കൊല്ലം: കുളത്തൂപ്പുഴയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമം വഴി വില്‍പ്പന നടത്തിയ ദമ്പതിമാരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായി പോലീസ് പുനലൂര്‍ കോടതിയില്‍ അപേക്ഷനല്‍കും. പുനലൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരിക്കും കേസില്‍ വിശദമായ അന്വേഷണം നടത്തുക.
15-കാരിയെ പീഡിപ്പിച്ച് ഇതിന്റെ ദൃശ്യങ്ങള്‍ വില്‍പ്പന നടത്തിയ സംഭവത്തില്‍ കുളത്തൂപ്പുഴ സാംനഗര്‍ കാഞ്ഞിരോട്ടുകുന്ന് വിഷ്ണുഭവനില്‍ വിഷ്ണു (33) ഭാര്യ സ്വീറ്റി (21) എന്നിവരെയാണ് കുളത്തൂപ്പുഴ പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. പതിനായിരം രൂപയോളം ദൃശ്യങ്ങള്‍ വിറ്റതിലൂടെ തനിക്ക് ലഭിച്ചെന്നാണ് വിഷ്ണു പോലീസിന് നല്‍കിയ മൊഴി. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസ് പരിശോധിക്കും. ആര്‍ക്കെല്ലാം ദൃശ്യങ്ങള്‍ വില്‍പ്പന നടത്തിയെന്ന് കണ്ടെത്താന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടും. ഇവരിലേക്കും അന്വേഷണമെത്തും.
വിദ്യാര്‍ഥിനിയായ 15-കാരിയെയാണ് വിഷ്ണു ലൈംഗികമായി പീഡിപ്പിച്ചത്. ഭാര്യ സ്വീറ്റിയുടെ സഹായത്തോടെ പീഡനദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് പിന്നീട് ഇന്‍സ്റ്റഗ്രാം വഴി ആവശ്യക്കാര്‍ക്ക് വില്‍ക്കുകയുമായിരുന്നു
ഇന്‍സ്റ്റഗ്രാം വഴിയാണ് വിഷ്ണു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അതിനിടെ ചെങ്ങന്നൂര്‍ സ്വദേശിനിയായ സ്വീറ്റിയെ ഇയാള്‍ വിവാഹം കഴിച്ചു. വീടുനിര്‍മാണം നടക്കുന്നതിനാല്‍ ഇയാള്‍ പെണ്‍കുട്ടിയുടെ വീടിനുസമീപം വാടകയ്ക്ക് താമസം ആരംഭിച്ചു. പിന്നീട് ട്യൂഷനെടുക്കാനെന്നപേരില്‍ പെണ്‍കുട്ടിയെ വാടകവീട്ടില്‍ എത്തിച്ചും പീഡിപ്പിച്ചു.
സ്വീറ്റി ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ഭര്‍ത്താവിനൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പങ്കാളിയായി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. കൂടാതെ വിഷ്ണുവും ഭാര്യയുമായുള്ള കിടപ്പറദൃശ്യങ്ങള്‍ പെണ്‍കുട്ടിയെക്കൊണ്ട് പകര്‍ത്തിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി ആവശ്യക്കാര്‍ക്ക് വില്‍ക്കുകയുംചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ സര്‍വീസ് അക്കൗണ്ട് തുറന്ന് ഇതുവഴിയാണ് ലൈംഗികദൃശ്യങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയിരുന്നത്. 500 മുതല്‍ 2,000 രൂപവരെ ഈടാക്കിയിരുന്നതായും പോലീസ് കണ്ടെത്തി.
സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി സഹപാഠിയോട് വെളിപ്പെടുത്തിയിരുന്നു. സഹപാഠി വിവരം അധ്യാപകരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.