‘ദിലീപിന്റെ ഭാഗത്താണ് ശരിയെന്ന് നേരിട്ടറിഞ്ഞു; ആ സംവിധായകന് വലിയ നടിയെ സ്വന്തമാക്കാൻ ലക്ഷ്യം’; മഹേഷ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പിന്തുണച്ച് സംസാരിച്ച നടൻമാരിൽ ഒരാളായിരുന്നു മഹേഷ്. ചാനൽ ചർച്ചകളിലെല്ലാം ദിലീപ് ഒരിക്കലും ഇത്തരമൊരു കുറ്റം ചെയ്യില്ലെന്ന് മഹേഷ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ദിലീപിന് വേണ്ടി സംസാരിച്ചതെന്ന് കാര്യ കാരണ സഹിതം വിശദീകരിക്കുകയാണ് മഹേഷ്. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ദിലീപിന്റെ ഭാഗത്താണ് ശരിയെന്നത് നേരിട്ട് അറിയുന്നത് കൊണ്ടാണ് ഞാൻ അദ്ദേഹത്തിന് വേണ്ടി സംസാരിച്ചത്. അദ്ദേഹം സബ് ജയിലിൽ ആയിരുന്നപ്പോഴൊന്നും ഞാൻ പ്രതികരിച്ചിരുന്നില്ല. പിന്നീട് പോലീസും മാധ്യമങ്ങളുമൊക്കെ ഈ സംഭവം കൈകാര്യം ചെയ്ത രീതി കണ്ടാണ് എന്തോ ദുരൂഹത ഉണ്ടെന്ന് തനിക്ക് തോന്നിയത്.
ഒന്നാമത്തെ കാരണം മോഹൻലാൽ മമ്മൂട്ടി എന്ന വടവൃക്ഷങ്ങൾക്കിടയിലും വളർന്ന് വന്ന താരമാണ് ദിലീപ്. രണ്ടാമത്തെ കാര്യം അദ്ദേഹമാണ് ചങ്കൂറ്റത്തോടെ അമ്മയുടെ സിനിമ ചെയ്യാൻ വന്നത്. അദ്ദേഹത്തിന്റെ ബിസിനസ് മൈന്റാണ് ട്വന്റി ട്വന്റിയിലും വർക്ക് ചെയ്തത്. വലിയ ബുദ്ധിയുള്ള ദിലീപിനെ പോലൊരാൾ ഇത്രയും പൈസ മുടക്കി വർഷങ്ങൾക്ക് മുൻപ് സമാന രീതിയിൽ കുറ്റം ചെയ്തൊരാൾക്ക് പണം കൊടുത്ത് ഇത്തരം ഒരു കാര്യം ചെയ്യിക്കുമോയെന്നതാണ് ചോദ്യം. അത്ര മണ്ടനല്ല ദിലീപ്. അയാൾക്ക് അങ്ങനെ ചെയ്യണമെങ്കിൽ ദുബായിൽ നിന്നോ ബോംബെയിൽ നിന്നോ ഒക്കെ ആരെയെങ്കിലും ഇറക്കാം.
മറ്റൊരു കാര്യം അഞ്ചിന്റെ പൈസ എടുക്കാൻ ഇല്ലാത്ത ആളാണ് പൾസർ സുനി. രണ്ട് കോടി രൂപയ്ക്കാണ് ക്വട്ടേഷൻ എന്നാണ് പറഞ്ഞത്. അതിന് 10,000 രൂപയാണോ അഡ്വാൻസ് കൊടുക്കുക?. പോലീസിന്റെ നീക്കങ്ങളും കേസിൽ ദുരൂഹമായിരുന്നു. എടുത്ത് ചാടിയായിരുന്നു കാര്യങ്ങൾ അവർ ചെയ്തത്. ഇക്കാര്യങ്ങളൊക്കെ കൊണ്ടാണ് ഞാൻ ഈ വിഷയത്തിൽ ആഴത്തിൽ പഠിക്കാനും മനസിലാക്കാനും ശ്രമിച്ചത്.
ദിലീപിന് വേണ്ടി സംസാരിച്ച നടൻ ഞാൻ മാത്രമാണ്. പിന്നെ നടിമാരായ ചില ഫെമിനിസ്റ്റ് ചേച്ചിമാർ ദിലീപിനെതിരെ സംസാരിച്ചിട്ടുണ്ട്. ദിലീപിനെതിരായ കേസിന് പിന്നിൽ പല ലക്ഷ്യങ്ങളുമുണ്ട്. ഒന്ന് ദിലീപിനെ താഴെയിറക്കുകയാണെന്ന ചിലരുടെ ലക്ഷ്യം തന്നെയായിരുന്നു. അതുവഴി വേറെ ചിലരെ നേടുകയെന്നതും. പക്ഷേ ഒന്നും അല്ലാതായി പോയി. അയാൾ വലിയ സിനിമയൊക്കെ പ്രഖ്യാപിച്ച് ഒന്നും അല്ലതായതാണ്. പിന്നെ വലിയൊരു നടിയെ സ്വന്തമാക്കാമെന്ന ചിന്തയൊക്കെ ഉണ്ടായിരുന്നു അയാൾക്ക്. അതൊന്നും നടന്നില്ല ,തകർന്ന് തരിപ്പണമായി പോയി.
അഡ്വ ആളൂർ എന്തിന് ഈ കേസ് എടുക്കാൻ വരണം? ലക്ഷങ്ങളാണ് അയാളുടെ ഫീസ്. ഇതിന് പിന്നിൽ ആരാണ്? ആളൂരിനെ പിടിച്ച് അകത്ത് ഇടണം.സത്യാവസ്ത മനസിലാകും. ദിലീപ് എനിക്ക് പണം തന്നിരുന്നുവെങ്കിൽ എനിക്ക് ഈ ഗതിക്കെട്ട് നിൽക്കേണ്ടതുണ്ടോ? ദിലീപിന് വേണ്ടി സംസാരിക്കൻ പോയിട്ട് എനിക്ക് സിനിമ പോലുമില്ല. ദിലീപിന് വേണ്ടി സംസാരിക്കാൻ പോയിട്ട് എന്റെ കുടുംബം പോലും കഷ്ടപ്പെട്ട് തുടങ്ങി’ എന്നും മഹേഷ് പറഞ്ഞു.