മുംബൈ: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ടീം സെലക്ഷനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ടീമിന് ഒരു നായകനെ പാടുള്ളൂവെന്നും ഏഴ് ക്യാപ്റ്റന്‍മാരൊക്കെ ഉണ്ടായാല്‍ ഇങ്ങനെ തന്നെ സംഭവിക്കുമെന്നും ക്രിക് ബസിലെ ചര്‍ച്ചയില്‍ ജഡേജ പറഞ്ഞു.
ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഒരുപക്ഷെ രോഹിത് ശര്‍മയെ വേദനിപ്പിക്കും. ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ ഒരു ടീം കെട്ടിപ്പടുക്കുമ്പോള്‍ കുറഞ്ഞത് ഒരു കൊല്ലമെങ്കിലും ആ ടീം തുടര്‍ച്ചയായി ഒരുമിച്ച് കളിക്കണം. ഈ വര്‍ഷം എത്ര പരമ്പരകളിലാണ് രോഹിത് ശര്‍മ കളിച്ചത്. ഇതൊരു സൂചനയാണെന്നല്ല ഞാന്‍ പറയുന്നത്. പണ്ടുമുതലേ പറയുന്ന കാര്യം ആവര്‍ത്തിക്കുകയാണ്. ഇപ്പോഴിതാ ലോകകപ്പിനുശേഷം നടക്കുന്ന ന്യൂസിലന്‍ഡ് പരമ്പരയില്‍ പരിശീലകന്‍ പോലും പോകുന്നില്ല.
ടീമിന് ഒരു നായകനെ ഉണ്ടാവാന്‍ പാടുള്ളു. അല്ലാതെ ഏഴ് നായകന്‍മാരൊക്കെ ഉണ്ടായാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാണെന്നും ജഡേജ പറഞ്ഞു. ഈ വര്‍ഷം കളിച്ച ദ്വിരാഷ്ട്ര പരമ്പരകളില്‍ ഇന്ത്യ നിരവധി ക്യാപ്റ്റന്‍മാരെ പരീക്ഷിച്ചിരുന്നു. ജൂണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി20 പരമ്പരയില്‍ റിഷഭ് പന്താണ് ഇന്ത്യയെ നയിച്ചതെങ്കില്‍ ഇതിനുശേഷം അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയെ നയിച്ചത്. കെ എല്‍ രാഹുലും ജസ്പ്രീത് ബുമ്രയുമെല്ലാം ഇതിനിടയില്‍ ഇന്ത്യന്‍ നായകരായി.
ടി20 ലോകകപ്പില്‍ മോശം ഫോമിലായിരുന്ന രോഹിത് ആറ് ഇന്നിംഗ്സുകളില്‍ 19.33 ശരാശരിയില്‍ 116 റണ്‍സ് മാത്രമാണ് നേടിയത്. ദുര്‍ബലരായ നെതര്‍ലന്‍ഡ്സിനെതിരെ നേടിയ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് രോഹിത്തിന്‍റെ പേരിലുള്ളത്.ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന്‍റെ നാണംകെട്ട തോല്‍വിയായിരുന്നു ഇന്ത്യ ഇന്ന് വഴങ്ങിയത്.