News

Kuwait fire:അപകടം ഉറക്കത്തിനിടെ; 20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു,30 ഇന്ത്യക്കാർ ചികിത്സയിൽ

കുവൈത്ത് സിറ്റി: കുവൈത്തിനെ നടുക്കിയ ലേബര്‍ ക്യാമ്പ് തീപിടിത്തത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ തിക്കും തിരക്കും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേർ ചികിത്സയിലാണ്. അഞ്ച് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും പരിക്ക്

അൽ അദാൻ ആശുപത്രിയിൽ 30 ഇന്ത്യക്കാർ ചികിത്സയിലുണ്ട്. അൽ കബീർ ആശുപത്രിയിൽ ചികിത്സയിലുള്ളത് 11 പേരാണ്. 10 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഫർവാനിയ ആശുപത്രിയിൽ 6 പേർ ചികിത്സയിലുണ്ട്. 4 പേരെ ഡിസ്ചാർജ് ചെയ്‌തു.  പരിക്ക് പറ്റി ചികിത്സയിൽ ഉള്ളവർ മിക്കവരും ഇന്ത്യക്കാരാണ്. മുഴുവൻ സഹായവും നൽകുമെന്ന് അംബാസഡര്‍ അറിയിച്ചു. 

കുവൈത്തില്‍ തീപിടിത്തത്തില്‍ മരണപ്പെട്ടവര്‍ക്ക് യുഎഇ ആദരാഞ്ജലികൾ നേർന്നു. അതേസമയം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുത്തതായി റിപ്പോര്‍ട്ട്. മുതിർന്ന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്. 

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ അംബാസിഡർ അപകട സ്ഥലത്തേക്ക് പോയതായും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു മന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.

40-ലധികം മരണങ്ങളും 50-ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ടെന്നും അദ്ദേഹം എക്സില്ർ കുറിച്ചു. ‘വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ഇന്ത്യൻ അംബാസിഡർ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. മംഗഫിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ദാരുണമായി ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം. പരിക്കേറ്റവർക്ക് നേരത്തെ പൂർണ സുഖം പ്രാപിക്കാൻ ആശംസിക്കുന്നു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാവർക്കും ഞങ്ങളുടെ എംബസി പരമാവധി സഹായം നൽകും’, വിദേശകാര്യ മന്ത്രി എക്സിൽ കുറിച്ചു.

ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹ് അപകട സ്തളം സന്ദർശിച്ചിരുന്നു. തീപിടിത്തമുണ്ടായ കെട്ടിടത്തിൻ്റെ ഉടമയെയും കെട്ടിടത്തിൻ്റെ കാവൽക്കാരനെയും തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമയെയും വീട്ടുതടങ്കലിൽ വെക്കാൻ മന്ത്രി ഉത്തരവിട്ടു. തൻ്റെ അനുമതിയില്ലാതെ അവരെ ക്രിമിനൽ കോടതിയിൽ നിന്ന് മോചിപ്പിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു. മംഗഫിൽ ഇന്ന് പുലർച്ചെ നടന്ന സംഭവങ്ങളെ യഥാർത്ഥ ദുരന്തമെന്ന് മന്ത്രി വിശേഷിപ്പിച്ചു. കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹവും അതിമോഹവുമാണ് സംഭവത്തിന് കാരണമായതെന്ന് മന്ത്രി പറഞ്ഞു.

ഇത്തരം അപകടങ്ങൾ തടയുന്നതിന് റെസിഡൻഷ്യൽ കെട്ടിടങ്ങളിലെയും മറ്റ് സ്ഥലങ്ങളിലെയും കൈയേറ്റങ്ങൾ ഉടൻ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവ് നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിയമ ലംഘനങ്ങൾ പരിഹരിക്കാൻ നാളെ രാവിലെ വരെ അദ്ദേഹം ലംഘനം നടത്തുന്ന വസ്തുവകകളുടെ ഉടമകൾക്ക് സമയം നൽകി. അല്ലാത്തപക്ഷം മുൻകൂർ അറിയിപ്പ് കൂടാതെ മുനിസിപ്പാലിറ്റിയും നീക്കംചെയ്യൽ സംഘങ്ങളും അടിയന്തര നടപടി സ്വീകരിക്കും. പ്രോപ്പർട്ടി ഉടമകളുടെ അശ്രദ്ധ മൂലമുള്ള ഏതെങ്കിലും ലംഘനങ്ങൾ നാളെ രാവിലെ മുതൽ വേഗത്തിൽ പരിഹരിക്കുമെന്നും നിയമലംഘകരെ പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

കുവൈറ്റിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 49 പേരോളമാണ് മരിച്ചതായി ലഭിച്ചിരിക്കുന്ന വിവരം. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിനകത്ത് നിന്ന് 45 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നാല് പേർ ആശുപത്രിയിൽവെച്ച് മരിച്ചു. നിലവിൽ ആറ് മലയാളികൾ ഐസിയുവിൽ കഴിയുന്നതാണ് വിവരം. അപകടത്തിൽപ്പെട്ടവരിൽ തമിഴ്നാട് സ്വദേശികളുമുണ്ട്. ഇനിയും മരണ സംഖ്യ ഉയരാൻ സാധ്യതയുള്ളതായായാണ് വിവരം.

196 പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് മുഴുവൻ പേരേയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികൾ ഉറങ്ങികിടക്കുന്ന സമയത്താണ് ദുരന്തം ഉണ്ടായത്. തീ പടര്‍ന്നതിനെത്തുടര്‍ന്ന് രക്ഷപ്പെടാൻ കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അദാന്‍ ആശുപത്രി, ഫര്‍വാനിയ ആശുപത്രി, അമീരി ആശുപത്രി, മുബാറക്ക് ആശുപത്രി, ജാബിര്‍ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം.

കുവൈറ്റിലെ മംഗഫിൽ മലയാളികളടക്കം ഒട്ടേറെ പേര്‍ താമസിക്കുന്ന ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. തീപിടിത്തും ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആറുനിലയിലുള്ള കെട്ടിടത്തിൻ്റെ താഴെ നിലയിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button