ലിസ്ബൺ: ദശലക്ഷക്കണക്കിന് ഷിയാ ഇസ്മാഈലി വിശ്വാസികളുടെ ആത്മീയ ഗുരുവും കോടീശ്വരനും ജീവകാരുണ്യ പ്രവർത്തകനുമായ ആഗ ഖാൻ അന്തരിച്ചു. ഹാവാർഡ് സർവ്വകലാശാലയിൽ പഠിക്കുന്നതിനിടെ 20ാം വയസിലാണ് ആഗ ഖാൻ വിശ്വാസി സമൂഹത്തിന്റെ നേതൃത്വത്തിലേക്ക് എത്തിയത്. വികസ്വര രാജ്യങ്ങളിൽ വീടുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവ അടക്കമുള്ളവയുടെ നിർമ്മാണത്തിൽ സജീവമായ ആഗ ഖാൻ 88ാം വയസിലാണ് അന്തരിച്ചത്.
ഷിയാ ഇസ്മാഈലി വിശ്വാസികളുടെ 49ാമത്തെ നേതാവാണ് ആഗ ഖാൻ. ചൊവ്വാഴ്ച പോർച്ചുഗലിലെ ലിസ്ബണിൽ വച്ചായിരുന്നു അന്ത്യം. മൂന്ന് പുത്രൻമാരും ഒരു മകളുമാണ് ആഗ ഖാനുള്ളത്. പ്രിൻസ് കരീം ആഗ ഖാൻ എന്നായിരുന്നു ആഗ ഖാൻ അറിയപ്പെട്ടിരുന്നത്.
ബന്ധുക്കളുടെ സാന്നിധ്യത്തിൽ സമാധാനത്തോടെയുള്ള മരണം എന്നാണ് ആഗ ഖാൻ ഫൌണ്ടേഷനും ഇസ്മാഈലി നേതൃത്വവും വിശദമാക്കുന്നത്. സ്വിറ്റ്സർലാന്റിൽ ജനിച്ച ആഗ ഖാന് ബ്രിട്ടീഷ പൌരത്വമാണുള്ളത്. എലിസബത്ത് രാജ്ഞിയുമായും ചാൾസ് രാജാവുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു ആഗ ഖാൻ.
വികസ്വര രാജ്യങ്ങളിൽ നൂറ് കണക്കിന് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ആഗ ഖാൻ ഫൌണ്ടേഷൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്. ബഹാമാസിൽ സ്വകാര്യ ദ്വീപും സൂപ്പർ യാച്ചും പ്രൈവറ്റ് ജെറ്റും സ്വന്തമായുള്ള ആഗ ഖാൻ ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്.
15 ദശലക്ഷം മുസ്ലിം വിശ്വാസികളാണ് ഷിയാ ഇസ്മാഈലി വിഭാഗത്തിലുള്ളത്. ഇതിൽ 500000 പേർ പാകിസ്ഥാനിലാണ് ഉള്ളത്. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ആഫ്രിക്ക എന്നിവിടങ്ങളിലും ഷിയാ ഇസ്മാഈലി വിഭാഗത്തിലുള്ളവരുണ്ട്. 2008ലെ ഫോബ്സ് മാഗസിൻ കണക്കുകൾ അനുസരിച്ച് 801 മില്യൺ യൂറോ(ഏകദേശം87,29,28,19,800 രൂപ)യാണ് ആഗാ ഖാന്റെ സ്വത്ത്.