എന്തുകൊണ്ട് സൂപ്പര്‍ സ്റ്റാറായില്ല? മറുപടിയുമായി നടന്‍ മുകേഷ്
താന്‍ എന്തുകൊണ്ട് ഒരു സൂപ്പര്‍സ്റ്റാര്‍ ആയില്ല എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മുകേഷ്. ഒരു നടനെ സംബന്ധിച്ച് കഴിവ് മാത്രം പോരെന്നും അതിന് ഭാഗ്യം കൂടി വേണമെന്നുമായിരുന്നു മുകേഷിന്റെ മറുപടി. പത്മരാജനോ ഭരതനോ പോലെയുള്ള സംവിധായകരെ കിട്ടിയിരുന്നെങ്കില്‍ മലയാളസിനിമയില്‍ ഉയരത്തില്‍ എത്തിയേനെ എന്നു തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അത് ശരിയാണെന്നായിരുന്നു താരത്തിന്റെ മറുപടി.
‘ഒരു നടനെ സംബന്ധിച്ച് കഴിവിനേക്കാള്‍ കുറച്ചുകൂടി മുകളില്‍ നില്‍ക്കേണ്ടത് ഭാഗ്യമാണ്. അതുല്യ നടനാണ് സര്‍ഗ പ്രതിഭയാണ് പക്ഷേ അദ്ദേഹം അത്രയ്ക്കൊന്നും അഭിനയിച്ചിട്ടില്ല എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും മുകേഷ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുകേഷ് മടിയനാണ്. കാര്യത്തോട് അടുക്കുമ്പോള്‍ പിന്നെ നോക്കാമെന്ന ലൈനാണ് എന്നാണ് ചിലര്‍ പറയുന്നത്. അങ്ങനെയാണോ എന്ന ചോദ്യത്തിന് ശരിയാണെന്നായിരുന്നു മുകേഷിന്റെ മറുപടി.
എന്റെ മക്കളുള്‍പ്പെടെ ഒരുപാട് പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഒരു സൂപ്പര്‍സ്റ്റാര്‍ ആയില്ല എന്ന്. അതിനുള്ള മറുപടി എന്ന് പറയുന്നത് ഞാന്‍ എന്തെങ്കിലും ഒന്ന് ഏറ്റെടുത്ത് കഴിഞ്ഞാല്‍ ഏറ്റവും സത്യസന്ധമായി, ആത്മാര്‍ത്ഥമായി അത് ചെയ്യാനും അതിനകത്ത് പെര്‍ഫക്ഷനും വ്യത്യസ്തതയും കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ്. അത് അഭിനയമായിക്കൊള്ളട്ടെ മറ്റ് എന്തുമായിക്കൊള്ളട്ടെ. പക്ഷേ അത് കിട്ടിയതിന് ശേഷം മാത്രമേ ശ്രമിക്കുകള്ളൂ. കിട്ടാന്‍ വേണ്ടി ശ്രമിക്കില്ല. അത് എന്റെ ഒരു കഴിവില്ലായ്മയാണ്, മുകേഷ് പറയുന്നു.
ചെറിയ പ്രായത്തിലാണ് എനിക്ക് സിനിമയിലേക്ക് വരാന്‍ പറ്റിയത്. അത് എന്റെ വലിയ ഭാഗ്യമാണ്. അതുകൊണ്ട് തന്നെ വലിയൊരു കാലയളവ് എനിക്ക് കിട്ടി. പക്ഷേ എനിക്ക് ഒരിക്കല്‍ പോലും അങ്ങനെയൊരു പ്രൊജക്ട് ഞാന്‍ ചെയ്യണം, അങ്ങനെയൊരു ആളിനെ കണ്ടെത്തണം എന്നൊന്നുള്ള ആലോചന ഉണ്ടായിട്ടേയില്ല.
ഒരു ദിവസം എന്റെ ഇളയമകന്‍ എന്നോട് ചോദിച്ചു. അച്ഛാ എന്തുകൊണ്ടാണ് അച്ഛന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആവാതിരുന്നത് എന്ന്. ഞാന്‍ അവനോട് പറഞ്ഞു, ഞാന്‍ ഒരു ദിവസം ദൈവത്തെ കണ്ടു, ദൈവത്തെ കണ്ടോ? അതെ. ക്രൈസ്റ്റ് ആണോ അള്ളാഹു ആണോ എന്നൊക്കെ ചോദിച്ചു. അതൊന്നും പറയാന്‍ പറ്റില്ല. എനിക്ക് ഫീല്‍ ചെയ്തതാണ് എന്ന് ഞാന്‍ പറഞ്ഞു.
എവിടെ വെച്ചാണ് കണ്ടത്? ഞാന്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഈരാറ്റുപേട്ട പോകുന്ന വഴി ഒരു വളവ് തിരിഞ്ഞപ്പോഴാണ്. ദൈവം അവിടെ നില്‍ക്കുകയായിരുന്നു എന്ന് പറഞ്ഞു. കഥ കണ്‍വിന്‍സിങ് ആണെങ്കില്‍ വളവ് പോലുള്ള ചില സ്പെസിഫിക്കേഷന്‍സ് വേണം. അല്ലാതെ എവിടെയോ വെച്ചെന്ന് പറഞ്ഞാല്‍ വിശ്വാസം വരില്ല. ഇതേ ചോദ്യം ദൈവം എന്നോട് ചോദിച്ചു. നിനക്ക് സൂപ്പര്‍സ്റ്റാര്‍ ആകണോ ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ് വേണോ? ഞാന്‍ പറഞ്ഞു എനിക്ക് ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ് മതിയെന്ന്. ഇത് കേട്ടപ്പോള്‍ ആ..സൂപ്പര്‍ എന്ന് അവനും മറുപടി പറഞ്ഞു. ചിരിയോടെ മുകേഷ് പറഞ്ഞു നിര്‍ത്തി.