ഞാൻ സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ഇട്ടുതുടങ്ങിയത് ചേട്ടൻ വന്ന ശേഷമാണ്; മെയിൽ ഷോവനിസ്റ്റാണോ എന്ന പേടിയുണ്ടായി: ആരതി
കൊച്ചി:മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടാത്ത രണ്ടുപേരാണ് റോബിൻ രാധാകൃഷ്‍ണനും ഭാവി വധു ആരതി പൊടിയും. കുറച്ചു നാളുകൾക്ക് മുൻപ് വരെ സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞു നിന്നിരുന്ന താരജോഡികളാണ് ഇരുവരും. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഈ വർഷം അവസാനം വിവാഹം ഉണ്ടാകുമെന്നാണ് താരങ്ങൾ അറിയിച്ചിരിക്കുന്നത്.
അപ്രതീക്ഷിതമായി കണ്ടുമുട്ടി പ്രണയത്തിലായവരാണ് റോബിനും ആരതിയും. ബിഗ് ബോസ് മലയാളം സീസൺ 4ന് ശേഷം റോബിൻ വലിയ ജനപ്രീതിയിൽ നിൽക്കുമ്പോൾ ആയിരുന്നു ഇവർ തമ്മിൽ അടുക്കുന്നത്. അതിനു ശേഷം ഒരുപാട് വിമർശനങ്ങളും ട്രോളുകളും വന്നപ്പോഴും റോബിൻ വിവാദങ്ങളിൽ പെട്ടപ്പോഴെല്ലാം പിന്തുണയുമായി ആരതി ഒപ്പമുണ്ടായിരുന്നു. സംരംഭകയായ ആരതി പൊതുവേദികളിലും അഭിമുഖങ്ങളിലുമെല്ലാം റോബിനൊപ്പം എത്താറുണ്ട്.
ഇപ്പോഴിതാ ഇരുവരും ഒന്നിച്ചെത്തിയ മൈൽസ്റ്റോൺ മേക്കേഴ്സിന്റെ ഓണം സ്പെഷ്യൽ അഭിമുഖം ശ്രദ്ധനേടുകയാണ്. തങ്ങളുടെ ജീവിതത്തിലെ പുതിയ വിശേഷങ്ങളെല്ലാം ഇരുവരും പങ്കുവയ്ക്കുകയുണ്ടായി. റോബിൻ ജീവിതത്തിലേക്ക് വന്ന ശേഷമുള്ള മാറ്റങ്ങളെ കുറിച്ചും തന്റെ ജോലിയിൽ നൽകുന്ന പിന്തുണയെ കുറിച്ചുമൊക്കെ ആരതിയും സംസാരിച്ചു. തന്നെ ഒരുപാട് കെയർ ചെയ്യുന്നുണ്ടെന്നും തനിക്ക് ഇപ്പോൾ കുറച്ചുകൂടെ സമാധാനമുണ്ടെന്നും ആരതി പറഞ്ഞു.
‘എന്റെ സ്റ്റാഫുകൾ നോർത്ത് ഇന്ത്യക്കാരാണ്. രാത്രി എന്തെങ്കിലും ആവശ്യങ്ങൾക്ക് ഒക്കെ അവരുടെ അടുത്തേക്ക് പോകുമ്പോൾ റോബിൻ ചേട്ടനും ഒപ്പം വരും. എവിടെയും എന്നെ ഒറ്റയ്ക്ക് വിടില്ല. പേടിയാണ്. സേഫ്റ്റിയെ കുറിച്ചുള്ള പേടിയാണ്. റോബിൻ ചേട്ടനാണ് എന്നോട് ഇത്രയും കിടന്ന് കഷ്ടപ്പെടല്ലേ, കുറച്ച് റെസ്റ്റ് എടുക്ക് എന്ന് പറഞ്ഞിട്ടുള്ളത്. അങ്ങനെയൊന്നും പറയാൻ ആരും എന്റെ ജീവിതത്തിൽ മുൻപ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്കൊരു സമാധാനമുണ്ട്’,
‘പണ്ട് ഞാൻ സ്‌ട്രെസ് എടുത്ത് ചെയ്തിരുന്ന കാര്യങ്ങൾ രണ്ടുപേർക്ക് കൂടി ചെയ്യാൻ കഴിയുന്നുണ്ട്. രാത്രി അൽപം താമസിച്ചാൽ വിളിക്കാനൊക്കെ എനിക്ക് ഇപ്പോൾ ഒരാളായി. എന്റെ കുടുംബവും സുഹൃത്തുക്കളും ഇപ്പോൾ പാർട്ണറും എന്നെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്നവരാണ്. അതിൽ ഞാൻ ബ്ലെസ്ഡ് ആണ്’, ആരതി പൊടി പറഞ്ഞു.
റോബിൻ മെയിൽ ഷോവനിസ്റ്റ് ആണോയെന്ന പേടി തനിക്ക് ആദ്യം ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് താൻ കുറച്ചു നാൾ ടൈം സ്പെൻഡ് ചെയ്ത് നോക്കാമെന്ന് തീരുമാനിച്ചതെന്നും ആരതി തുറന്നുപറഞ്ഞു. ‘തുടക്കത്തിൽ ഒത്തിരിപ്പേർ എന്നോട് ആൾ ടോക്‌സിക്കാണ് എന്നൊക്കെ പറഞ്ഞിരുന്നു. ഇത്രയധികം സ്വപ്‌നങ്ങൾ ഉള്ള നീ ഇങ്ങനെയൊരാളെ നോക്കിയാൽ നിന്റെ എല്ലാ സ്വപ്നങ്ങളും അവിടെ അവസാനിക്കും എന്നൊക്കെ. അതുകൊണ്ടാണ് കുറച്ചു സമയം സ്പെൻഡ് ചെയ്ത് നോക്കാം എന്നൊക്കെ കരുതിയത്’,
‘ഇങ്ങനെ പറയുന്നത് എന്താണെന്ന് ഒക്കെ ഞാൻ വിചാരിച്ചിട്ടുണ്ട്. നേരത്തെ ഞാൻ സ്ലീവ്‌ലെസ് ഒന്നും ഇടാറില്ലായിരുന്നു. ഞാൻ സ്ലീവ്‌ലെസ് ഇട്ടു തുടങ്ങുന്നത് ചേട്ടൻ വന്നതിന് ശേഷമാണ്. എന്നെ കുറച്ചുകൂടെ മേക്കോവർ ചെയ്ത് എടുക്കുകയായിരുന്നു ആൾ’ ആരതി പൊടി പറഞ്ഞു. ആരതി വന്ന ശേഷം റോബിന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റം എന്താണെന്ന ചോദ്യത്തിന് ഹാപ്പി എന്നായിരുന്നു മറുപടി.
‘ഒറ്റ വാക്കിൽ പറഞ്ഞാൽ ഞാൻ ഹാപ്പിയാണ്. അതിൽ തന്നെ എല്ലാമുണ്ട്. എനിക്ക് ഓരോന്നായി എടുത്തെടുത്ത് പറയാനില്ല. ഞാൻ സന്തോഷവാനാണ്, സംതൃപ്തനാണ്. കാരണം പുള്ളിക്കാരിയുടെ പോസിറ്റീവ്‌സും നെഗറ്റീവ്‌സും മനസിലാക്കി, അംഗീകരിച്ചുകൊണ്ടാണ് ഞാൻ കല്യാണം കഴിക്കാൻ പോകുന്നത്. ഞാൻ ഇങ്ങനെ മാറണം, അങ്ങനെയേ ചെയ്യാവൂ, ഇന്നതെ ഇടാവൂ, അങ്ങനെയേ സംസാരിക്കാവൂ, എന്നൊന്നും ഞാൻ പറയാറില്ല. നിനക്കു ശരിയെന്ന് തോന്നുന്നത് ചെയ്യൂ. എന്നാണ് പറയാറുള്ളത്’, റോബിൻ പറഞ്ഞു.