കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസുമായി കുട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. ഇടുക്കി വെൺമണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്പിൽ നിജോ തോമസ് (33), ഇരുപത്തിയാറാം മൈൽ പുൽപ്പാറ വീട്ടിൽ ബിനു പി പി ( 44) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.30 ഓടെ പേട്ട സ്കൂളിന് സമീപമായിരുന്നു അപകടം നടന്നത്.
കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപെട്ട ബിനു സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. നിജോ ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.
കോഴിക്കോട് രാമനാട്ടുകര ബൈപ്പാസില്‍ ലോറിയും ട്രാവലറും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ മറ്റൊരു അപകടത്തിൽ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. പാലാഴി ജംഗ്ഷനിലാണ് അപകടമുണ്ടായത്. ട്രാവലര്‍ ഡ്രൈവര്‍ ഇടുക്കി സ്വദേശി ഡെലിന്‍, പുരുഷോത്തമന്‍, കൊടകര സ്വദേശി കണ്ണന്‍, പാലക്കാട് സ്വദേശി സുജിത്ത്, നിലമ്പൂര്‍ സ്വദേശി ബുഷൈന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമനാട്ടുകര ഭാഗത്ത് നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ലോറിയും ട്രാവലറുമാണ് ആദ്യം കൂട്ടിയിടിച്ചത്. പിന്നാലെയെത്തിയ ഇന്നോവ നിയന്ത്രണം വിട്ട് ട്രാവലറിന്‍റെ പിന്നില്‍ ഇടിച്ചു കയറി. നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ വാഹനങ്ങളില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.