88 വയസുള്ള ആള് മരിക്കണ്ടേതല്ലേ? മരിച്ചു കഴിഞ്ഞ് ഒലിപ്പിക്കുന്ന വര്‍ത്തമാനം പറഞ്ഞില്ലല്ലോ,ബൈജുവിന് കയ്യടിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം:കഴിഞ്ഞ ദിവസമാണ് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നടന്‍ ടിപി മാധവന്‍ അന്തരിച്ചത്. മലയാളം സിനിമാലോകം ഒന്നടങ്കം നടന് അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു. ഇതിനിടെ നടന്‍ ബൈജു പറഞ്ഞ ചില കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്.
ടിപി മാധവനുമായി സൗഹൃദത്തിലായിരുന്ന ബൈജു അദ്ദേഹത്തിന്റെ വിയോഗം അറിഞ്ഞ് കാണാന്‍ എത്തിയിരുന്നു. ടിപി മാധവനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതിനിടെ ഇവിടെ അനുശോചനത്തിന്റെ ആവശ്യമൊന്നുമില്ലെന്നാണ് നടന്‍ അഭിപ്രായപ്പെട്ടത്. 88 വയസായിട്ടുള്ള ആള്‍ മരിക്കണ്ടേ എന്നും ബൈജു ചോദിച്ചു. വളരെ സ്വാഭാവികമായി പറഞ്ഞ മറുപടിയാണെങ്കിലും ഇതിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
‘അനുശോചനം എന്ത് പറയാനിരിക്കുന്നു. 88 വയസുള്ള ആള് മരിക്കണ്ടേ? അതില്‍ അനുശോചിച്ചിട്ട് കാര്യമില്ല. നമ്മളൊന്നും അത്ര പോലും പോകില്ല. ടിപി മാധവനും ഞാനും അധിക സിനിമകളിലൊന്നും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഒരു സിനിമയിലോ മറ്റോ ഞങ്ങള്‍ ഒന്നിച്ചിട്ടുള്ളു. എനിക്ക് അല്ലാതെയുള്ള പരിചയമേയുള്ളു.
ഞങ്ങളൊന്നിച്ച് ക്ലബ്ബിലൊക്കെ ഇരുന്ന് ചീട്ട് കളിക്കുമായിരുന്നു. കൃത്യമായി കാശൊക്കെ വാങ്ങിക്കും. ചീട്ട് കളിക്കുന്നതില്‍ ഭ്രമമുണ്ടായിരുന്ന ആളായിരുന്നു മാധവേട്ടന്‍. എല്ലാവരെയും കളിയാക്കുന്ന സ്വഭാവമൊക്കെ ഉണ്ടായിരുന്നു. നല്ല മനുഷ്യനാണ്. ഓരോരുത്തരുടെയും തലയിലെഴുത്ത്. നാളെ എന്റെ അവസ്ഥ എങ്ങനെയാണെന്ന് പറയാന്‍ സാധിക്കില്ലല്ലോ.
അദ്ദേഹം ഒരുപാട് കടമ്പകളിലൂടെയാണ് പോയതെന്ന് പറയുന്നു. എല്ലാവരുടെയും ജീവിതം അങ്ങനൊക്കെ തന്നെയാണ്. ഈ പുള്ളിയുടെ കടമ്പ കുറച്ച് കൂടി പോയെന്നേയുള്ളു. വയസാവുമ്പോള്‍ നമ്മളെ നോക്കാന്‍ ആരുമില്ലെന്ന് പറയുന്നത് വല്ലാത്ത കഷ്ടമാണ്. മാധവന്‍ ചേട്ടന് മകനും മകളുമൊക്കെ ഉണ്ടെന്ന് ഞാന്‍ പറഞ്ഞ് കേട്ടിട്ടേയുള്ളു. അവരെ പറ്റി ഒന്നും പറയാനില്ലെന്നുമാണ്,’ ബൈജു പറഞ്ഞത്.
നടന്റെ വാക്കുകള്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ബൈജു പറഞ്ഞതിനെയും അദ്ദേഹത്തിന്റെ ക്യാരക്ടറിനെ കുറിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ‘ഈ പുള്ളി പറയുന്നത് എല്ലാം സത്യമാണ്. അല്ലാതെ മരിച്ചു കഴിഞ്ഞ് ഒലിപ്പിക്കുന്ന വര്‍ത്തമാനം പറഞ്ഞില്ലല്ലോ? ഒലിപ്പിക്കുന്നവരെ ആണ് സൂക്ഷിക്കേണ്ടത്. ഒരു കാര്യം സത്യമാണ്. ഇനിയും അങ്ങോട്ട് 88 വയസുവരെ ഒരാളും ജീവിക്കില്ല. അങ്ങനെ നോക്കുമ്പോള്‍ ടി പി മാധവന്‍ ഭാഗ്യവാനാണ്.
ബൈജു ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ട്ടപ്പെടുന്ന വ്യക്തിയാണ്. താങ്കള്‍ വിഷമിക്കണ്ട, ഞാന്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ താങ്കളെ പൊന്നുപോലെ നോക്കും, സംരക്ഷിക്കുമെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ബൈജു ചേട്ടന്‍ സത്യമായ കാര്യങ്ങള്‍ അല്‍പം നര്‍മ രൂപത്തില്‍ പറഞ്ഞ് എല്ലാവരെയും ഹാപ്പിയാക്കും. നല്ലൊരു പോസിറ്റീവ് എനര്‍ജി നല്‍കുന്ന നല്ലൊരു ആക്ടറാണ്.
ബൈജു ചേട്ടന്‍ പറഞ്ഞതാണ് സത്യം. ബൈജുവിന്റെ ഏറ്റവും വലിയ ക്വാളിറ്റി ജീവിതത്തില്‍ അഭിനയിക്കില്ല. വച്ചു കെട്ടില്ലാതെ അത് പൊലിപ്പിക്കാതെ ഉള്ളതുപോലെ പറയും. അല്ലാതെ മറ്റു നടന്മാര്‍ പറയുന്നത് ഉള്ളില്‍ തട്ടാതെ പുറത്ത് ഭയങ്കര ഭാവാഭിനയത്തില്‍ ഒലിപ്പിക്കും. നല്ല മനുഷ്യര്‍ക്ക് നിഷ്‌കളങ്കതയുടെ വര്‍ത്താനം പറയാന്‍ കഴിയുള്ളൂ. അത് വാക്കുകള്‍ക്ക് ചിലപ്പോള്‍ എരിവും മൂര്‍ച്ചയും ഉണ്ടാകും. പക്ഷേ അത് സത്യമായിരിക്കും…’ എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.