കണ്ണൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ, സഹയാത്രികന്റെ കൈയിലിരുന്ന ചൂട് ചായ മറിഞ്ഞ് പൊള്ളലേറ്റ ഏഴു വയസുകാരന് പ്രാഥമിക ചികിത്സ പോലും നിഷേധിച്ചതായി കുട്ടിയുടെ അമ്മ. ടിടിഇയോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ലഭിച്ചില്ല. രണ്ടരമണിക്കൂര്‍ വൈകിയാണ് കുട്ടിക്ക് ചികിത്സ ലഭിച്ചതെന്നും കുട്ടിയുടെ അമ്മ പറയുന്നു. സംഭവത്തില്‍ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ പാലക്കാട് ഡിആര്‍എം, റെയില്‍വേ പൊലീസ് എന്നിവരോട് റിപ്പോര്‍ട്ട് തേടി.
ജനുവരി മൂന്നിനാണ് സംഭവം.ഇരുതുടകളിലും ഇടതുകൈയിലും ഗുരുതരമായി പൊള്ളലേറ്റ ഏഴുവയസുകാരന്‍ ചികിത്സയിലാണ്. തലശേരിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകാന്‍ മലബാര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നതെന്നും പരാതിയില്‍ പറയുന്നു. മംഗളൂരുവിലെ പല്ല് ഡോക്ടറെ കാണാനായിരുന്നു യാത്ര.
കണ്ണപുരം കഴിഞ്ഞപ്പോഴാണ് സംഭവം നടന്നത്. അടുത്തിരുന്നയാളുടെ കൈയിലെ ചായ കുട്ടിയുടെ ദേഹത്തേയ്ക്ക് മറിയുകയായിരുന്നു. പൊള്ളിയെന്ന് കണ്ടപ്പോള്‍ അമ്മ സഹായം തേടി. ഉടന്‍ തന്നെ ഓടിച്ചെന്ന് അമ്മ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി.
തുടര്‍ന്ന് സഹായം തേടി ടിടിഇമാരെ കാണാന്‍ എസ് സെവന്‍ കോച്ചില്‍ നിന്ന് എസ് വണ്‍ കോച്ച് വരെ പോയി. എന്നാല്‍ കുട്ടിക്ക് പ്രാഥമിക ചികിത്സ ലഭിക്കുന്നതിന് സഹായിക്കുന്നതിന് പകരം റിസര്‍വേഷന്‍ കോച്ചില്‍ കയറിയതിന് പിഴ ഈടാക്കാനായിരുന്നു അവര്‍ ധൃതി കാണിച്ചതെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു.
‘കുട്ടിയെ നോക്കുന്നതിന് പകരം, ടിക്കറ്റ് എവിടെ?, ആധാര്‍ കാര്‍ഡ് എവിടെ?, കുട്ടിക്ക് എത്ര വയസായി. ഏഴു വയസായ കുട്ടിക്ക് ടിക്കറ്റ് എടുത്തോ തുടങ്ങി ചോദ്യങ്ങളാണ് ചോദിച്ചത്. കുട്ടിക്ക് ടിക്കറ്റെടുക്കാത്തതിന് പിഴ ഞാന്‍ അടയ്ക്കാമെന്ന് പറഞ്ഞു. കുട്ടിക്ക് ചികിത്സയ്ക്കുള്ള ഏര്‍പ്പാട് ആദ്യം ചെയ്ത് തരാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. ടിടിഇ ഫൈന്‍ എഴുതുമ്പോള്‍ മറ്റുയാത്രക്കാര്‍ ചിരിക്കുകയായിരുന്നു. സഹയാത്രികര്‍ ആരും സഹായത്തിന് വന്നില്ല.’- കുട്ടിയുടെ അമ്മ പറയുന്നു.
തുടര്‍ന്ന് അടുത്ത സ്റ്റേഷനില്‍ ഇറങ്ങി. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതായും അമ്മ പറയുന്നു. ട്രെയിനില്‍ ഫസ്റ്റ് എയ്ഡ് ബോക്‌സ് കോച്ചുകളില്‍ ഇല്ല. ഗാര്‍ഡ് റൂമില്‍ മാത്രമാണ്. അവിടേയ്ക്ക് പോകാന്‍ ആയില്ല. ടിടിഇമാര്‍ അവിടെ എത്തിച്ചില്ലെന്നും കുട്ടിയുടെ അമ്മ ആരോപിക്കുന്നു. ടിടിഇമാര്‍ അടുത്ത സ്റ്റേഷനിലും കണ്‍ട്രോള്‍ റൂമിലും വിവരം അറിയിച്ചതായാണ് റെയില്‍വേയുടെ മറുപടി.