അത്തരക്കാരെ കാണുന്നത് തന്നെ മമ്മൂക്കയ്ക്ക് ദേഷ്യമാണ്; പല ആളുകളും തോറ്റ് പോകുന്നത് അവിടെയാണ്: അബു സലിം
കൊച്ചി:മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ വിസ്മയമാണ് നടൻ മമ്മൂട്ടി. പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തോടെയും അതിനേയും വെല്ലുന്ന ഊർജത്തോടെയും ഇന്നും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് അദ്ദേഹം. കാലത്തിനനുസരിച്ച് അടിമുടി സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന നടൻ സിനിമ സ്വപ്‌നം ഏതൊരാൾക്കും വലിയ പ്രചോദനമാണ്. മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുന്ന ഏതൊരാളും അദ്ദേഹത്തിന്റെ അഭിനയത്തിനൊപ്പം തന്നെ പറയുന്ന ഒരു കാര്യമാണ് സൗന്ദര്യം.
വർഷങ്ങളായി തുടർന്ന് പോരുന്ന ചിട്ടയായ ഭക്ഷണ ശീലവും വ്യായാമവും ഒക്കെയാണ് നടനെ ഈ 71ാം വയസിലും നാല്പതുകാരന്റെ സൗന്ദര്യത്തോടെ നിലനിർത്തുന്നത്. ഭക്ഷണ കാര്യത്തിലൊക്കെ മമ്മൂട്ടി പുലർത്തുന്ന കണിശതയെ കുറിച്ച് മകൻ ദുൽഖർ സൽമാൻ അടക്കം പലപ്പോഴും വാചാലരായിട്ടുണ്ട്. ഒരിക്കൽ പോലും തന്റെ രീതികൾ മമ്മൂട്ടി തെറ്റിക്കാറില്ലെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയാറുള്ളത്.
ഇപ്പോഴിതാ, ആരോഗ്യം നന്നായി സൂക്ഷിക്കാത്തവരെ മമ്മൂട്ടിക്ക് ഇഷ്ടമല്ലെന്ന് പറയുകയാണ് നടൻ അബു സലിം. അതേസമയം ശരീരം നന്നായി സൂക്ഷിക്കുന്നവരെയും കുടുംബത്തെ നന്നായി പരിപാലിക്കുന്നവരെയും അദ്ദേഹത്തിന് വളരെ ഇഷ്ടമാണെന്നും അബു സലിം പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്കയെപ്പറ്റി എത്ര പറഞ്ഞാലും മതിയാകില്ല. കാരണം ഞങ്ങൾ തമ്മിലുള്ള ബന്ധം അങ്ങനെയാണ്. ഞാൻ ഇടക്ക് ഫിറ്റ്നസ്സിന്റെ കാര്യങ്ങൾ അദ്ദേഹത്തിന് പറഞ്ഞു കൊടുക്കാറുണ്ട്. അതൊക്കെ അതേപടി അനുസരിക്കുന്ന ഒരാളാണ് അദ്ദേഹം. നമുക്ക് ശരീരമുണ്ടെങ്കിലേ ബാക്കി എന്തും ചെയ്യാൻ കഴിയുകയുള്ളൂ. അത് ചെയ്യാത്തവരെ കാണുമ്പോൾ പുള്ളിക്ക് ദേഷ്യമാണ്. ശരീരം നോക്കുന്നവരെയും കുടുംബം നോക്കുന്നവരെയും അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്’,
‘അതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. സ്വയം സ്നേഹിച്ചാൽ മാത്രമാണ് നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ പറ്റൂ. അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം നന്നായി ഭക്ഷണം ഒക്കെ കഴിക്കുന്നതും ശരീരം നോക്കുന്നതും. മമ്മൂക്ക നല്ല ഭക്ഷണപ്രിയൻ ഒക്കെയാണ്. പക്ഷെ വളരെ കൺട്രോൾ ചെയ്തിട്ടാണ് കഴിക്കുന്നത്. വ്യായാമം വേണ്ട രൂപത്തിൽ ചെയ്യുകയും ചെയ്യും. ഫിറ്റ്നസ്സും സൗന്ദര്യവും അതുകൊണ്ടാണ് ഇപ്പോഴും നിലനിർത്തുന്നത്’
‘സൗന്ദര്യം അദ്ദേഹത്തിന് ദൈവം അറിഞ്ഞ് കൊടുത്തതാണ്. ദൈവം എല്ലാവർക്കും പല കഴിവുകളും കൊടുക്കും. അത് അതുപോലെതന്നെ നിലനിർത്തി കൊണ്ടുപോകാനാണ് പാട്. പല ആളുകളും തോറ്റുപോകുന്നത് അവിടെയാണ്. അങ്ങനെ സംഭവിക്കാതെ ഇപ്പോഴും നന്നായിത്തന്നെ അദ്ദേഹം ശരിരം പരിപാലിച്ച് പോകുന്നുണ്ട്’, അബു സലിം പറഞ്ഞു.
നടൻ കമൽ ഹാസനെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ സംസാരിച്ചു. ‘എനിക്ക് ഇനി ഒപ്പത്തിനൊപ്പം നിന്ന് ഫൈറ്റ് ചെയ്യണമെന്ന് ആഗ്രഹമുള്ള നടൻ ആണ് കമല ഹാസൻ. അദ്ദേഹത്തിന്റെ കൂടെ ഇതുവരെ അഭിനയിച്ചിട്ടില്ല. പക്ഷെ ഞങ്ങൾ തമ്മിൽ നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾ ജോണി വാക്കർ ചെയ്യുന്ന സമയത്ത് അദ്ദേഹം അവിടെ ശൃംഗാരവേലൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വന്നിട്ടുണ്ടായിരുന്നു.
തൊട്ടപ്പുറത്തെ ഫ്ലോറിൽ രജനികാന്തിന്റെ ചിത്രവും നടക്കുന്നുണ്ടായിരുന്നു. ഞാൻ അന്ന് അവിടെ ചെന്ന് കമൽ സാറിനെ പരിചയപ്പെട്ടു. അന്നുമുതലുള്ള ബന്ധം ഇപ്പോഴും നിലനിൽക്കുന്നുണ്ട്’, അബു സലിം പറഞ്ഞു.