KeralaNews

തലസ്ഥാനത്ത് സൂപ്പര്‍ സ്‌പ്രെഡ് തടയാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം:ജില്ലയില്‍ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്.

സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും അവരുമായി സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്റൈനിലാക്കുന്നതുമാണ്. ഇതുസംബന്ധിച്ച ഗൈഡ്‌ലൈന്‍ പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. എല്ലാ ദിവസവും യോഗം കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കുന്നതാണ്. രോഗബാധിത പ്രദേശങ്ങളില്‍ വിവിധ മാര്‍ഗങ്ങളിലൂടെ ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

നമ്മുടെ തൊട്ടുത്തുള്ള തമിഴ്‌നാട്ടില്‍ രോഗ വ്യാപനം കൂടുതലാണ്. കന്യാകുമാരി ജില്ലയില്‍ നിന്നുള്‍പ്പെടെ നിരവധിപേര്‍ പല ആവശ്യങ്ങള്‍ക്കും ചികിത്സയ്ക്കുമായി കേരളത്തില്‍ പതിവായെത്താറുണ്ട്. രോഗവ്യാപന സ്ഥലങ്ങളില്‍ നിന്നും ആള്‍ക്കാര്‍ എത്തുന്നത് രോഗ വ്യാപനത്തിന് കാരണമാകുന്നതിനാല്‍ നിരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്. അതിര്‍ത്തിക്കപ്പുറത്ത് നിന്നും വരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒ.പി. തുടങ്ങുകയും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുന്നതാണ്.

രോഗം വന്നാല്‍ പെട്ടെന്ന് ഗുരുതരമാകുമെന്നതിനാല്‍ വയോജനങ്ങള്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ ഓരോ കുടുംബവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അവരെല്ലാവരും റിവേഴ്‌സ് ക്വാറന്റൈന്‍ സ്വീകരിക്കേണ്ടതാണ്. ഒരു കാരണവശാലും ഇവര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങരുത്. ലോക് ഡൗണ്‍ മാറിയതോടെയാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയത്. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുകയും വേണം. വിട്ടുവീഴ്ചയുണ്ടായാല്‍ അതിഗുരുതരമായ അവസ്ഥയുണ്ടാകും. ഇനിയും കൈവിട്ട് പോകാതിരിക്കാന്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker