KeralaNews

ഇന്നസെന്റിന് യാത്രമൊഴി, നിറകണ്ണുകളോടെ വിടചൊല്ലി കേരളം

ഇരിങ്ങാലക്കുട: വെള്ളിത്തിരയിൽ ഒരുപാടുപേരെ ചിരിപ്പിച്ച ഇന്നസെന്റിന് ഒരായിരം നിറകണ്ണുകളാൽ അന്ത്യാഞ്ജലി. ഇന്നസെന്റിന്റെ സംസ്കാരച്ചടങ്ങുകൾ പൂർണ ഔദ്യോ​ഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെയ്ൻറ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടന്നു. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ ഒമ്പതുമണിവരെ ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിനുവെച്ചിരുന്നു.

ഒരു മനുഷ്യായുസ് മുഴുവൻ ചിരിക്കാനുള്ള തമാശകൾ നൽകിയാണ് ഇന്നച്ചൻ യാത്രയാകുന്നത്. അവസാനമായി ഒരു നോക്കു കാണാൻ എത്തിയവരുടെ കണ്ണുകൾ അദ്ദേഹം സമ്മാനിച്ച ചിരി ഓർമ്മകളാൽ നിറഞ്ഞിരുന്നു. ഇരിങ്ങാലക്കുട സെന്റ് കത്തീഡ്രലിൽ തന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും അടുത്തായി ഒരുക്കിയിട്ടുള്ള കല്ലറയിലാണ് ഇനി ഇന്നച്ചന് വിശ്രമം. ‌‌

പൊതുദർശനം ആരംഭിച്ചത് മുതലുള്ള അതേ ജനത്തിരക്ക് തന്നെയായിരുന്നു സംസ്കാര ചടങ്ങുകൾ പൂർത്തിയാകുന്നത് വരെയും ഉണ്ടായിരുന്നത്. വീട്ടിൽ നിന്നും പ്രാർത്ഥനക്ക്‌ ശേഷം കത്തീഡ്രലിലേക്ക് പോകുന്ന വഴിയിലും പള്ളിയിലും ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാനായി തടിച്ചു കൂടിയത്. വഴിയിൽ തടിച്ചു കൂടിയിരുന്ന പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. ഇത്രയും കാലം പൊട്ടിച്ചിരിപ്പിച്ച അദ്ദേഹം കണ്ണുനീർ സമ്മാനിച്ചാണ് നമ്മോടു യാത്ര പറയുന്നത്.

പ്രിയതാരത്തെ അവസാനമായി ഒരുനോക്കുകാണാനും ആദരാഞ്ജലിയർപ്പിക്കാനും തിങ്കളാഴ്ച കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗൺഹാളിലും വന്നുചേർന്നത് ആയിരങ്ങളായിരുന്നു. അഞ്ചേകാലിനുശേഷം ആലീസും മക്കളുമൊന്നിച്ച് ഇന്നസെന്റ് ആഹ്ളാദത്തോടെ ജീവിച്ച ‘പറുദീസ’യിലേക്ക്. അവിടെ അവസാന കാഴ്ചയിൽ പലരും നിറകണ്ണുകൾ മറയ്ക്കാനാവാതെയാണ് നിന്നത്. സംവിധായകൻ പ്രിയദർശൻ കണ്ണീരിനിടയിലൂടെയാണ് ഇന്നസെന്റിനെ കണ്ടത്. സത്യൻ അന്തിക്കാടും വിതുമ്പിപ്പോയി.

മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുട ടൗൺഹാളിലും നടൻ മമ്മൂട്ടി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും മോഹൻലാൽ ഇരിങ്ങാലക്കുടയിലെ വീട്ടിലും എത്തി ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ചു. വീട്ടിൽ രാത്രി ഏറെ വൈകിയും ആളുകൾ എത്തിക്കൊണ്ടിരുന്നു. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇന്നസെന്റിന്റെ അന്ത്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker