വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ? ജൂറി സിനിമ കണ്ട് കാണില്ല’;അവാര്‍ഡ് വിവാദത്തില്‍ ആഞ്ഞടിച്ച് ഇന്ദ്രന്‍സ്
തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ വിമര്‍ശിച്ച് നടന്‍ ഇന്ദ്രന്‍സ്. ഹോം എന്ന സിനിമയെ തഴഞ്ഞതിനും, ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. മികച്ച നടിയായി മഞ്ജു പിള്ളയെ പരിഗണിക്കാത്തതിലും ജൂറിയെ കുറ്റപ്പെടുത്തുന്നുണ്ട്. ലൈംഗിക പീഡന കേസിലെ പ്രതിയായ നിര്‍മാതാവും നടനുമായ വിജയ് ബാബു നിര്‍മിച്ച ചിത്രമാണ് ഹോം. അതുകൊണ്ടാണ് സിനിമയെ തഴഞ്ഞതെന്നും അഭ്യൂഹമുണ്ട്.
ഹോം ജൂറി കണ്ടിട്ടുണ്ടാകില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ എന്നും ഇന്ദ്രന്‍സ് ചോദിച്ചു.വ്യക്തിപരമായി എനിക്ക് പുരസ്‌കാരം ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ സിനിമയെ പൂര്‍ണമായി തഴഞ്ഞതെന്തിന് എന്നറിയില്ല. ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ല. കണ്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞിരുന്നു. സിനിമയെ ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം.
വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ?. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോ?കലയെ കലയായിട്ട് കാണണം. കലയെ കശാപ്പ് ചെയ്യാൻ പാടില്ല. എനിക്ക് അവാർഡ് കിട്ടാത്തതിൽ വിഷമമൊന്നുമില്ല. പക്ഷെ, ഈ സിനിമയ്ക്ക് എന്തെങ്കിലും അവാർഡ് ലഭിക്കേണ്ടതായിരുന്നു. മഞ്ജു പിള്ള ഒക്കെ നന്നായി ചെയ്ത സിനിമയാണ്’. ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ഹൃദയം നല്ല സിനിമയാണ്. അതിനൊപ്പം ഹോമിനെയും ചേര്‍ത്തുവയ്ക്കമായിരുന്നില്ലയെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
നടി രമ്യാ നമ്പീശന്‍, കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ടി സിദ്ദിഖ് തുടങ്ങി ഒട്ടനവധിപേര്‍ ഇന്ദ്രന്‍സാണ് പുരസ്‌കാരത്തിന് അര്‍ഹനെന്ന് ചൂണ്ടിക്കാട്ടി.ഹൃദയം കവര്‍ന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകര്‍ച്ച മറ്റ് അഭിനേതാക്കളില്‍ കാണാന്‍ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങളെന്ന് ടി സിദ്ധിഖ് കുറിച്ചു.
ഇന്ദ്രന്‍സിന്റെ ചിത്രം പങ്കുവച്ച്, ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍ എന്നാണ് രമ്യ കുറിച്ചത്.അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ച ഷാഫി പറമ്പില്‍ ഇന്ദ്രന്‍സിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. ‘ജനഹൃദയങ്ങളില്‍’ മികച്ച നടന്‍ എന്നും ഇന്ദ്രന്‍സ് ആണ് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ എത്തിയത്.
മികച്ച നടനുള്ള പുരസ്‌കാരം ജോജു ജോര്‍ജ്ജ്, ബിജു മേനോന്‍ എന്നിവര്‍ പങ്കിട്ടെടുക്കുകയായിരുന്നു. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോന് പുരസ്‌കാരം. മധുരത്തിലെ അഭിനയത്തിനായിരുന്നു ജോജുവിന്റെ നേട്ടം.
അതേസമയം, ‘ഹോം’ സിനിമയുടെ നിർമ്മാതാവ് പീഡനക്കേസിൽപ്പെട്ട വിവരം ഇന്നാണ് അറിയുന്നതെന്നും, ആ വിവാദം സംസ്ഥാന സിനിമ അവാർഡിനെ ബാധിച്ചിട്ടില്ലെന്നും ജൂറി ചെയർമാൻ സയിദ് അഖ്തർ മിർസ പറഞ്ഞു. ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നെസ്ലൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി വിജയ് ബാബു നിർമ്മിച്ച സിനിമയാണ് ഹോം.