25.5 C
Kottayam
Sunday, May 19, 2024

സ്വകാര്യബസ് അപകടകരമായി ഓവര്‍ടേക്ക് ചെയ്തു,ഏറ്റുമാനൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം.ആവേ മരിയ ഡ്രൈവറും കണ്ടക്ടറും കസ്റ്റഡിയില്‍

Must read

ഏറ്റുമാനൂർ: അമിതവേഗതയിലെത്തിയ സ്വകാര്യ ബസിന്‍റെ ഓവർ ടേക്കിംഗ് ശ്രമത്തിനിടെ സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിക്ക് ദാരുണാന്ത്യം. ഏറ്റുമാനൂർ തവളക്കുഴി ജംഗ്ഷനിൽ ഇന്ന് രാവിലെ 9.45 മണിയോടെ ആയിരുന്നു അപകടം. എരുമേലി മുക്കട കൊച്ചുകാലായിൽ മനോഹരന്‍റെ മകൾ സനില (19) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന പിതൃ സഹോദര പുത്രൻ കൂത്താട്ടുകുളം സ്വദേശി രാജരത്ന(25)ത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൂത്താട്ടുകുളത്ത് നിന്നും എരുമേലിക്ക് പോകുകയായിരുന്നു ഇരുവരും.  സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു യുവതി. പിന്നാലെ അമിതവേഗതയിൽ എത്തിയ എറണാകുളം – കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ആവേ മരിയ ബസ്  മറികടക്കുന്നതിനിടെ സ്കൂട്ടറിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ യുവതിയുടെ തലയിൽ കൂടി ഇതേ ബസിന്റെ പിൻ ചക്രം കയറിയിറങ്ങുകയായിരുന്നു.

സംഭവ സ്ഥലത്തുതന്നെ യുവതിയുടെ മരണം നടന്നിരുന്നു. അപകടം നടന്നതറിഞ്ഞ് ഓടിച്ചു പോയ ബസ് ഏതാനും ദൂരെ മാറി പെട്രോൾ പമ്പിന് സമീപം നിർത്തിയ ശേഷം ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. എന്നാൽ ഇരുവരേയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഡ്രൈവർ നാട്ടകം സ്വദേശി മനു കെ ജയൻ, കണ്ടക്ടർ ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി ജിനോ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. റോഡിൽ പരന്ന രക്തവും തലച്ചോറിന്റെ അവശിഷ്ടങ്ങളും കോട്ടയത്ത് നിന്നെത്തിയ ഫയർഫോഴ്സ് സംഘം കഴുകി വൃത്തിയാക്കി. ഏറ്റുമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതേദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തൃശ്ശൂര്‍ പെരിഞ്ഞനം മൂന്നുപീടികയിൽ കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചു. ശ്രീനാരായണപുരം പള്ളിനട സ്വദേശി  മുഹമ്മദ് അഷ്‌റഫ് (58) , ഭാര്യ താഹിറ (50) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ മൂന്നു പീടികയിലെ ബാങ്കിന് മുൻപിലായിരുന്നു അപകടം. ബന്ധുവിന്‍റെ മരണാനന്തരചടങ്ങിന് പോകും വഴിയായിരുന്നു അപകടം.

ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് സ്‌കൂട്ടറിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week