KeralaNews

‘അയാള്‍ സഭയുടെ കുട്ടിയാണ്; ഉമ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അത് യഥാര്‍ത്ഥ ഹൃദയപക്ഷമാകുന്നു’

കൊച്ചി: കേരളം വീണ്ടും തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നിരിക്കുകയാണ്. തൃക്കാക്കരയില്‍ ഇരു മുന്നണികളും സ്ഥാനാര്‍ത്ഥികലെ പ്രഖ്യാപിച്ച് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ എല്‍ ഡി എഫിന് വേണ്ടി മത്സരിക്കുന്നത് ഹൃദ്രോഗ വിദഗ്ദനായ ഡോ ജോ ജോസഫാണ്. ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം തൃക്കാക്കരയില്‍ ശരിക്കും അപ്രതീക്ഷിതം എന്ന് വേണം പറയാന്‍.

എന്നാല്‍ ഇപ്പോഴിതാ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ജോ ജോസഫിന് പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജോ ജോസഫ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ചിത്രം പങ്കുവച്ചാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം.

ആയാള്‍ സഭയുടെ കുട്ടിയാണെന്ന് പറഞ്ഞാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഞങ്ങള്‍ മതങ്ങളിലേക്ക് പടരും…പ്രസംഗത്തില്‍ ഞങ്ങള്‍ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും..തൃക്കാക്കരയില്‍ എല്‍ ഡി എഫ് മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വര്‍ഗ്ഗിയതയുടെ തലച്ചോറ് പക്ഷമാകുമ്പോള്‍..സഭയുടെ തീരുമാനങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും എതിര്‍പക്ഷമായ പി.ടി യോടുള്ള സ്‌നേഹം കൊണ്ട് ഉമ യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അത് യഥാര്‍ത്ഥ ഹൃദയപക്ഷമാകുന്നെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

അയാള്‍ സഭയുടെ കുട്ടിയാണ്…സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഞങ്ങള്‍ മതങ്ങളിലേക്ക് പടരും…പ്രസംഗത്തില്‍ ഞങ്ങള്‍ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും..തൃക്കാക്കരയില്‍ എല്‍ ഡി എഫ് മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വര്‍ഗ്ഗിയതയുടെ തലച്ചോറ് പക്ഷമാകുമ്പോള്‍..

സഭയുടെ തീരുമാനങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും എതിര്‍പക്ഷമായ പി.ടി യോടുള്ള സ്‌നേഹം കൊണ്ട് ഉമ യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അത് യഥാര്‍ത്ഥ ഹൃദയപക്ഷമാകുന്നു…എന്തിനേറെ..നടിയെ ആക്രമിച്ച കേസില്‍ പി.ടിയില്ലായിരുന്നെങ്കില്‍ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല…നമുക്ക് അറിയാനുള്ളത് ഇത്രമാത്രം..കുറുക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവുക എന്ന് മാത്രം- ഹരീഷ് പേരടി കുറിച്ചു.

അതേസമയം, ഡോ. ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവുന്നുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് മുന്‍ മന്ത്രി കെകെ ശൈലജ പറഞ്ഞു. ആതുര സുശ്രൂഷാ രംഗത്തെ മാനുഷിക മുഖങ്ങളിലൊന്നാണ് ഡോ. ജോ ജോസഫ്. തനിക്ക് മുന്നിലിരിക്കുന്നവരോട് ഹൃദയംകൊണ്ടാണ് ജോ ജോസഫ് എന്നും സംസാരിച്ചിട്ടുള്ളത്. മനുഷ്യപക്ഷം ചേര്‍ന്നുള്ള വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്ന ഇടതുപക്ഷത്തോടൊപ്പം ജോ ജോസഫിനെ പോലൊരു ഡോക്ടര്‍ നിയമസഭയിലെത്തുന്നത് മനുഷ്യപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 100 ന്റെ പകിട്ട് നല്‍കുമെന്നും കെ കെ ശൈലജ വ്യക്തമാക്കി.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യ സ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ആശയങ്ങള്‍ കൂടുതല്‍ തെളിമയോടെ തൃക്കാക്കരയിലെ ജനങ്ങളിലേക്കെത്തിക്കാന്‍ ജോ ജോസഫിനെപോലെ സാധാരണക്കാരന്റെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ ആതുര സുശ്രൂഷകന് കഴിയും. ജോ ജോസഫിലെ മനുഷ്യ സ്നേഹിയെ നമ്മള്‍ കണ്ടത് 2020 ജൂലൈ 21 ന് എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ഹൃദയമാറ്റ ശാസ്ത്രക്രിയയിലൂടെയാണ്. തിരുവനന്തപുരത്ത് നിന്നും ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയും കൈയ്യിലേന്തി മിടിക്കുന്ന ഹൃദയവുമായി ഡോ. ജോ ജോസഫ് എറണാകുളം ലിസി ആശുപത്രിയിലേക്ക് പുറപ്പെട്ടു.

മൂന്ന് മണിക്കൂര്‍ 11 മിനുട്ട് കൊണ്ട് ആ ഹൃദയം ലിസി ആശുപത്രിയിലെ സണ്ണി തോമസിന്റെ ശരീരത്തില്‍ മിടിച്ചു. ഇതുള്‍പ്പെടെ അനേകം ഹൃദയ ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ആതുര സുശ്രൂഷകനാണ് ജോ ജോസഫ്. കേരളത്തിലെ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധരില്‍ ഒരാളായ ജോ ജോസഫ് സാമൂഹ്യപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിയാണ്. ഹൃദ്രോഗ, ഹൃദയാരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ എക്സിക്യുട്ടീവ് ട്രസ്റ്റിയായ ജോ പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും ശ്രദ്ധേയമായ സേവനപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. മറ്റു നിരവധി സംഘടനകളിലും അദ്ദേഹം ഭാരവാഹിത്വം വഹിക്കുന്നുണ്ടെന്ന് കെ കെ ശൈലജ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker