അച്ഛന്‍ ബെല്‍റ്റിന് തല്ലി തൊലിയുരിച്ചു! 500 രൂപ തന്ന് നാട് വിടാന്‍ പറഞ്ഞ അമ്മ; രവി കിഷന്റെ ജീവിതം
മുംബൈ:ബോജ്പൂരി സിനിമയിലെ സൂപ്പര്‍ താരമാണ് രവി കിഷന്‍. ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് രവി കിഷന്‍. വളരെ സാധാരണമായൊരു പശ്ചാത്തലത്തില്‍ നിന്നുമാണ് രവി കിഷന്‍ സിനിമയിലെത്തുന്നത്. ഇന്ന് സൂപ്പര്‍ താരവും രാഷ്ട്രീയ നേതാവുമൊക്കെയാണ് രവി. എന്നാല്‍ കുട്ടിക്കാലത്ത് കഠിനമായ പീഡനങ്ങളാണ് രവി കിഷന് നേരിടേണ്ടി വന്നത്. തന്റെ അച്ഛനില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.
ഒരിക്കല്‍ അച്ഛന്‍ തന്നെ തല്ലി തോലുരിച്ചെന്നാണ് രവി പറയുന്നത്. അന്ന് അമ്മ തന്നോട് നാട് വിട്ടോളാന്‍ പറഞ്ഞുവെന്നുമാണ് താരം പറയുന്നത്. അച്ഛന്‍ തന്നെ തല്ലിക്കൊല്ലുമെന്നാണ് കരുതിയിരുന്നതെന്നും താരം പറയുന്നുണ്ട്. നാട്ടില്‍ ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന രാംലീലയില്‍ സീതയായി വേഷമണിഞ്ഞതിനാണ് അച്ഛന്‍ തന്നെ തല്ലിയതെന്നാണ് രവി കിഷന്‍ പറയുന്നത്. അന്ന് തനിക്ക് 14-15 വയസായിരുന്നുവെന്നും രവി ഓര്‍ക്കുന്നുണ്ട്.
”ഞാന്‍ നാട്ടിലെ രാംലീലയില്‍ പങ്കെടുക്കുമായിരുന്നു. സീതയുടെ വേഷമായിരുന്നു ചെയ്തിരുന്നത്. ഒരിക്കല്‍ അച്ഛന്‍ അക്കാര്യം അറിഞ്ഞു. അമ്മയുടെ സാരിയെടുത്താണ് ഞാന്‍ റിഹേഴ്‌സലിന് പോയത്. തിരികെ വീട്ടില്‍ വന്നതും അച്ഛന്‍ എന്ന ബെല്‍റ്റ് വച്ച് തല്ലി. അദ്ദേഹത്തിന്റെ അടിയില്‍ എന്റെ തോലുരിഞ്ഞു പോയിരുന്നു. ആ രാത്രി എന്നെ അദ്ദേഹം എന്നന്നേക്കുമായി നിശബ്ദനാക്കുമെന്ന് എനിക്ക് തോന്നി” രവി കിഷന്‍ പറയുന്നു.
”അന്ന് രാത്രി തന്നെ അമ്മ എനിക്ക് 500 രൂപ തന്നിട്ട് ഏതെങ്കിലും ട്രെയിന്‍ കയറി നാടുവിട്ടു പോകാന്‍ പറഞ്ഞു. അല്ലെങ്കില്‍ അച്ഛന്‍ എന്നെ കൊല്ലും എന്നാണ് അമ്മ പറഞ്ഞത്. അങ്ങനെയാണ് ഞാന്‍ മുംബൈയിലെത്തുന്നത്” താരം പറയുന്നു. കരിയറിന്റെ തുടക്കകാലത്ത് തനിക്ക് ലൈംഗിക അതിക്രമങ്ങളും കാസ്റ്റിംഗ് കൗച്ചും നേരിടേണ്ടി വന്നുവെന്നും രവി കിഷന്‍ വെളിപ്പെടുത്തുന്നുണ്ട്.
”അത്തരം അക്രമണങ്ങള്‍ ചെറുപ്പത്തില്‍ ഒരുപാട് നേരിട്ടിട്ടുണ്ട്. മെലിഞ്ഞ്, നീളന്‍ മുടിയും, കമ്മലുമൊക്കെയായിട്ടായിരുന്നു ഞാന്‍ നടന്നിരുന്നത്. സക്‌സിലേക്ക് ഒരു ഷോര്‍ട്ട് കട്ടുമില്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അത്തരം ഷോര്‍ട്ട് കട്ടുകള്‍ എടുക്കാന്‍ ശ്രമിച്ച ഒരുപാട് പേരെ എനിക്കറിയാം. ഞാന്‍ അവര്‍ പശ്ചാത്തപിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ ലഹരിയ്ക്ക് അടിമകളാവുകയും സ്വയം ജീവനെടുക്കുകയും ചെയ്തു” എന്നാണ് രവി കിഷന്‍ പറയുന്നത്.
”ഷോര്‍ട്ട് കട്ടിലൂടെ പോയി സൂപ്പര്‍ താരമായ ആരുമില്ല. നമ്മുടെ സമയത്തിനായി കാത്തിരിക്കുക. ക്ഷമ വേണം. നിന്റെ സൂര്യന്‍ ഒരു നാള്‍ ഉദിക്കുമെന്നാണ് ഞാന്‍ സ്വയം പറഞ്ഞിരുന്നത്. 90 കളില്‍ എന്റെ സുഹൃത്തുക്കളായിരുന്ന അക്ഷയ് കുമാറും അജയ് ദേവ്ഗണുമെല്ലാം സൂപ്പര്‍ താരങ്ങളായി. പക്ഷെ ഞാന്‍ എന്റെ സമയം വരുന്നതിനായി കാത്തിരുന്നു” എന്നാണ് അദ്ദേഹം പറയുന്നത്.
ഈയ്യടുത്തിറങ്ങിയ ലാപ്പതാ ലേഡീസിലാണ് രവി കിഷനെ ഒടുവിലായി ബോളിവുഡില്‍ കണ്ടത്. സിനിമ വലിയ വിജയം നേടുകയും ചെയ്തു. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായിരുന്നു ചിത്രം. സിനിമകള്‍ക്ക് പുറമെ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട് രവി കിഷന്.