Aadujeevitham Movie Review:അവിസ്മരണീയം ആടുജീവിതം,നജീബായി പകര്‍ന്നാടി പൃഥിരാജ്! ബ്ലെസിയ്ക്ക് തുല്യം ബ്ലെസി മാത്രം
കൊച്ചി: മലയാളത്തില്‍ നിന്നുള്ള ലോകചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ കഴിയുന്നു.ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ കഴിയുമ്പോള്‍ കാത്തിരിപ്പുകളൊന്നും വെറുതേയായില്ല എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നത്…. നജീബിന്റെ ”ആടുജീവിതം” പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കണ്ണുനനയാതെ ഉള്ളൊന്നു പിടയാതെ ആര്‍ക്കും കണ്ടു തീര്‍ക്കാനാവില്ല ഈ കഥ. അത്രമേല്‍ നോവുണര്‍ത്തുന്ന രംഗങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ഓരോ പ്രേക്ഷനും അതിജീവനത്തിന്റെയും സഹനത്തിന്റെയും മികച്ച ആവിഷ്‌ക്കാരമാണ് സമ്മാനിക്കുന്നത്.
ബെന്യമിന്റെ പുസ്തകം നല്‍കുന്ന ആസ്വാദനത്തേക്കാള്‍ പത്തിരട്ടി ദൃശ്യമികവ് ബ്ലെസിയുടെ ആടു ജീവിതത്തിന് അവകാശപ്പെടാം. നജീബിനൊപ്പം ഓരോ കാഴ്ച്ചക്കാരനും ആ പൊള്ളുന്ന വെയിലില്‍ നോക്കെത്താ ദൂരത്ത് പരന്നുകിടക്കുന്ന മണല്‍ക്കാട്ടില്‍ ഒറ്റപ്പെട്ട അവസ്ഥയാണ് കണ്ടിരിക്കുന്ന പ്രേക്ഷകന് ഉണ്ടാകുന്നത്. സിനിമയുടെ ആദ്യപകുതി കഴിയുമ്പോള്‍ മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രേക്ഷകരുടെ് ചിന്തകള്‍ക്കതീതമായ ദൃശ്യാവിഷ്‌ക്കാരമാണ് സിനിമ സമ്മാനിക്കുന്നത്.
ഇതുവരെ നാം കണ്ടിട്ടില്ലാത്ത പൃഥ്വിരാജിനെയാണ് ആടുജീവിതം എന്ന ചിത്രത്തിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്. നജീബായുള്ള അഭിനയമല്ല പകര്‍നാട്ടം തന്നെയാണ് ഉണ്ടായിരിക്കുന്നത്. അതിനൊപ്പം ബ്ലെസ്സിയുടെ സംവിധാനം കൂടിയായപ്പോള്‍ ആടുജീവിതം പ്രേക്ഷക മനസ്സില്‍ തീരാ നോവായി മാറുന്നു. 16 വര്‍ഷത്തെ കഠിനാധ്വാനവും പ്രേക്ഷകരുടെ കാത്തിരിപ്പും വെറുതെയായില്ലെന്ന് നിസംശയം പറയാം. കണ്ണീരില്‍ കുതിര്‍ന്ന മണലില്‍ നിന്ന് പിറന്നത് ഒരു ക്ലാസിക് ചിത്രം തന്നെയാണ്.
ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ മലയാളത്തിന് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന പേരുകളില്‍ ഇനി പൃഥിരാജുണ്ടാവും. സിനിമയിലെ വൈകാരിക രംഗങ്ങളില്‍ പൃഥിയുടെ മുഖത്ത് നിറയുന്ന ഭാവപ്രകടനങ്ങളും വോയിസ് മോഡുലേഷനും പ്രേക്ഷകന്റെ കണ്ണ് നിറയ്ക്കും.ബ്‌ളെസ്സിയുടെ മുന്‍കാല ചിത്രങ്ങളെല്ലാം കാഴ്ചക്കാരന്റെ ഉള്ളുലുച്ചവ തന്നെയാണ്. ആടുജീവിതം അതിനുമപ്പുറം നമ്മെ നജീബിലേക്ക് അടുപ്പിക്കും. മരുഭൂമിയില്‍ അയാള്‍ അനുഭവിച്ച വേദനകളുടെയും നരകയാതനകളുടെയും കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും നനവ് അറിയാതെ തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങാന്‍ സിനിമാ ആസ്വാദകന് കഴിയുമെന്ന് അറിയില്ല.
പൃഥ്വിരാജിനൊപ്പം ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച രണ്ടുപേരാണ് ഹക്കിം, ആഫ്രിക്കക്കാരനായ സുഹൃത്ത് എന്നിവര്‍്. കെ.ആര്‍ ഗോകുലാണ് ഹക്കിമിനെ അവതരിപ്പിച്ചിട്ടുള്ളത്.അതിഗംഭീരമെന്ന്് ഗോകുലിന്റെ അഭിനയത്തെ വിശേഷിപ്പിക്കാം. ഇബ്രാഹിം ഖാദിരിയായി എത്തിയ ആഫ്രിക്കന്‍ വംശജനായ ജിമ്മി ജീന്‍ ലൂയിസും ഏല്‍പ്പിച്ച ജോലി മനോഹരമാക്കി. ക്രൂരനായ കഫീല്‍ താലിബ് അല്‍ ബാലുഷി, ശോഭ മോഹന്‍ തുടങ്ങിയവരും തങ്ങളുടെ വേഷം നന്നായി ചെയ്തു.
ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ തന്നെയാണ് ആടുജീവതത്തിനായി ഒരുമിച്ചത്. അതില്‍ ആദ്യപേരുകാരന്‍ എ.ആര്‍ റഹ്‌മാന്‍ എന്നാണ്. മിനുട്ടുകള്‍ക്ക് കോടികള്‍ പ്രതിഫലം വാങ്ങുന്ന റഹ്‌മാനെ എന്തിന് ബ്‌ളെസ്സി മലയാളത്തിലേക്ക് തിരികെ കൊണ്ടുവന്നു എന്നതിന്റെ ഉത്തരമാണ് സിനിമയുടെ പശ്ചാത്തല സംഗീതം. സുനില്‍ കെ.എസിന്റെ ക്യാമറാ അനുഭവം വാക്കുകള്‍ക്കതീതമാണ്. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണം, പ്രശാന്ത് മാധവിന്റെ കലാസംവിധാനം, ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗ് എന്നിവ ചേര്‍ന്നപ്പോള്‍ പിറന്നത് ഇന്ത്യന്‍സിനിമയിലെ ഏറ്റവും മികച്ച ദൃശ്യാനുഭവമാണ്.