മലയാളത്തിൽ നിന്ന് കയ്പേറിയ അനുഭവങ്ങളുണ്ടായി; സിനിമ ഉപേക്ഷിക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് സുപര്‍ണ ആനന്ദ്
ന്യൂഡൽഹി: മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് കയ്പേറിയ അനുഭവങ്ങള്‍ നേരിടേണ്ടി വന്നത് കൊണ്ടാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന വെളിപ്പെടുത്തലുമായി നടി സുപര്‍ണ ആനന്ദ്. സ്ത്രീത്വത്തെ അപമാനിച്ച മുകേഷ്, എംഎല്‍എ സ്ഥാനം ഒഴിയണമെന്നും തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആര്‍ജ്ജവം മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉണ്ടാകണമെന്നും സുപര്‍ണ ആനന്ദ് പറഞ്ഞു. മലയാള സിനിമയില്‍ നിന്ന് ഉള്‍പ്പെടെ കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. പലതരത്തിലുള്ള സമ്മര്‍ദങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് നിന്നുകൊടുക്കാനാകാത്തതുകൊണ്ടാണ് സിനിമ തന്നെ വിടേണ്ടി വന്നതെന്നും സുപര്‍ണ ആനന്ദ് പറഞ്ഞു.
കാസ്റ്റിംഗ് കൗച്ചടക്കമുള്ള പ്രവണതകള്‍ അന്നേ സിനിമയിലുണ്ടെന്നും സുപര്‍ണ്ണ പറഞ്ഞു. ഉപദ്രവിച്ചവരുടെ പേര് പുറത്ത് പറയാന്‍ നടിമാര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ കേസെടുത്തിട്ട് പോലും എംഎല്‍എ സ്ഥാനത്ത് തുടരുന്ന മുകേഷിന്‍റെ നടപടി പരിഹാസ്യമാണ്. മുകേഷ് പദവി ഒഴിയണമെന്നും സുപര്‍ണ വ്യക്തമാക്കി. മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയുടെയും, മോഹന്‍ ലാലിന്‍റെയും മൗനം അമ്പരിപ്പിക്കുന്നുവെന്നും പരാജയമായതുകൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്ക്കേണ്ടി വന്നതെന്നും സുപര്‍ണ്ണ തുറന്നടിച്ചു.എല്ലാവരെയും ഉള്‍ക്കൊണ്ടുവേണം അമ്മയുടെ പുതിയ ഭരണ സമിതി മുന്‍പോട്ട് പോകാന്‍. സ്ത്രീകളും ഭരണസാരഥ്യത്തിലുണ്ടാകണം. കേരളത്തിലെ സംഭവങ്ങള്‍ ഭാഷാ ഭേദമില്ലാതെ ചലച്ചിത്ര മേഖലയുടെ നവീകരണത്തിനടയാക്കട്ടെയെന്നും സുപര്‍ണ്ണ പറഞ്ഞു.
വൈശാലി, ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ മനം കവര്‍ന്ന നടിയാണ് സുപര്‍ണ ആനന്ദ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനുശേഷം ആദ്യമായാണ് അവര്‍ അവരുടെ അനുഭവങ്ങള്‍ തുറന്നുപറയുന്നത്. കേവലം നാല് സിനിമകളിലൂടെ മലയാളിയുടെ മനസിലേക്ക് ചേക്കേറിയ സുപര്‍ണ പിന്നീട് പെട്ടെന്നാണ് സിനിമ തന്നെ ഉപേക്ഷിച്ച് പോകുന്നത്. വൈശാലിയും, ഞാന്‍ ഗന്ധര്‍വ്വനുമടക്കം സിനിമകള്‍ നല്‍കിയ താരപ്രഭയില്‍ നില്‍ക്കുമ്പോഴാണ് പെട്ടെന്ന് അപ്രത്യക്ഷമാകൽ. മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകളോടുള്ള അതിക്രമം ദേശീയ തലത്തിലും വലിയ ചര്‍ച്ചയാകുമ്പോഴാണ് തനിക്കും നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സുപര്‍ണ തുറന്ന് പറയുന്നത്.