കണ്ണില്ലാത്ത കൊടുംക്രൂരത; വീടിന് സമീപം കെട്ടിയിട്ടിരുന്ന പോത്തിനെ സാമൂഹ്യവിരുദ്ധര്‍ ആസിഡ് ഒഴിച്ച് പൊള്ളിച്ചു
കോതമംഗലം: വീടിന് സമീപം കെട്ടിയിട്ടിരുന്ന പോത്തിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചു. നാടുകാണി നിരപ്പേല്‍ മോളി തങ്കച്ചന്റെ പോത്തിനുനേരെയാണ് അജ്ഞാതരുടെ കൊടുംക്രൂരത. മുഖത്ത് ഉള്‍പ്പെടെ പൊള്ളലേറ്റ പോത്ത് അവശനിലയിലാണ്. മൃഗഡോക്ടറെ അറിയിച്ചിട്ട് സേവനം ലഭ്യമായില്ലെന്ന് ഉടമ പറയുന്നു. ആസിഡോ സമാനമായ മറ്റേതെങ്കിലും രാസവസ്തുവോ ആണ് പോത്തിന്റെമേല്‍ ഒഴിച്ചതെന്നാണ് വീട്ടുകാരുടെ സംശയം. പൊള്ളലേറ്റ് പോത്തിന്റെ മുഖത്തും തലയിലും കഴുത്തിലുമെല്ലാം തൊലി പൊളിഞ്ഞ് മാംസം കാണാം.
പതിവിന് വിപരീതമായി രാവിലെ പോത്തിന്റെ അസഹ്യമായ കരച്ചില്‍കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. ആക്രമണം നടത്തിയവരേക്കുറിച്ച് യാതൊരുവിധ സൂചനയുമില്ല. മൂന്ന് സെന്റ് ഭൂമിയില്‍ താമസിക്കുന്ന കുടുംബം രണ്ട് പോത്തുകളെ വീട്ടില്‍ നിന്ന് അല്‍പ്പം മാറി പാറപ്പുറത്താണ് കെട്ടിയിട്ടിരുന്നത്. ഇതില്‍ ഒരെണ്ണത്തിന് നേരെയാണ് ആക്രമണം നടന്നത്. ഗ്രാമപ്പഞ്ചായത്ത് പദ്ധതിപ്രകാരമാണ് ഇവര്‍ക്ക് പോത്തിനെ ലഭിച്ചത്.