
കല്‍പ്പറ്റ: കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ പാലക്കാട് സ്വദേശിനി പിടിയില്‍. പാലക്കാട് കോരന്‍ചിറ മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചനെ(28)യാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ച് ഇന്നലെയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. വയനാട് സ്വദേശിയായ യുവതിയെ പറ്റിച്ചാണ് അർച്ചന പണം തട്ടിയെടുത്തത്.
എറണാംകുളം ജില്ലയിലെ എളമക്കര സ്റ്റേഷനിലും അര്‍ച്ചന തങ്കച്ചനെതിരെ സമാന കേസുള്ളതായി പൊലീസ് പറഞ്ഞു. 2023 ഫെബ്രുവരി മാസത്തിലാണ് സംഭവം. മൊതക്കര സ്വദേശിനിയായ യുവതിയില്‍ നിന്നും കാനഡയിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് മൂന്നര ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
ഇടപ്പള്ളിയിലെ ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ എന്ന സ്ഥാപനം വഴി കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത്, ഇന്‍സ്റ്റഗ്രാം വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അർച്ചന കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് പരികയാണെന്നും പൊലീസ് അറിയിച്ചു.