തൃശൂര്‍: വഞ്ചിയൂരില്‍ സിപിഎം ഏരിയാ സമ്മേളനത്തിന് റോഡില്‍ സ്റ്റേജ് കെട്ടിയതിനെ ന്യായീകരിച്ച് പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്‍. ഗ്രൗണ്ട് കിട്ടാത്തതുകൊണ്ടാണ് റോഡ് വക്കില്‍ സ്റ്റേജ് കെട്ടിയത്. അപ്പോഴേക്കും കോടതിയില്‍ പോയി. അല്ലെങ്കില്‍ നാട്ടില്‍ ട്രാഫിക് ജാമില്ലേ എന്നും വിജയരാഘവന്‍ ചോദിച്ചു. സിപിഎം കുന്നംകുളം ഏരിയാസമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.
ഗ്രൗണ്ട് കിട്ടാത്തതുകൊണ്ട് റോഡ് വക്കത്ത് ഒരു സ്റ്റേജ് കെട്ടി. അതിന്റെ പേരില്‍ കേസെടുക്കാന്‍ സുപ്രീംകോടതിയില്‍ പോയി. അല്ലെങ്കില്‍ നാട്ടില്‍ ട്രാഫിക് ജാമില്ലേ? 10 കാര്‍ പോകാന്‍ എത്ര സ്ഥലം വേണം? ഇവരെല്ലാരും കൂടി കാറില്‍ പോകേണ്ട കാര്യണ്ടോ, നടന്ന് പോയാല്‍ പോരേ? പണ്ടൊക്കെ നമ്മള്‍ നടന്നുപോകാറില്ലേ? ഇത്ര വല്യ കാറ് വേണോ? ചെറിയ കാറില്‍ പോയാ പോരേ?. വിജയരാഘവന്‍ ചോദിച്ചു.
ഇവര്‍ ഏറ്റവും വലിയ കാറില്‍ പോകുമ്പോള്‍ അത്രയും സ്ഥലം പോകുവല്ലേ?. 25 കാറ് കിടക്കുമ്പോ ആലോചിക്കേണ്ടത് 25 കാറ് കിടക്കുന്നു എന്നല്ല, 25 ആള് കിടക്കുന്നു എന്നാണ്. ഞായറാഴ്ച തിരക്ക് കൂടുതലാണ്. അമ്മായിഅമ്മേനെ കാണാന്‍ പോകുവാണ്. വര്‍ത്താനം പറയാനും സല്ലപിക്കാനുമാണ് പലരും പോകുന്നത്. അത്യാവശ്യക്കാര്‍ കുറവായിരിക്കും. കാറില്‍ പോകുന്നതിന് ഞാന്‍ എതിരല്ല, എന്നാല്‍ പാവപ്പെട്ടവന് സമ്മേളനം നടത്താനും കുറച്ച് സ്ഥലം അനുവദിച്ചു തരണമെന്ന് വിജയരാഘവന്‍ പറഞ്ഞു.
സോഷ്യലിസ്റ്റ് സമൂഹത്തെ സൃഷ്ടിക്കാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ഈ നാടിന്റെ വിമോചനം സാധ്യമാക്കുകയാണ് ലക്ഷ്യം. കമ്മ്യൂണിസ്റ്റ് ജീവിതം പാവപ്പെട്ടവന് വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ്. സമൂഹത്തിന്റെ പൊതുബോധത്തെ പുരോഗമനപരമായി പരിവര്‍ത്തിപ്പിക്കാനുള്ള ചര്‍ച്ചകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തിലുണ്ടാവും. മരിച്ചുപോയാലുള്ള കാര്യം മാത്രമേ ചിലര്‍ പറയൂ. അവര്‍ ഇരുന്ന് ചര്‍ച്ച ചെയ്യുന്നത് നരകമെങ്ങനെ എന്നാണ്.
ഇന്ന് ആളുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടി. 20 കൊല്ലം കഴിഞ്ഞാല്‍ ശരാശരി ആയുസ് 100 ആവും. പിന്നെ ഒരു 25 വയസ്സ് കഴിഞ്ഞാല്‍ അത് 150 ആവും. അങ്ങനെ പോയാല്‍ പിന്നെ നരകത്തെ പേടിക്കേണ്ടിവരില്ല. ശാസ്ത്രപുരോഗതിയാണ് ഇതിനെല്ലാം കാരണമെന്നും വിജയരാഘവന്‍ പറഞ്ഞു.