KeralaNews

എം.ടി നട്ടെല്ലുള്ള എഴുത്തുകാരൻ, സഖാക്കൾക്ക് ഇനിമേൽ എം.ടി സാഹിത്യം വരേണ്യസാഹിത്യം- ജോയ് മാത്യു

കോഴിക്കോട്: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എഴുത്തുകാരൻ എം.ടി വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കുപിന്നാലെ ഫെയ്‌സ് ബുക്ക് പോസ്റ്റുമായി നടന്‍ ജോയ് മാത്യു. എം.ടി എന്ന എഴുത്തുകാരന്‍ ഉന്നത ശീര്‍ഷനാകുന്നത് അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങള്‍ ചരിത്രബോധത്തോടെ നേര്‍ക്ക് നേര്‍ നിന്ന് ചോദിക്കുന്നത് കൊണ്ടാണെന്ന് ‘എഴുത്തുകാരന്‍ എന്നാല്‍’ എന്ന ശീര്‍ഷകത്തിലുള്ള കുറിപ്പില്‍ ജോയ് മാത്യു പറയുന്നു.

‘പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എം.ടി സാഹിത്യം വരേണ്യസാഹിത്യം’ എന്ന് കുറിപ്പിൽ പരിഹസിക്കുന്നുമുണ്ട്. മലയാളത്തില്‍ നട്ടെല്ലുള്ള ഒരു എഴുത്തുകാരന്‍ ഉണ്ടെങ്കില്‍ അത് എം.ടിയാണെന്നും ജോയ് മാത്യു പറയുന്നു.

ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എം.ടി എന്ന എഴുത്തുകാരന്‍ ഉന്നത ശീര്‍ഷനാകുന്നത് അധികാരികള്‍ക്ക് മുന്‍പിന്‍ റാന്‍ മൂളിക്കിട്ടുന്ന പദവിയുടെ താല്‍ക്കാലിക തിളക്കങ്ങളിലല്ല, മറിച്ച് സര്‍വ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താല്‍ ജനങ്ങളില്‍ നിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങള്‍ ചരിത്രബോധത്തോടെ നേര്‍ക്ക് നേര്‍ നിന്ന് ചോദിക്കുന്നത് കൊണ്ടാണ്. സത്യമായും മലയാളത്തില്‍ നട്ടെല്ലുള്ള ഒരു എഴുത്തുകാരന്‍ ഉണ്ടെങ്കില്‍ അത് എം.ടിയാണ്. (പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എം.ടി സാഹിത്യം വരേണ്യസാഹിത്യം!)

അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടിയെന്നതുള്‍പ്പെടെയുള്ള വിമര്‍ശനങ്ങളായിരുന്നു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എം.ടി ഉന്നയിച്ചത്. ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം.

അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇ.എം.എസ്. സമാരാധ്യനും മഹാനായ നേതാവുമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പ്പത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ്. എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ടുതന്നെ. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവെച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണെന്നും എം.ടി. പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button