്ടാകുന്നത്. അപ്പോള്‍ അതില്‍ എന്തോ പ്രശ്‌നമുണ്ട്.

അങ്ങനെയുള്ള ചില അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ കളയിലെ അത്തരത്തിലുള്ള ഒന്ന് രണ്ട് സീക്വന്‍സുകള്‍ കണ്ടപ്പോള്‍ നമുക്ക് ഇത് ഒഴിവാക്കി ചിന്തിച്ചൂടെ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ അത് ഒഴിവാക്കാനാവില്ലെന്നും കഥാപാത്രത്തിന്റെ സ്വഭാവം എന്നത് ഇതും കൂടിയാണെന്നും രോഹിത് പറഞ്ഞപ്പോള്‍ എനിക്കും അത് ശരിയാണെന്ന് തോന്നി.

അത് വേണോ ഇത് വേണോ എന്നൊക്കെ ഞാന്‍ ചോദിക്കുന്നത് അത് എന്റെ മുന്‍പുള്ള അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ഇവര്‍ പറയുന്നത് കാര്യമാണെന്ന് അറിയാം. എങ്കില്‍ പോലും അത് ചെയ്താല്‍ ഇവിടെയുള്ള ആള്‍ക്കാര്‍ എങ്ങനെ സ്വീകരിക്കും എന്ന സംശയമൊക്കെ എനിക്കുണ്ടായിരുന്നു. സ്‌ക്രിപ്റ്റിന്റെ ചര്‍ച്ച നടക്കുമ്പോഴാണ് ഇത്തരം സംസാരങ്ങളൊക്കെ ഉണ്ടാകുന്നത്.

എന്നാല്‍ ഷൂട്ട് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും നിങ്ങള്‍ എന്ത് പറഞ്ഞാലും ഞാന്‍ ചെയ്‌തോളാം എന്ന അവസ്ഥയിലെത്തി. കാരണം എനിക്കത്രയും വിശ്വാസമുണ്ടായിരുന്നു. അതായത് ഈ സിനിമയില്‍ സംഭവിച്ച എന്തെങ്കിലും ബ്രില്യന്‍സായി ആളുകള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് ഒന്നും അബദ്ധമല്ല. അതൊക്കെ ശരിക്കും വേണമെന്ന് വെച്ച് ചെയ്തതാണ്, ടോവിനോ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button