മൂവാറ്റുപുഴ: സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും എതിരായ ആരോപണങ്ങളില്‍ അവരെക്കൊണ്ട് തന്നെ മറുപടി പറയിക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആരോപണങ്ങളുടെ രണ്ടാംഘട്ടം ഉടനുണ്ടാകും. തന്റെ പോരാട്ടം തുടരും, പിന്നോട്ടുപോവില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ മണ്ഡലത്തോട് സിപിഐഎം വൈരാഗ്യം കാട്ടുന്നു. തലയുയര്‍ത്തിപ്പിടിച്ച് തന്നെ മുന്നോട്ട് പോകു മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു. മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് ബ്ലോക് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മാത്യൂ കുഴല്‍നാടന്റെ മറുപടി.
താനൊരു മഹാസംഭവമാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്വയം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. മാത്യു കുഴല്‍നാടന്‍ പങ്കാളിയായ കെഎംഎന്‍പി ലോ എന്ന നിയമസ്ഥാപനം വക്കീല്‍ നോട്ടീസ് അയച്ചതിനെ കുറിച്ചാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
‘താനൊരു മഹാസംഭവമാണെന്ന് സ്വയം കരുതുക. എന്നിട്ട് അദ്ദേഹം കരുതും താന്‍ ചെയ്യുന്നതെല്ലാം നിയമവിധേയമായ കാര്യങ്ങളും ബാക്കിയുള്ളവരെല്ലാം മഹാ അഴിമതിക്കാരുമാണെന്ന്. അദ്ദേഹത്തോട് ഞാന്‍ ചോദിച്ച കാര്യം ഇപ്പോഴും ചോദിക്കുകയാണ്. സത്യവാങ്മൂലത്തിലെ വരുമാനവും സ്വത്തും തമ്മിലുള്ള ചേരായ്മയെക്കുറിച്ച് വിശദീകരിക്കൂ. എന്റെ സ്വത്തുക്കളെ സംബന്ധിച്ച കാര്യം വെളിപ്പെടുത്താന്‍ കുഴല്‍നാടനെ വെല്ലുവിളിക്കുന്നു. അപ്പോള്‍ ഞാന്‍ വിശദീകരിക്കാം. വക്കീല്‍ നോട്ടീസിന് നിയമപരമായി തന്നെ മറുപടി നല്‍കും. നമ്മളെ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട. ഞങ്ങളൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിട്ട് വര്‍ഷങ്ങളായതാണ്. കുഴല്‍നാടനെക്കാള്‍ രാഷ്ട്രീയ പാരമ്പര്യമുണ്ട്.’, സി എന്‍ മോഹനന്‍ പറഞ്ഞു.
സ്ഥാപനത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ചു നിരുപാധികം മാപ്പു പറയണമെന്നും അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചതിനു 2.5 കോടി രൂപ ഏഴ് ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതി അഭിഭാഷകനായ റോഹന്‍ തവാനി മുഖേന കെഎംഎന്‍പി ലോ വക്കീല്‍ നോട്ടീസയച്ചത്. കൊച്ചി, ഡല്‍ഹി, ബെംഗളൂരു, ഗുവാഹത്തി, ദുബായ് എന്നിവിടങ്ങളില്‍ ഓഫിസുകളുണ്ടെന്നും ഈ ഓഫിസുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ സി എന്‍ മോഹനന്‍ ആരോപിച്ചിരുന്നു.
എന്നാല്‍ തങ്ങള്‍ക്ക് ദുബായില്‍ ഓഫീസ് ഇല്ലെന്ന് വക്കീല്‍ നോട്ടീസില്‍ കെഎംഎന്‍പി ലോ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആരോപണം സ്ഥാപനത്തിന് മാനനഷ്ടവും ധനനഷ്ടവുമുണ്ടാക്കിയതായും വക്കീല്‍ നോട്ടീസില്‍ പറയുന്നു.