കൊച്ചി: സ്വാധീനവും പിടിപാടും ഉള്ളവരുടെ പാര്‍ട്ടിയായി സിപിഎം മാറരുതെന്ന് ആക്ടിവിസ്റ്റ് ജോമോള്‍ ജോസഫ്. കുഞ്ഞിനെ തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവായ അച്ഛനെതിരെ നിയമനടപടിക്കൊരുങ്ങിയ അനുപമ ചന്ദ്രന് നേരെ സി പി എം സൈബര്‍ സഖാക്കളുടെ ആക്രമണം ശക്തമായ പശ്ചാത്തലത്തിലായിരുന്നു ജോമോള്‍ ജോസഫിന്റെ പ്രതികരണം. കുഞ്ഞിനെ തിരിച്ച് കിട്ടണം എന്നാവശ്യപ്പെട്ട് അനുപമ പാര്‍ട്ടിയിലും പോലീസിലും പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് വരെ കത്തയച്ചിരുന്നു. യാതൊരു ഫലവുമുണ്ടായില്ല. ശ്രീമതി ടീച്ചര്‍ മുതല്‍ വൃന്ദ കാരാട്ട് വരെയുള്ള നേതാക്കള്‍ ഇടപെട്ടിട്ടും അനുപമയുടെ കുട്ടിയുടെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകാതിരുന്നത് കഷ്ട്ടം തന്നെയാണെന്ന് ജോമോള്‍ വ്യക്തമാക്കുന്നു.
സംഭവം വിവാദമായതോടെ സിപിഎം ഇടതുപക്ഷ പ്രൊഫൈലുകള്‍ അനുപമയെ വേട്ടയാടാന്‍ തുടങ്ങിയെന്ന് ജോമോള്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. അനുപമയെ അഭിസാരികയാക്കാനും, ആ കുഞ്ഞിന്റെ അപ്പനെ മോശക്കാരനാക്കാനും, അവരെ സ്വഭാവഹത്യ ചെയ്യാനും ഇടതു സിപിഎം പ്രൊഫൈലുകള്‍ മത്സരിക്കുകയാണെന്ന് ജോമോള്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. അമ്മയും അപ്പനും എത്ര കെട്ടവരായാലും, ആ കുഞ്ഞിന്റെ അപ്പനും അമ്മയും അവര്‍ തന്നെയാണ്. ആ കുഞ്ഞ് അവരുടെ കുഞ്ഞാണ്. കാക്കക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നാണല്ലോയെന്ന് ജോമോള്‍ ചോദിക്കുന്നു.
ഇനി മിടുക്കരായ കുഞ്ഞുങ്ങളെ ഉണ്ടാക്കാന്‍, ഗുണമേന്മയുള്ള വിത്തുകാളകളെ സപ്ലൈ ചെയ്യാനും, നിങ്ങള്ക്ക് കൂടി അംഗീകരിക്കാന്‍ സാധിക്കാന്‍ പാകത്തിലുള്ള മക്കളെ ഗര്‍ഭം ധരിക്കാന്‍ യുവതികളെയും സ്ത്രീകളെയും സഹായിക്കാന്‍ വേണ്ടി ഗുണമേന്മ കൂടിയ ബീജം ആവശ്യക്കാര്‍ക്ക് കൊടുക്കാനായി ബീജ ബാങ്ക് തുടങ്ങാനും സിപിഎം എന്ന പാര്‍ട്ടി തയ്യാറെടുക്കുന്നുണ്ട് എന്നാണു ഈ ഇടതു സിപിഎം പ്രൊഫൈലുകളുടെ ആക്രോശം കാണുമ്പോള്‍ തനിക്ക് തോന്നുന്നത് എന്നും അവര്‍ പരിഹസിക്കുന്നു.
ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഹാ കഷ്ടം സിപിഎമ്മെ…
കുഞ്ഞിനെ തിരികെ നേടാനായി ആ അമ്മ കഴിഞ്ഞ ആറ് മാസക്കാലം പാര്‍ട്ടി/സര്‍ക്കാര്‍ സംവിധാനങ്ങളുടെ പുറകെ നടന്നു..
ഏരിയ സെക്രട്ടറി പിന്നെ ജില്ലാ സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെയും, ശ്രീമതി ടീച്ചര്‍ മുതല്‍ വൃന്ദ കാരാട്ട് വരെയുള്ള നേതാക്കളെയും സമീപിച്ചു..
മുഖ്യമന്ത്രിക്കും ഡിജിപിക്കും മറ്റു നിരവധി സംവിധാനങ്ങളില്‍ പരാതിയുമായി സമീപിച്ചു..
അന്നൊന്നും ആ അമ്മ പൊതുസമൂഹത്തോട് യാതൊന്നും മിണ്ടിയില്ല.. അവളുടെ വിഷമം അവള്‍ ഉള്ളിലൊതുക്കി..
കഴിഞ്ഞ ദിവസം അവള്‍ ഏഷ്യാനെറ്റിലെ ന്യൂസ് അവര്‍ വഴി പൊതുസമൂഹത്തോട് കാര്യങ്ങള്‍ വിശദീകരിച്ചു, അവള്‍ കഴിഞ്ഞ കാലം എവിടെയൊക്കെ ആരെയൊക്കെ സമീപിച്ചു എന്നത് പൊതുസമൂഹത്തോട് അവള്‍ തുറന്നു പറഞ്ഞു. അവള്‍ക്ക് അത് പറയാന്‍ ഒരു സ്‌പേസ് ഒരുക്കിയത് വിനു വി ജോണ്‍ ആണ്..
താന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി ദിനേശ് പുത്തലത്തിനെ വിളിച്ചു കാര്യം പറഞ്ഞു എന്നും, പോലീസ് കേസ് എടുക്കും എന്ന് പുത്തലത്ത് ഉറപ്പു നല്‍കിയെന്നും, എന്നാല്‍ ഒന്നും നടന്നില്ല എന്നും, പാര്‍ട്ടി സെക്രെട്ടറിക്ക് കത്ത് കൊടുക്കാന്‍ ആ അമ്മയോട് ഞാനാണ് പറഞ്ഞത് എന്നും എന്നിട്ടും യാതൊന്നും നടന്നില്ല എന്നും ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ തുറന്നു സമ്മതച്ചതും, ആ കുഞ്ഞിനെ അമ്മക്ക് തിരികെ നേടി നല്കുന്നതില്‍ താന്‍ പരാജയപ്പെട്ടു എന്ന് ഹൃദയ വേദനയോടെ വിഷമം പങ്കുവെച്ചതും കേന്ദ്ര കമ്മിറ്റി അംഗമായ ശ്രീമതി ടീച്ചര്‍
പൊതു സമൂഹത്തിനു മുന്നില്‍ ആ അമ്മ വേദന തുറന്നു പറഞ്ഞതോടെ പോലീസ് കേസ് എടുക്കാന്‍ തയ്യാറായി. കുഞ്ഞിന്റെ അഡോപ്ഷന്‍ നടപടികള്‍ നിര്‍ത്തിവെക്കണം എന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടാന്‍ തയ്യാറായി. കാര്യങ്ങള്‍ ആ അമ്മയുടെ വഴിക്ക് വന്നുതുടങ്ങി. കുഞ്ഞിനെ തിരികെ കിട്ടുമെന്ന് ആ അമ്മയോടൊപ്പം ഞാനും ആശ്വസിച്ചു തുടങ്ങുന്നു..
അപ്പോളേക്കും സിപിഎം ഇടതുപക്ഷ പ്രൊഫൈലുകള്‍ അവളെ വേട്ടയാടാന്‍ തുടങ്ങിയിട്ടുണ്ട്, അവളെ അഭിസാരികയാക്കാനും, ആ കുഞ്ഞിന്റെ അപ്പനെ മോശക്കാരനാക്കാനും, അവരെ സ്വഭാവഹത്യ ചെയ്യാനും ഇടതു സിപിഎം പ്രൊഫൈലുകള്‍ മത്സരിക്കുന്നു..
അമ്മയും അപ്പനും എത്ര കെട്ടവരായാലും, ആ കുഞ്ഞിന്റെ അപ്പനും അമ്മയും അവര്‍ തന്നെയാണ്. ആ കുഞ്ഞ് അവരുടെ കുഞ്ഞാണ്. കാക്കക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നാണല്ലോ?
ഇനി മിടുക്കരായ കുഞ്ഞുങ്ങളെ ഉണ്ടാക്കാന്‍, ഗുണമേന്മയുള്ള വിത്തുകാളകളെ സപ്ലൈ ചെയ്യാനോ, നിങ്ങള്ക്ക് കൂടി അംഗീകരിക്കാന്‍ സാധിക്കാന്‍ പാകത്തിലുള്ള മക്കളെ ഗര്‍ഭം ധരിക്കാന്‍ യുവതികളെയും സ്ത്രീകളെയും സഹായിക്കാന്‍ വേണ്ടി ഗുണമേന്മ കൂടിയ ബീജം ആവശ്യക്കാര്‍ക്ക് കൊടുക്കാനായി ബീജ ബാങ്ക് തുടങ്ങാനോ കൂടി സിപിഎം എന്ന പാര്‍ട്ടി തയ്യാറെടുക്കുന്നുണ്ട് എന്നാണു ഈ ഇടതു സിപിഎം പ്രൊഫൈലുകളുടെ ആക്രോശം കാണുമ്പോള്‍ എനിക്ക് തോന്നുന്നത്..
സ്വാധീനവും പിടിപാടും ഉള്ളവരുടെ പാര്‍ട്ടിയായി സിപിഎം മാറരുത്. അവശരുടേയും അബലരായവരുടെയും ആശ്വാസമാകാന്‍ പാര്‍ട്ടിക്കും പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനും കഴിയണം.
ആദ്യമായി വിനു വി ജോണിനോട് ഒരു മതിപ്പ് തോന്നുന്നു.