താന്‍ ആദ്യമായി മത്സരിച്ചു ജയിച്ചത് താമര ചിഹ്നത്തിലാണെന്നു എ.പി അബ്ദുള്ളക്കുട്ടി വര്‍ഷങ്ങള്‍ക്കു മുമ്പേ തുറന്നു പറഞ്ഞിരിന്നു. അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയായ ‘നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി’ എന്ന പുസ്തകത്തിലാണ് ഈ തുറന്നെഴുത്ത്. അബ്ദുള്ളക്കുട്ടി ബി.ജെ.പി അംഗത്വം സ്വീകരിച്ചതിനു പിന്നാലെ പുസ്തകത്തിലെ വരികള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. കുട്ടിക്കാലത്ത് തെരഞ്ഞടുപ്പ് കളിയില്‍ താമര ചിഹ്നത്തില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്ത കഥയാണ് അബദുള്ളക്കുട്ടി പുസ്‌കത്തിലൂടെ വെളിപ്പെടുത്തുന്നത്.
അബ്ദുള്ളക്കുട്ടി താമര ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച കഥ അബ്ദുള്ളക്കുട്ടിയുടെ തന്നെ വരികളില്‍:
”ഞങ്ങളുടെ വീടിനു ചുറ്റും ധാരാളം കുട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ കൂട്ടുകാര്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. സീസണ്‍ അനുസരിച്ചാണ് ഞങ്ങള്‍ കളികള്‍ തെരഞ്ഞെടുത്തിരുന്നത്.
ഒരു തെരഞ്ഞെടുപ്പു കാലത്ത് ഞങ്ങള്‍ തെരഞ്ഞെടുത്ത കളി തെരഞ്ഞെടുപ്പായിരുന്നു. പരിസരത്തുള്ള പല പ്രായത്തില്‍ പെട്ട കുട്ടികള്‍ ഒരുമിച്ചുകൂടി വോട്ടര്‍ മാരായി. ചെമ്പരത്തിപ്പൂവ് ചിഹ്നത്തില്‍ ബഷീറും താമര ചിഹ്നത്തില്‍ ഞാനുമാണ് മത്സരിച്ചത്. രണ്ടു പെട്ടികളുണ്ടാക്കി അതിനു മുകളില്‍ താമരയുടേയും ചെമ്പരത്തിപ്പൂവിന്റെയും ചിത്രങ്ങള്‍ ഒട്ടിച്ചു വെച്ചു. കമ്മ്യൂണിസ്റ്റ്പച്ച ചെടിയുടെ ഇലയാണ് ബാലറ്റ് പേപ്പര്‍. വോട്ടെണ്ണിയപ്പോള്‍ എനിക്കായിരുന്നു ജയം.
കളിയാണെങ്കിലും ജീവിതത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പു വിജയം അതായിയിരുന്നു. വലിയ ഭൂരിപക്ഷത്തോടെ ജയിച്ച എന്നെ കുട്ടികള്‍ മാലയൊക്കെ അണിയിച്ച് വീട്ടുവളപ്പില്‍ നിന്നും ഇടവഴികളിലൂടെ ആനയിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്.