25.4 C
Kottayam
Sunday, May 19, 2024

പുതുപ്പള്ളിയില്‍ അച്ചു ഉമ്മനോ ചാണ്ടി ഉമ്മനോ സ്ഥാനാർഥി? കുടുംബം നോ പറഞ്ഞാല്‍ സാധ്യത ഈ നേതാവിന്

Must read

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തില്‍ ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ഈ സാഹചര്യത്തില്‍ ആരായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ 50 കൊല്ലത്തിനിടക്ക് ഇതാദ്യമായിട്ടായിരിക്കും പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിനായി ആര് മത്സരിക്കും എന്ന ചോദ്യം ഉയരുക എന്നത് തന്നെയാണ് ഈ ഉപതിരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്.

കഴിഞ്ഞ 53 വര്‍ഷമായി പുതുപ്പള്ളി മണ്ഡലത്തിലെ എം എല്‍ എയായിരുന്നു ഉമ്മന്‍ ചാണ്ടി. കെ എം മാണിക്ക് പാലയെന്ന പോലെ ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന മണ്ഡലമാണ്. അതിനാല്‍ തന്നെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയായിരിക്കും പിന്‍ഗാമി വരിക എന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. മകന്‍ ചാണ്ടി ഉമ്മന് തന്നെയാണ് സാധ്യത കൂടുതലും.

എന്നാല്‍ മകള്‍ അച്ചു ഉമ്മന്റെ പേരും ആരും തള്ളിക്കളയുന്നില്ല. രാഹുല്‍ ഗാന്ധിയോടുള്ള അടുപ്പം, ഭാരത് ജോഡോ യാത്രയിലെ സജീവ പങ്കാളിത്തം, ഇതിനോടകം രാഷ്ട്രീയത്തില്‍ സജീവമാണ് എന്നതൊക്കെയാണ് ചാണ്ടി ഉമ്മന്റെ പ്ലസ് പോയന്റ്. എന്നാല്‍ ചാണ്ടി ഉമ്മനെ പാര്‍ലമെന്റിലെത്തിക്കണം എന്ന ആലോചനയും പാര്‍ട്ടിക്ക് ഉള്ളില്‍ ഉണ്ട്. അങ്ങനെയെങ്കില്‍ അച്ചു ഉമ്മന് നറുക്ക് വീഴാനാണ് സാധ്യത.

ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അച്ചു ഉമ്മനെ മത്സരിപ്പിക്കണം എന്ന നിലപാടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കുടുംബത്തിന്റേത് തന്നെയായിരിക്കും. ചാണ്ടി ഉമ്മനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനും അച്ചു ഉമ്മന്‍ മത്സരിക്കുന്നില്ല എന്ന തീരുമാനമെടുത്താലും മാത്രമെ കുടുംബത്തിന് പുറത്ത് നിന്നുള്ളയാള്‍ക്ക് നറുക്ക് വീഴാന്‍ സാധ്യതയുള്ളൂ.

അങ്ങനെ വന്നാല്‍ യു ഡി എഫ് ജില്ലാ കണ്‍വീനറും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായിരുന്ന ഫില്‍സണ്‍ മാത്യൂസിനാണ് മുന്‍ഗണന. സഭയുടെ പിന്തുണയും ഫില്‍സണിന് അനുകൂല ഘടകമായിരിക്കും. നിലവിലെ നിയമസഭയ്ക്ക് ഇനിയും രണ്ടര വര്‍ഷത്തെ കാലാവധിയുണ്ട്. അതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസ് ജാഗ്രതയോടെ തന്നെ നടത്താനാണ് സാധ്യത.

1967 ലും ഇ എം ജോര്‍ജിലൂടെ സി പി എം മണ്ഡലം നിലനിര്‍ത്തി. 1970 ല്‍ ആണ് ഉമ്മന്‍ ചാണ്ടിയുടെ വരവ്. അന്ന് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു ഉമ്മന്‍ ചാണ്ടി. സി പി എമ്മിന്റെ ഉറച്ച കോട്ടയായി മാറിക്കൊണ്ടിരുന്ന പുതുപ്പള്ളി 27 കാരനായ ഉമ്മന്‍ ചാണ്ടിയിലൂടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. അതിന് ശേഷം കോണ്‍ഗ്രസിനും ഉമ്മന്‍ ചാണ്ടിക്കും തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറച്ചത് എല്ലാവരേയും ഞെട്ടിച്ചു. 2016 ല്‍ 27092 വോട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജയമെങ്കില്‍ 2021 ല്‍ അത് 9044 ആയി കുറഞ്ഞു. ഇതാണ് സി പി എമ്മിന് പ്രതീക്ഷ നല്‍കുന്നത്. മണര്‍കാട് പഞ്ചായത്തില്‍ ആദ്യമായി ഉമ്മന്‍ ചാണ്ടി പിന്നില്‍പ്പോയതും ഈ തിരഞ്ഞെടുപ്പിലാണ്. എന്നാല്‍ ഉറച്ച മണ്ഡലം എന്നതിനൊപ്പം സഹതാപ തരംഗം കൂടി മുതലാക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week