കൊച്ചി: നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾക്ക് നേരെ പൊലീസ് നടപടി ആരംഭിച്ചു. ആലുവയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസായ പെരിയാർ വാലി ക്യാംപസ് സീൽ ചെയ്യാൻ ഉദ്യോഗസ്ഥർ എത്തി. തഹസിൽദാർ, എൻഐഎ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് പൊലീസ് നടപടികൾ. എറണാകുളം ജില്ലയിലെ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ആലുവയിലെ പെരിയാർ വാലി ക്യാമ്പസ്.
പിഎഫ്ഐയുടെ ഓഫീസുകൾ സീൽ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള സർക്കുലർ ഇതിനോടകം പുറത്തിറങ്ങി. പോപ്പുലർ ഫ്രണ്ടിൻ്റേയും അനുബന്ധ സംഘടനകളുടേയും ഓഫീസുകൾ കണ്ടെത്തി സീൽ ചെയ്യാനാണ് നിർദേശം. ജില്ലകളക്ടറുടെ ഉത്തരവോടെയാകും സീൽ ചെയ്യുക. അക്കൗണ്ടുകൾ മരവിപ്പിക്കാനും പിഎഫ്ഐ പ്രവർത്തകരെ നിരീക്ഷിക്കാനും ഡിജിപിയുടെ നിർദേശമുണ്ട്.
നിരോധനത്തിൻ്റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിൻ്റെ ഓഫീസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിർദേശം ഡിജിപി അനിൽ കാന്ത് നൽകിയത്.
പോപ്പുലർ ഫ്രണ്ടിൻ്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങളും വസ്തുവകകകളും ഉപയോഗിക്കുന്നത് തടയാൻ വേണ്ട നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. സംഘടനയ്ക്കും നേതാക്കൾക്കും സാമ്പത്തിക സഹായം ലഭിക്കുന്ന മാർഗങ്ങൾ തടയും. ഇതിനായി ജില്ലാ മജിസ്ട്രേറ്റുമായി ചേർന്ന് തുടർ നടപടിയെടുക്കും. നടപടികൾ ക്രമസമാധാന വിഭാഗം എഡിജിപിയും മേഖലാ ഐജിമാരും റേഞ്ച് ഡി ഐ ജി മാരും നിരീക്ഷിക്കും.
തിരുവനന്തപുരം കല്ലമ്പലത്ത് രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ യുഎപിഎ നിയമപ്രകാരം ഇന്ന് അറസ്റ്റിലായിരുന്നു. പിഎഫ്ഐ ഏരിയ പ്രസിഡൻ്റ് പുതുശ്ശേരി സ്വദേശി നസീം, സംഘടന പ്രവർത്തകൻ അബ്ദുൽ സലിം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനത്തിന് പിന്നാലെ സംഘടനയുടെ പതാക അഴിച്ചുമാറ്റുന്നതിനിടെ പിഎഫ്ഐ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചതിനാണ് കേസ്.
പ്രതിഷേധത്തിൽ പങ്കെടുത്ത അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ അറസ്റ്റ് ചെയ്യും. പിഎഫ്ഐ നിരോധനത്തിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ ബാലൻ പിള്ള സിറ്റിയിൽ പ്രതിഷേധ പ്രകടനം നടത്തിയ ഏഴ് പേർക്കെതിരെയും പൊലീസ് ഇന്ന് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്.
പിഎഫ്ഐ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 155 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2197 ആയി. ഇതുവരെ 352 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍
- തിരുവനന്തപുരം സിറ്റി – 25, 64
- തിരുവനന്തപുരം റൂറല്‍ – 25, 157
- കൊല്ലം സിറ്റി – 27, 196
- കൊല്ലം റൂറല്‍ – 15, 150
- പത്തനംതിട്ട -18, 138
- ആലപ്പുഴ – 16, 124
- കോട്ടയം – 27, 411
- ഇടുക്കി – 4, 36
- എറണാകുളം സിറ്റി – 8, 74
- എറണാകുളം റൂറല്‍ – 17, 47
- തൃശൂര്‍ സിറ്റി – 12, 19
- തൃശൂര്‍ റൂറല്‍ – 22, 24
- പാലക്കാട് – 7, 89
- മലപ്പുറം – 34, 205
- കോഴിക്കോട് സിറ്റി – 18, 93
- കോഴിക്കോട് റൂറല്‍ – 29, 93
- വയനാട് – 7, 115
- കണ്ണൂര്‍ സിറ്റി – 26, 75
- കണ്ണൂര്‍ റൂറല്‍ – 9, 26
- കാസര്‍ഗോഡ് – 6, 61