NationalNewsNews

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് അപകടം; നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ബദ്രിനാഥ്: ഉത്തരാഖണ്ഡിൽ ബദ്രിനാഥിന് സമീപം മഞ്ഞുമല ഇടിഞ്ഞ് അപകടം. ചമോലി ജില്ലയിൽ ഇന്ദോ-ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള മാന ഗ്രാമത്തിലാണ് സംഭവം. റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 57 തൊഴിലാളികൾ മഞ്ഞിനടിയിലകപ്പെട്ടുവെന്നാണ് വിവരം. 16 പേരെ രക്ഷപ്പെടുത്തി സൈനിക ക്യാമ്പിലെത്തിച്ചു. പലരും ​ഗുരുതരാവസ്ഥയിലാണെന്നും വിവരമുണ്ട്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

ബദ്രിനാഥ് ധാമിന് മൂന്ന് കിലോമീറ്റർ അകലെ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാമ്പിന് സമീപമാണ് സംഭവം. കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളികൾ നേരിടുന്നതായി ബിആർഒ എക്‌സിക്യൂട്ടീവ് എൻജിനീയർ സി.ആർ. മീണയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ജില്ലാ ഭരണകൂടം, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), ബിആർഒ ടീമുകൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

57 തൊഴിലാളികൾ ഹിമപാതത്തിൽ കുടുങ്ങിയതായും അതിൽ 16 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വ്യക്തമാക്കി. എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞുവെന്നും എല്ലാവരെയും എത്രയും വേഗം രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോ​ഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഉത്തരാഖണ്ഡിലുൾപ്പെടെ അതിശക്തമായ മഴ (20 സെൻ്റീമീറ്റർ വരെ) ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) മുന്നറിയിപ്പ്. വെള്ളിയാഴ്ച രാത്രി വരെ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പരി​ഗണിച്ച് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളികൾ സൃഷ്ടിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker