![](https://breakingkerala.com/wp-content/uploads/2023/04/alappey-accident-car-mala-sasi.jpg)
ആലപ്പുഴ: സ്കൂളിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുംവഴി കാർ ഇടിച്ച് അധ്യാപിക തൽക്ഷണം മരിച്ചു. തുമ്പോളി മാതാ സീനിയർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കളർകോട് സനാതനപുരം കുഞ്ഞുപിള്ള നഗറിൽ ഹൗസ് നമ്പർ 113 കാർത്തിക ഭവനത്തിൽ മാലാ ശശിയാണ് (48) മരിച്ചത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ ബൈപാസ് മേൽപാലത്തിൽ കുതിരപ്പന്തി ഭാഗത്താണ് അപകടം. മറ്റ് 2 ബൈക്കുകളിലും ഇതേ കാറിടിച്ചു. ബൈക്കിൽ യാത്ര ചെയ്ത ദമ്പതികൾക്കു പരുക്കേറ്റു. ബൈക്ക് ഓടിച്ച ചമ്പക്കുളം പുത്തൻവെളിയിൽ ബിനു (40), ഭാര്യ ദീപ്തി (35) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ബൈക്കിൽ വന്ന യുവാവ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തെ തുടർന്ന് ഏറെ നേരം ബൈപാസിൽ ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഭർത്താവ് അനിൽകുമാർ (എയർ പോർട്ട്, ഷാർജ). മക്കൾ: അശ്വിൻകുമാർ (എൻജിനീയർ), അനീഷ് കുമാർ (രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥി, ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളജ്, കൊല്ലം).