Crime

റിട്ടയേഡ് ജഡ്ജിക്കും ഭാര്യയ്ക്കും ഭക്ഷണത്തിൽ വിഷം കലർത്തി നൽകി, വീട്ടില്‍ കവര്‍ച്ച നടത്തി ജോലിക്കാരന്‍

ഫരീദാബാദ്: വിരമിച്ച ജഡ്ജിനും ഭാര്യയ്ക്കും ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ ശേഷം കവർച്ച നടത്തി വീട്ടുജോലിക്കാരൻ. യുവാവ് വീട്ടിൽ നിന്ന് ആഭരണങ്ങളും പണവുമായി കടന്നുകളയുകയായിരുന്നു. സെഷൻസ് ജഡ്ജിയായിരുന്ന വിരേന്ദ്ര പ്രസാദിന്‍റെ ഫരീദാബാദിലെ വീട്ടിലാണ് സംഭവം നടന്നത്. 

നേപ്പാൾ സ്വദേശിയായ രാജു ഥാപ്പയാണ് ദമ്പതികളുടെ ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി അബോധാവസ്ഥയിലാക്കിയത്. താൻ പല തവണ വിളിച്ചിട്ടും അച്ഛൻ ഫോണ്‍ എടുക്കാതിരുന്നതോടെ അയൽവാസിയായ ഡോക്ടറോട് പോയി നോക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് മകൻ പറഞ്ഞു. വീരേന്ദ്ര പ്രസാദ് ശർമയെയും ഭാര്യയെയും ബോധരഹിതരായ നിലയിലാണ് ഡോക്ടർ  കണ്ടത്. ഉടനെ ആംബുലൻസ് വിളിച്ച് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. ഇരുവരും അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു. 

വീട്ടിൽ നിന്ന് ആഭരണങ്ങളും പണവും സിസിടിവി റെക്കോർഡറുമായാണ് വീട്ടുജോലിക്കാരൻ കടന്നു കളഞ്ഞത്. ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. പ്രതിയെ പിടികൂടാൻ ക്രൈംബ്രാഞ്ച് ഉൾപ്പെടുന്ന മൂന്ന് ടീമുകൾ രൂപീകരിച്ചു.

എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും എൻഐടി പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള അനൂപ് സിംഗ് പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. 

സെപ്‌റ്റംബർ 30നാണ് വീരേന്ദ്ര പ്രസാദ് ശർമ സെഷൻസ് ജഡ്ജിയായി വിരമിച്ചത്. ഒക്‌ടോബർ അവസാനം മുതൽ ഭാര്യയ്‌ക്കൊപ്പം ഫരീദാബാദിലാണ് താമസം. നേപ്പാൾ സ്വദേശിയായ രാജു ഥാപ്പ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഈ വീട്ടിൽ ജോലിക്കെത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker