
മുംബൈ:രാത്രിയിൽ അപരിചിതരായ സ്ത്രീകൾക്ക് ‘നീ മെലിഞ്ഞവളാണ്, നല്ല സ്മാർട്ടാണ്, ഫെയറാണ്, എനിക്ക് നിന്നെ ഇഷ്ടമാണ്’ തുടങ്ങിയ സന്ദേശങ്ങൾ അയക്കുന്നത് അശ്ലീലമായി കണക്കാക്കുമെന്ന് മുംബൈ സെഷൻസ് കോടതി. നേരത്തെ കോർപറേഷനംഗമായിരുന്ന സ്ത്രീക്ക് വാട്ട്സാപ്പിൽ സന്ദേശം അയച്ചതിന് പിന്നാലെ കേസെടുത്തയാളുടെ ശിക്ഷ ശരിവച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം.
സമൂഹത്തിന്റെ ആദർശങ്ങൾക്ക് അനുസരിച്ച് ഒരു ശരാശരി മനുഷ്യന്റെ കാഴ്ച്ചപ്പാടിലൂടെ വേണം അശ്ലീലമെന്നതിനെ നോക്കിക്കാണാൻ എന്നാണ് അഡീഷണൽ സെഷൻസ് ജഡ്ജി (ഡിൻഡോഷി) ഡിജി ധോബ്ലെ പറഞ്ഞത്. രാത്രി 11 മണിക്കും പുലർച്ചെ 12.30 -നും ഇടയിൽ ‘നിങ്ങൾ സ്ലിം ആണ്, വളരെ മിടുക്കിയാണ്, നിങ്ങൾ സുന്ദരിയാണ്, എനിക്ക് 40 വയസാണ് പ്രായം, നിങ്ങൾ വിവാഹം കഴിച്ചതാണോ?’ തുടങ്ങിയ സന്ദേശങ്ങളാണ് പരാതിക്കാരിക്ക് ഇയാൾ അയച്ചിരിക്കുന്നത്. ഇത് കൂടാതെ ‘നിങ്ങളെ എനിക്ക് ഇഷ്ടമാണ്’ എന്നും അയച്ചിട്ടുണ്ട്.
സമൂഹത്തിൽ അറിയപ്പെടുന്നവരും നേരത്തെ കോർപറേറ്റർമാരും ആയിരുന്ന സ്ത്രീയെയും അവരുടെ ഭർത്താവിനെയും പോലെയുള്ള ആളുകൾക്ക് ഇത്തരം അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും സഹിക്കാൻ കഴിയില്ല. പരാതിക്കാരിയും സന്ദേശം അയച്ചയാളും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതിന് ഒരു തെളിവും ഇല്ല എന്നും കോടതി പറഞ്ഞു. ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന തരത്തിലുള്ളതാണ് ഇത്തരം സന്ദേശങ്ങൾ എന്നും കോടതി പറഞ്ഞു.
2022 -ലാണ് ഈ കേസിൽ കുറ്റക്കാരനാണ് എന്ന് കണ്ട് ഇയാളെ മജിസ്ട്രേറ്റ് കോടതി മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചത്. എന്നാൽ, ആ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് അയാൾ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിൻ്റെ പേരിൽ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ, സെഷൻസ് കോടതി ഈ ശിക്ഷ ശരി വയ്ക്കുകയായിരുന്നു.