കൊച്ചി: മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാംപിൾ സർവ്വേ തുടരാമെന്ന് ഹൈക്കോടതി . എ വി രാമകൃഷ്ണ പിള്ള കമ്മീഷൻ ശുപാർശയിൽ ഉടൻ തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സാംപിൾ സർവേക്കെതിരെ എൻ എസ് എസ് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദ്ദേശം.
സമഗ്ര സർവെ നടത്തണമെന്നായിരുന്നു രാമകൃഷ്ണപിള്ള കമ്മീഷൻ ശുപാർശ. ഇത് സംബന്ധിച്ച റിപോർട്ട് ജനുവരി 31 ന് മുമ്പ് കോടതിയിൽ സമർപ്പിക്കണമെന്നാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. സാംപിൾ സർവേക്കെതിരെ എൻ എസ് എസ് നൽകിയ ഹർജി അടുത്ത മാസം 31 ന് വീണ്ടും പരിഗണിക്കും.
സാമ്പിൾ സർവേ സ്റ്റേ ചെയ്യണമെന്നും മുഴുവൻ കുടുംബങ്ങളേയും ആസ്പദമാക്കി സമഗ്ര പഠനം നടത്തണമെന്നുമുളള എൻ എസ് എസിന്‍റെ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഒരു വാർഡിലെ 5 കുടുംബങ്ങളെ കേന്ദ്രീകരിച്ചുളള നിലവിലെ കമ്മീഷന്‍റെ സാന്പിൾ സർവേ തെറ്റായ വിവരങ്ങൾ നൽകുമെന്നും മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ സാമ്പത്തികാവസ്ഥ സംബന്ധിച്ച് സമഗ്ര പഠനം വേണമെന്നുമായിരുന്നു സുകുമാരൻ നായരുടെ ഹർജിയിലെ ആവശ്യം.