KeralaNews

മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ട്, കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് നടന്‍ ലാല്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അമ്മയില്‍ കൂട്ടരാജി ഉണ്ടായതില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ലാല്‍. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. അക്കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല. ആ കൂട്ടത്തില്‍ നിരപരാധികളായ ആരും പെട്ടുപോകരുതേ എന്ന പ്രാര്‍ഥന മാത്രമാണ് ഉള്ളത്.

ഇനി അമ്മ ഭരണസമിതി തുടരുകയാണെങ്കിലും എന്താണ് ചെയ്യാനുള്ളത്? മോഹന്‍ലാല്‍ മാധ്യമങ്ങളെ കണ്ട് പറയുക അന്വേഷണം നടക്കട്ടെ, കുറ്റവാളികളെ ശിക്ഷിക്കണമെന്ന് മാത്രമായിരിക്കും. ഇത് പറയാനായി മാത്രം വെറുതെ മാധ്യമങ്ങളെ കാണുന്നതില്‍ അര്‍ത്ഥമില്ല. സിദ്ദിഖിനെതിരായ ലൈംഗികാരോപണം ഞെട്ടലുണ്ടാക്കിയെന്നും ലാല്‍ പറഞ്ഞു.

ആരോപണം ആരുടെ പേരില്‍ വന്നാലും ഞെട്ടിപ്പിക്കുന്നതാണ്. കാരണം ഒരാളില്‍ നിന്നും നമ്മള്‍ ഇത് പ്രതീക്ഷിക്കുന്നില്ല. ആരുടെയും ഉള്ളിലേക്ക് കടന്നൊന്നും നമുക്ക് കാണാനാവില്ല. അതുകൊണ്ട് എല്ലാവരും നല്ലവരാണെന്നാണ് വിശ്വസിക്കുന്നത്. അമ്മയുടെ തലപ്പത്തേക്ക് വരാന്‍ എല്ലാവര്‍ക്കും യോഗ്യതയുണ്ട്. ആരും മോശക്കാരില്ല.

സീനിയേഴ്‌സായാലും യുവതാരങ്ങളായാലും പ്രശ്‌നമില്ല. ആര് വന്നാലും പ്രശ്‌നമില്ല. കാര്യങ്ങള്‍ നന്നായി തന്നെ പോകണം. അമ്മയില്‍ നിങ്ങള്‍ പറയുന്നത് പോലുള്ള വലിയ കാര്യങ്ങളൊന്നും നടക്കുന്നില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഞാനുണ്ട്. അവിടെ സ്വസ്ഥമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ചെയ്യാറുള്ളതെന്നും ലാല്‍ വ്യക്തമാക്കി.

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്റെ സെറ്റില്‍ അത്തരം സംഭവങ്ങളുണ്ടായിട്ടില്ല. പക്ഷേ മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന കാര്യം സത്യമാണ്. അത് എല്ലായിടത്തും ഉണ്ട്. ഈ വിഷയത്ത കൈയ്യൊഴിയുകയല്ല. ഒരു സ്ഥലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടാവാന്‍ പാടില്ല. സിനിമയിലും ഉണ്ടാവാന്‍ പാടില്ല മറ്റൊരിടത്തും അത്തരം അനുഭവങ്ങള്‍ സ്ത്രീകള്‍ക്കുണ്ടാവരുത്.

സിനിമയില്‍ സ്വാഭാവികമായി അത് കൂടുതലായിരിക്കും. കുറ്റം ചെയ്തവരെ പറ്റി അന്വേഷിക്കണം. പോക്‌സോ കേസ് അടക്കം ചുമത്തണം. ഇനി കുറ്റം ചെയ്‌തെന്ന് തെളിയിക്കപ്പെട്ടാല്‍ നടപടിയെടുക്കണം. പക്ഷേ ശിക്ഷിക്കപ്പെടുന്നത് കുറ്റം ചെയ്തവര്‍ തന്നെയാണെന്ന് തെളിയിക്കപ്പെടണമെന്നും ലാല്‍ പറഞ്ഞു.

അതേസമയം ഒരാളെ പൂട്ടാം എന്ന് വിചാരിക്കുന്ന കൊള്ള സംഘമല്ല അമ്മ. അവിടെ ആരും കുഴപ്പക്കാരില്ല. അമ്മയുടെ ഇടയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. എല്ലാവരും ഒരേ മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നത്. ജോയ് മാത്യുവിനെ ഇത്തവണ നിര്‍ബന്ധിച്ച് എക്‌സിക്യൂട്ടീവിലേക്ക് അയച്ചത് ഞാനാണ്. തനിക്കവിടെ പോയി ഗുസ്തി പിടിക്കാന്‍ വയ്യെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാല്‍ ഞാന്‍ നിര്‍ബന്ധിച്ച് അദ്ദേഹത്തെ മത്സരിപ്പിച്ചു. അദ്ദേഹം എക്‌സിക്യൂട്ടീവ് അംഗമായി തിരിച്ചുവന്നപ്പോള്‍ പറഞ്ഞതെല്ലാം മാറ്റി പറഞ്ഞു. അമ്മ നല്ല രീതിയിലാണ് പോകുന്നതെന്നും നല്ല തീരുമാനങ്ങള്‍ എടുക്കാനുള്ള മനസ്സുള്ളവരാണ് അവിടെയുള്ളവരെന്നും ജോയ് മാത്യു പറഞ്ഞു. മുകേഷിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും ലാല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker